നമ്മുടെ കുഞ്ഞുങ്ങള്‍ വളരേണ്ടത് കുരിശിന്റെ വഴിയിലൂടെ

രമ്യ മാത്യു

അമ്പതു നോമ്പിലൂടെയും ഉപവാസത്തിലൂടെയും തീര്‍ത്ഥാടനകേന്ദ്രങ്ങളിലെ കുരിശുമല കയറിയുള്ള പ്രാര്‍ത്ഥനയിലൂടെയും ഒക്കെ ഈശോയുടെ പീഢാനുഭവ ചൈതന്യത്തില്‍ എത്തിനില്‍ക്കുന്നവരാണ് നമ്മള്‍. എല്ലാ പീഢനങ്ങള്‍ക്കും സങ്കടങ്ങള്‍ക്കുമപ്പുറം ഒരു സന്തോഷം ഉണ്ടെന്നുള്ള വലിയ പ്രത്യാശ നല്‍കുന്ന ഉയിര്‍പ്പുതിരുനാളിനായി ഒരുങ്ങുന്നവര്‍.

നമ്മുടെ കുഞ്ഞുങ്ങളെയും ഈശോയുടെ കുരിശിന്റെ വഴികളിലൂടെ വേണം വളര്‍ത്തുവാന്‍. ഇന്ന് പത്രങ്ങളിലൂടെ നമ്മള്‍ കാണുന്നത് എന്തിന്, അയല്‍വക്കത്തെ വീട്ടില്‍ പോലും നടക്കുന്നത് നിസ്സാരകാര്യങ്ങള്‍ക്കു വേണ്ടി ജീവന്‍ കളയുന്ന കുഞ്ഞുങ്ങളുടെ മുഖമാണ്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കളിപ്പാട്ടം കിട്ടാത്തതുകൊണ്ട് 7-ാം ക്ലാസ്സുകാരന്‍ ആത്മഹത്യ ചെയ്യുന്നു. മറ്റുള്ളവരുടെ മുമ്പില്‍ വച്ച് ഇന്‍സല്‍ട്ട് ആയപ്പോള്‍ അത് താങ്ങാതെ കുഞ്ഞുങ്ങള്‍ ആത്മഹത്യ ചെയ്യുന്നു.

ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്നത് നമ്മുടെ കുഞ്ഞുങ്ങളുടെ മുഖമാണ്. കുഞ്ഞുങ്ങളെ ഒന്നു വഴക്കു പറയാന്‍, ‘അതു വേണ്ട’ എന്നു ശാസിക്കാന്‍ ഇന്ന് മാതാപിതാക്കള്‍ക്കു പേടിയാണ്. മക്കള്‍ പറയുന്നതിനു മുന്നേ അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്നവരോ, അവര്‍ ആരുടെ മുന്നിലും തലകുനിക്കരുത് എന്ന് ആഗ്രഹിച്ച് എന്തും ചെയ്തുകൊടുക്കുന്നവരോ ആണ് മാതാപിതാക്കള്‍. അതുകൊണ്ടു തന്നെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വിഷമങ്ങളും സങ്കടങ്ങളും അറിയില്ല. അഥവാ സങ്കടങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെപോകുന്നു.

കുരിശിന്റെ വഴികളിലെ ഓരോ പീഢയും ഓരോ അനുഭവമാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ പിച്ചവച്ചു തുടങ്ങുമ്പോള്‍ മുതല്‍ അവര്‍ മണ്ണിലൂടെ നടന്നു പഠിക്കട്ടെ. അവന്റെ കുഞ്ഞിപ്പാദങ്ങള്‍ ചെറുതായി വേദനിക്കട്ടെ. അത് അവന് ഒരു അനുഭവമാണ്. കാര്‍ട്ടൂണ്‍ കാണാതെ ചോറുണ്ണില്ല എന്ന് വാശി പിടിക്കുമ്പോള്‍ ഒരുനേരം കുഞ്ഞ് വിശന്നുറങ്ങട്ടെ എന്നു കരുതണം.

ഇങ്ങനെയുള്ള ചെറിയ ചെറിയ അനുഭവങ്ങള്‍ വളര്‍ന്നുവരുമ്പോള്‍ തന്നെ അവരിലുണ്ടാകണം. ഈശോയുടെ പീഢാനുഭവങ്ങളിലൂടെ പ്രാര്‍ത്ഥിച്ചു നടക്കുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങളേയും ചേര്‍ത്തുനിര്‍ത്തണം. ക്രിസ്തു അനുഭവിച്ച പീഢാനുഭവങ്ങള്‍ അവരുടെ മനസ്സിലും പതിപ്പിക്കുവാന്‍ നമ്മള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അങ്ങനെ വളര്‍ന്നുവരുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകളെ ഈശോയുടെ പീഢാനുഭവങ്ങളോട് ചേര്‍ത്തുനിര്‍ത്തുവാനും അപ്പോള്‍ അത് നിസ്സാരങ്ങളായി കാണുവാനും അവര്‍ക്കു കഴിയും. ഈശോയുടെ പീഢാനുഭവങ്ങളെക്കുറിച്ച് ധ്യാനിച്ചു കടന്നുപോകുന്ന ഈ കാലഘട്ടത്തില്‍ ഈശോയുടെ കുരിശിന്റെ വഴിയിലെ പതിനാലു സ്ഥലങ്ങള്‍ പതിനാല് അനുഭവങ്ങളായി മാറണം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്. അതിലൂടെ അവരുടെ ജീവിതങ്ങള്‍ അനുഗ്രഹീതമാകണം.

രമ്യ മാത്യു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.