“നിങ്ങൾ പ്രാർത്ഥിക്കുക”: പരസ്യമായ കറുത്ത കുർബാനയ്‌ക്കെതിരെ മുന്നറിയിപ്പുമായി ഒട്ടാവ ആർച്ച്ബിഷപ്പ്

കാനഡയിൽ ഇന്നു രാത്രി ആദ്യമായി പരസ്യമായ കറുത്ത കുർബാന നടത്താനൊരുങ്ങുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ഒട്ടാവ ആർച്ച്ബിഷപ്പ് ടെറൻസ് പ്രെൻഡർഗാസ്റ്റ്. കാനഡയുടെ ചരിത്രത്തിലാദ്യമായാണ് പരസ്യമായ കറുത്ത കുർബാന നടക്കുന്നത്. ഇതിൽ വിശ്വാസികളും സഭാനേതൃത്വവും ഒരുപോലെ ആശങ്കാകുലരാണ്.

“എന്റെ ആശങ്ക, ഞങ്ങളുടെ ജനങ്ങളുടെ വിശ്വാസത്തെക്കുറിച്ചാണ്. ഇതുമൂലം കുർബാനയോടുള്ള അവരുടെ സ്നേഹത്തിനും വിശ്വാസത്തിനും കുറവ് സംഭവിക്കുമോ എന്ന ആശങ്കയിലാണ് ഞാൻ. ഇത്തരം ആചാരങ്ങൾ കത്തോലിക്കാ സഭയെ മനഃപൂർവ്വം അപമാനിക്കുന്നതാണ്. കത്തോലിക്കാ സഭയുടെ കൂദാശകൾ പരസ്യമായി അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം സംഭവങ്ങൾ സമൂഹമധ്യത്തിലേയ്ക്ക് എത്തുമ്പോൾ വൈദികരും സഭാവൃത്തങ്ങളും ജാഗ്രത പാലിക്കണം. വിശുദ്ധ കുർബാന സ്വീകരിക്കുന്നത് യഥാർത്ഥ വിശ്വാസികൾ മാത്രമാണെന്നും അത് ഭക്തിപൂർവ്വം അവർ സ്വീകരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം” – ബിഷപ്പ് മുന്നറിയിപ്പ് നൽകി.

ഈ അവസരത്തിൽ, ഇന്ന് രാവിലെ നടന്ന വിശുദ്ധ കുർബാന ഇത്തരം തിന്മകളെ ഇല്ലാതാക്കുന്നതിനായി പ്രത്യേകം സമർപ്പിച്ചുകൊണ്ട് ബിഷപ്പ് അർപ്പിച്ചു. ഒപ്പംതന്നെ വിശ്വാസികൾ ജാഗരൂഗതയോടെ ആയിരിക്കുവാനും തീക്ഷ്ണമായി പ്രാർത്ഥിക്കുവാനും ബിഷപ്പ് ആവശ്യപ്പെട്ടു. “ആസൂത്രണം ചെയ്യപ്പെടുന്ന ആത്മീയ തിന്മകൾക്കെതിരെ നാം പരിഹാര പ്രാര്‍ത്ഥന നടത്തേണ്ടതുണ്ട്. ദൈവം, ഈ ദൈവദൂഷണ പദ്ധതിയെ കൃപയുടെ അവസരമാക്കി മാറ്റും” – ബിഷപ്പ് വിശ്വാസികളെ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.