അഫ്ഗാനൊപ്പം നമ്മൾ ഓർമ്മിക്കേണ്ട മറ്റു വിഷയങ്ങൾ

ഈ ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് അഫ്ഗാനിസ്ഥാനിലെ താലിബാൻ അധിനിവേശവും അതിനെത്തുടർന്നുണ്ടായ സാമൂഹിക- മാനുഷിക- രാഷ്ട്രീയ പ്രതിസന്ധിയുമെല്ലാമാണ്. ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാത്ത, എന്നാല്‍ അടിയന്തര ശ്രദ്ധ ആവശ്യമുള്ള വളരെ പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങളാണ് ചുവടെ ചേർക്കുന്നത്.

വിശപ്പ്

എത്യോപ്യയിലെ ടൈഗ്രെ മേഖല, യെമൻ, ദക്ഷിണ സുഡാൻ, വടക്കൻ നൈജീരിയ എന്നിവിടങ്ങളിൽ അടുത്ത മൂന്നു മാസത്തിനുള്ളിൽ 23 ആഗോള ഹങ്കർ ഹോട്ട്സ്പോട്ട് ഉണ്ടാകുമെന്നു യു എൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ഇടങ്ങൾ ദുരന്ത സാഹചര്യങ്ങൾ നേരിടേണ്ടിവരുമെന്നും ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാട്ടുന്നു. ആവശ്യമായ സഹായങ്ങൾ നൽകിയില്ലെങ്കിൽ അടുത്ത 90 ദിവസത്തിനുള്ളിൽ നാല് ലക്ഷം ആളുകൾ പട്ടിണിയും മരണവും നേരിടേണ്ടി വരുമെന്ന് യു എൻ ഭക്ഷ്യ- കൃഷി സംഘടനയും വേൾഡ് ഫുഡ് പ്രോഗ്രാമും അറിയിച്ചു. അവരുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ എത്യോപ്യയാണ് ഒന്നാമതുള്ള രാജ്യം.

ദക്ഷിണ സുഡാനിൽ ഒരു കത്തോലിക്കാ ബിഷപ്പ് ഉൾപ്പെടെ മൂന്നു ക്രിസ്ത്യൻ നേതാക്കൾ സംഘർഷഭരിതമായ രാജ്യത്ത് ശാശ്വത സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

തീവ്രവാദവും മതപീഡനവും

പൊന്തിഫിക്കൽ സംഘടനയായ, എയ്ഡ് റ്റു ദി ചർച്ച് ഇൻ നീഡ് ഈ വർഷം ആദ്യം പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് അഫ്ഗാനിസ്ഥാനിൽ മാത്രമല്ല ലോകമെമ്പാടും മതപരമായ അക്രമങ്ങൾ വളരുകയാണ്. ലോകത്തിലെ ഭൂരിഭാഗം ജനങ്ങളും മതസ്വാതന്ത്ര്യം ലംഘിക്കുന്ന രാജ്യങ്ങളിലാണ് ജീവിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളായ ചൈന, ഇന്ത്യ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനങ്ങൾ നടക്കുന്നു എന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

പാക്കിസ്ഥാനിലെ ലൈംഗികാധിക്രമങ്ങളും നിർബന്ധിത മതപരിവർത്തനവും, നൈജീരിയയിൽ ബോക്കോ ഹറാം തീവ്രവാദികൾ നടത്തുന്ന അക്രമങ്ങളും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നെങ്കിലും ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ, പ്രത്യേകിച്ച് ഉപ- സഹാറ, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലെ പുരോഗമന തീവ്രവാദം (radicalization) ആഗോള ശ്രദ്ധ നേടുന്നതിൽ പരാജയപ്പെട്ടു. ബുർക്കീന ഫാസോ, കാമറൂൺ, ചാഡ്, മോറോസ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മാലി, മൊസാംമ്പിക് എന്നീ രാജ്യങ്ങളിലുൾപ്പെടെ 42 ശതമാനം ആഫ്രിക്കൻ രാജ്യങ്ങളിലും മതപീഡനങ്ങളും കൂട്ടക്കൊലകളും ജിഹാദിസ്റ്റ് ഗ്രൂപ്പുകളുടെ വൻവർധനവാണ് ഉണ്ടായിരിക്കുന്നത്.

“താലിബാന്റെ അന്താരാഷ്ട്ര അംഗീകാരം ചെറിയ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾക്ക് കൂടുതൽ ആകർഷണം ഉണ്ടാക്കും. അൽ- ക്വായ്ദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയവയുടെ ചരിത്രപരമായ രൂപീകരണത്തിനുമപ്പുറത്തുള്ള മത ഭീകരവാദ വിഭാഗങ്ങളുടെ ഒരു പുതിയ സമൂഹം പോലും സൃഷ്ടിക്കപ്പെടും,” -എ സി എൻ എക്സിക്യൂട്ടീവ് പ്രസിഡന്റ് തോമസ് ഹെയ്ൻ പറഞ്ഞു. ലോകമെമ്പാടുമുള്ള സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ അവരുടെ രാജ്യത്ത് നടപ്പിലാക്കുന്ന മത സ്വാതന്ത്ര്യത്തിന്റെ ലംഘനത്തെക്കുറിച്ചും അദ്ദേഹം അപലപിച്ചു. ക്രൈസ്തവരും മറ്റു ന്യൂനപക്ഷ സമുദായങ്ങളും അടിച്ചമർത്തലുകൾ നേരിടുന്ന സാഹചര്യങ്ങൾ കൂടുതലാകും.

സ്ത്രീകൾക്കെതിരായ അതിക്രമം

2020 -ലെ കണക്കുകൾ പ്രകാരം ലാറ്റിനമേരിക്കയിൽ ഓരോ രണ്ടു മണിക്കൂറിലും സ്ത്രീയെന്ന കാരണം കൊണ്ട് ഒരാൾ കൊല്ലപ്പെടുന്നു. ഒരു സ്ത്രീ എന്ന നിലയിൽ ജീവിക്കാൻ ബുദ്ധിമുട്ടുള്ള ലോകത്തിലെ ഏറ്റവും അപകടകരമായ ഒരു പ്രദേശമായി മാറിക്കൊണ്ടിരിക്കുകയാണിവിടം. പ്രത്യേകിച്ച് എൽ സാൽവദോറിൽ. 2019 -ൽ പനാമ സന്ദർശന വേളയിൽ ഫ്രാൻസിസ് മാർപ്പാപ്പ സ്ത്രീകളുടെ സംരക്ഷണത്തിന് രാഷ്ട്രീയ നേതാക്കൾ മുൻ‌തൂക്കം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലാറ്റിനമേരിക്കൻ നേതാക്കളോട് അഴിമതി ഒഴിവാക്കാനും കൂട്ടം ചേർന്നുള്ള അക്രമങ്ങൾ, മയക്കുമരുന്ന് കടത്ത്, സ്ത്രീകളുടെ കൊലപാതകം എന്നിവ ഒഴിവാക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

നയതന്ത്ര ബന്ധങ്ങളുടെ അഭാവവും മാനുഷിക സഹായങ്ങളുടെ ശോചനീയാവസ്ഥയും

അഫ്ഗാനിസ്ഥാനിൽ നിന്ന് യു എസ് സൈന്യം പിൻവാങ്ങാൻ തുടങ്ങിയപ്പോൾ താലിബാൻ വേഗത്തിൽ അധികാരം പിടിച്ചെടുത്തു. അതോടൊപ്പം തന്നെ വിവിധ രാജ്യങ്ങളുടെ എംബസികളും അടപ്പിച്ചു. രാജ്യങ്ങൾ അവരുടെ നയതന്ത്രജ്ഞരെ തിരികെ വിളിച്ചു. സ്ഥിതി മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ്, ബ്രിട്ടൻ, ജർമനി, കാനഡ, സ്വീഡൻ, ഡെന്മാർക്ക്, നോർവെ, ഓസ്‌ട്രേലിയ, സ്‌പെയിൻ എന്നിവയെല്ലാം തങ്ങളുടെ പൗരൻമാരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനോടൊപ്പം എംബസികൾ അടയ്ക്കാനും ഉത്തരവിട്ടു. ഇത് ഈ രാജ്യങ്ങളെ സഹായിച്ചുകൊണ്ടിരുന്ന ആയിരക്കണക്കിന് അഫ്ഗാൻ പൗരൻമാരുടെ ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ്. കാരണം കഴിഞ്ഞ 20 വർഷത്തിനിടെ പാശ്ചാത്യ രാജ്യങ്ങളെ സഹായിച്ചവരെ താലിബാൻ വീടുതോറും അന്വേഷിച്ചു നടക്കുകയാണ്.

സിറിയയിലെ സ്ഥിതിയും സമാനമാണ്. 2012 -ൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഡസൻ കണക്കിന് എംബസികൾ അടച്ചു. ഒരു ഘട്ടത്തിൽ രാജ്യത്തെ വത്തിക്കാൻ അംബാസഡർ കർദ്ദിനാൾ മാരിയോ സെനാരി മാത്രമേ അവിടെ അവശേഷിച്ചിരുന്നുള്ളൂ. ചില രാജ്യങ്ങൾ കോൺസുലർ സേവനങ്ങൾ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ഫ്രാൻസ്, ഇറ്റലി, ജർമനി, യു കെ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഉൾപ്പെടെ മിക്കവയും അടച്ചിട്ടിരിക്കുകയാണ്. പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടാത്ത നയതന്ത്ര പ്രാതിനിധ്യത്തിന്റെ അഭാവം സംഘർഷത്തിൽ പലായനം ചെയ്യുന്നവരെ മാത്രമല്ല, ആ രാജ്യത്ത് സേവനം ചെയ്യുന്ന അന്തരാഷ്ട്ര എൻ ജി ഒ കൾ, വിദേശ പ്രൊഫഷനലുകളായ ഡോക്ടർമാർ, നഴ്‌സുമാർ, സൈക്കോളജിസ്റ്റുകൾ എന്നിവരെയും ബാധിക്കുന്നു.

ആയുധ വ്യാപാരം

ആയുധങ്ങൾ നിർമ്മിക്കുന്നവർക്ക് തങ്ങളെ ക്രിസ്ത്യാനികൾ എന്ന് വിളിക്കാനാവില്ലെന്നു പറഞ്ഞുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ ആയുധങ്ങളോടുള്ള വത്തിക്കാന്റെ നിലപാട് ലോകത്തെ അറിയിച്ചിരുന്നു. കൂടാതെ, ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന പല യുദ്ധങ്ങൾക്കും പിന്നിൽ യൂറോപ്യൻ, യു എസ് ആയുധ വ്യവസായമാണെന്നു 2019 -ൽ പാപ്പാ കുറ്റപ്പെടുത്തിയിരുന്നു. യെമൻ, സിറിയ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞത് “അവരുടെ പക്കൽ ആയുധങ്ങൾ ഇല്ലെങ്കിൽ അവർ യുദ്ധം ചെയ്യില്ല” എന്നായിരുന്നു. പരാമർശിക്കപ്പെട്ട മൂന്നു രാജ്യങ്ങൾക്കും ആയുധങ്ങൾ നിർമ്മിക്കാനുള്ള ശേഷിയില്ല. അതുകൂടാതെ സംഘർഷങ്ങൾ നിലനിൽക്കുന്ന മിക്ക ആഫ്രിക്കൻ രാജ്യങ്ങൾക്കും ഇല്ല. അതൊക്കെയും തന്നെ യു എസ്, യൂറോപ്പ് അല്ലെങ്കിൽ ചൈനയിൽ നിർമ്മിച്ചവയാണ്.

“ഓരോ കുട്ടിയുടെയും ജനങ്ങളുടെയും മരണവും കുടുംബങ്ങളുടെ തകർച്ചയുമെല്ലാം ആയുധങ്ങൾ നിർമ്മിക്കയുന്നവരുടെയും വിൽക്കുന്നവരുടെയും വിവേചനാധികാരത്തിൽ ഉൾപ്പെടുന്നു” -പാപ്പാ പറഞ്ഞു.

മുകളിൽ പറഞ്ഞ വിഷയങ്ങളൊക്കെയും അന്താരാഷ്ട്ര ശ്രദ്ധ കൊടുക്കേണ്ട കാര്യങ്ങളാണ്. ഒരേ സമയം വിവിധ തരത്തിലുള്ള പ്രതിസന്ധികളുടെ കടന്നുപോകുന്ന ലോകത്തിനുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.