പാപ്പായുടെ വസതിയിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു

ഫ്രാൻസിസ് മാർപാപ്പയുടെ വസതിയിലെ ഒരു വ്യക്തിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി കാത്തലിക് ന്യൂസ് ഏജൻസി റിപ്പോട്ട് ചെയ്തു. ലക്ഷണം ഇല്ലെങ്കിലും രോഗം സ്ഥിരീകരിച്ച വ്യക്തിയെ കാസ സാന്താ മാർത്തയിൽ നിന്നും മാറ്റിയതായി വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പ്രസ്താവനയിൽ പറഞ്ഞു. കാസ സാന്താ മാർത്തയിലാണ് മാർപാപ്പാ താമസിക്കുന്നത്.

പരിശുദ്ധ പിതാവും വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റും പുറപ്പെടുവിച്ച ചട്ടങ്ങൾ പാലിക്കുന്നത് തുടരുകയാണെന്നും കാസ സാന്താ മാർത്തയിൽ താമസിക്കുന്നവരുടെ ആരോഗ്യം നിരീക്ഷിക്കുന്നുണ്ട് എന്നും ബ്രൂണി അറിയിച്ചു. കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസ് ബാർത്തലോമിവും മറ്റു ക്രിസ്ത്യൻ, മുസ്ലീം, ജൂത, സിഖ്, ബുദ്ധമത നേതാക്കളും പങ്കെടുത്ത ഒരു ഇന്റർഫെയിത്ത് പ്രാർത്ഥനാ സമ്മേളനത്തിൽ ഇന്നലെ ഫ്രാൻസിസ് പാപ്പാ പങ്കെടുത്തത് മാസ്ക് ധരിച്ചായിരുന്നു. ഒരു പൊതു പരിപാടിക്ക് വേണ്ടി ആദ്യമായാണ് പാപ്പാ മാസ്ക് ധരിക്കുന്നത്.

കൊറോണ വൈറസ് കേസുകളുടെ രണ്ടാം തരംഗം ഇറ്റലിയിൽ ശക്തമായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ വാർത്ത. ഒക്ടോബർ 18 -ന് രാജ്യത്ത് 11,705 പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സ്വിസ് ആർമിയിൽ 11 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.