ഒറീസ മിഷന്‍ 26: ജാതിമതഭേദമന്യേ മരണത്തിൽ ഒന്നിച്ചു കൂടുന്ന ഒറീസയിലെ ഗോത്രവർഗക്കാർ

ജാതിമതഭേദമന്യേ മരണത്തിൽ ഒന്നിച്ചു കൂടുന്ന ഒറീസയിലെ ഗോത്രവർഗക്കാർ

ഒറീസയിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ വളരെയേറെ ആശ്ചര്യത്തോടെ നോക്കി കണ്ട അനുഭവമാണ് ഗ്രാമത്തിലെ ഒരാൾ മരിച്ചാൽ അവരുടെ കൂട്ടായ്മയും പ്രവർത്തനങ്ങളും. ഏതെങ്കിലും ഒരു ഗ്രാമത്തിൽ ഒരാൾ മരിച്ചാൽ അത് ഏത് ജാതിയിലും മതത്തിലും പെട്ടവർ ആയിക്കൊള്ളട്ടെ, ആ ഗ്രാമത്തിലും അതോട്  ചേർന്നുകിടക്കുന്ന മറ്റ് ഗ്രാമങ്ങളിലും ഉള്ളവർ ഒന്നിച്ചു കൂടുകയും പരേതരുടെ കുടുംബത്തെ ആശ്വസിപ്പിക്കുകയും ശുശ്രൂഷകൾ കഴിയുന്നതുവരെ അവരെല്ലാം ഒന്നിച്ചിരുന്ന് പ്രാർത്ഥിച്ചു ഒന്നിച്ച് ഭക്ഷണം ഉണ്ടാക്കി കഴിച്ചു പരേതന്റെ ആത്മാവിനോടും കുടുംബത്തോടും ഉള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നു.

അതിനുശേഷവും ഏതാനും ദിവസങ്ങൾ അവർ എല്ലാവരും ഒന്നിച്ച് ആയിരിക്കുകയും അവരുടെ സ്നേഹവും കൂട്ടായ്മയും ഒന്നിച്ച് പാകം ചെയ്യുന്നത് വഴി ആയിട്ടും പ്രാർത്ഥിക്കുന്നത് വഴിയായിട്ടും മരണാനന്തര ക്രിയകൾ ചെയ്യുന്നതുവഴി ആയിട്ടും പ്രകടിപ്പിക്കുന്നു. ഏതെങ്കിലും വ്യക്തികൾ തമ്മിൽ എന്തെങ്കിലും വൈരാഗ്യമോ വിദ്വേഷമോ ഉണ്ടെങ്കിലും അതെല്ലാം മറന്ന് അവർ ഒന്നിച്ചിരിക്കാൻ തയ്യാറാകുന്നു. ഏത് ജാതിയിലും മതത്തിലും പെട്ടവർ ആയിക്കൊള്ളട്ടെ മറ്റൊരു അവസരത്തിലും ഒന്നിച്ചു വരുവാനോ ഒന്നിച്ച് ഭക്ഷണം കഴിക്കുവാനോ അവർ ഒരിക്കലും തയ്യാറാകാത്തവരാണ്. എന്നാൽ മരണ അവസരങ്ങളിൽ മാത്രം അവർ ഒന്നിച്ചു വരികയും മറ്റെല്ലാം മറന്ന് പരസ്പരം പങ്കുവയ്ക്കുകയും ചെയ്യുന്നു.

ഈ ഒന്നുചേരലിനും പങ്കുവയ്ക്കലിനും ശേഷം വീണ്ടും പഴയതുപോലെ തന്നെ പല ഗ്രാമക്കാരായി പല ഗോത്രക്കാർ ആയി എപ്പോഴും പകയോടും വിദ്വേഷത്തോടെയും കൂടി ജീവിക്കുന്നത് കാണാം. എന്തുകൊണ്ടാണ് എന്ന് ചോദിക്കുമ്പോൾ അവർ പറയുന്ന ഉത്തരം മരിച്ചവരെ ബഹുമാനിക്കുകയും പകയും വിദ്വേഷവും വ്യത്യാസവും കാണിക്കാൻ പാടില്ല എന്നുമാണ്. പ്രിയപ്പെട്ടവരെ ആശ്ചര്യത്തോടെ… അത്ഭുതത്തോടെ കാണുന്ന അനേകം ജീവിതരീതികൾ ഇവർക്കിടയിലുണ്ട്. ദൈവിക മൂല്യങ്ങൾ നൽകിക്കൊണ്ട് സ്വർഗ്ഗരാജ്യം ലക്ഷ്യമാക്കി ജീവിക്കുവാൻ അവരെ ഒരുക്കുകയാണ് ഇന്ന് മിഷനറിമാർ ചെയ്യുന്നത്.

അസാധാരണ പ്രേക്ഷിത മാസത്തിന്റെ ഇരുപത്തിയാറാം ദിനമായ ഇന്ന് ഒറീസ മിഷനു വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം നമ്മുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു സഹനം.. വേദന.. അത് എന്റെ വിശുദ്ധികരണത്തിനു ദൈവമാണ് നൽകിയത് എന്ന് ഓർത്ത് നന്ദി പറഞ്ഞുകൊണ്ട് സന്തോഷത്തോടെ മിഷൻ പ്രവർത്തനങ്ങളുടെ വിജയത്തിന് വേണ്ടി സമർപ്പിക്കാം.

MST ODISHA MISSION
Cuttack
09937262676