ഒറീസ മിഷൻ 24: മലയാളം സംസാരിക്കുന്ന ഒറീസക്കാർ

മലയാളം സംസാരിക്കുന്ന ഒറീസക്കാർ

ഒറീസയിലെ പല ഗ്രാമങ്ങളിലൂടെയും സഞ്ചരിക്കുമ്പോൾ കാണാൻ കഴിയുന്ന ഒരു പ്രതിഭാസമാണ് മലയാളം സംസാരിക്കുന്ന ഒറീസക്കാർ. ഒറീസയിലെ പ്രകൃതിക്ഷോഭവും വരൾച്ചയും 2008ലെ കലാപവും ഇവിടെ നിന്നുള്ളവരെ പുറത്തേക്ക് ജോലി അന്വേഷിച്ച് പോകുവാൻ പ്രേരിപ്പിച്ചു. ഫലമായി അനേകം പേർ ഇന്ന് കേരളത്തിൽ ജോലി ചെയ്യുന്നുണ്ട്. അവിടെപ്പോയി മലയാളം പഠിച്ച് ജോലി ചെയ്തു തിരിച്ചു വന്ന അനേകരെ ഇന്ന് ഗ്രാമങ്ങളിൽ കാണാൻ സാധിക്കും. ഇവരുടെ സാന്നിധ്യം മിഷണറി മാരായ ഞങ്ങൾക്ക് വളരെ സഹായകമാണ്.

കേരളസഭയുടെ ശൈലിയും പാരമ്പര്യവും കാണുകയും കേൾക്കുകയും മനസ്സിലാക്കുകയും ചെയ്ത ഇവർ നമ്മുടെ സുവിശേഷ പ്രഘോഷണത്തെ പെട്ടെന്ന് മനസ്സിലാക്കുവാനും അത് മറ്റുള്ളവരിലേക്ക് എത്തിക്കുവാനും സഹായിക്കുന്നു. കേരളത്തിൽ വന്ന് ജോലിചെയ്തതു വഴിയായി താങ്കളുടെ തന്നെ ജീവിതശൈലിയും ജീവിതരീതികളും കൂടുതൽ പരിപോഷിപ്പിക്കാനും ജീവിതനിലവാരം വളർത്തുവാനും സഹായകമായി. പ്രിയപ്പെട്ടവരെ ഇത് പറയുന്നത് വഴിയായി ഇന്ന് കേരളത്തിൽ അനേകം ഒറീസാക്കാർ ജോലി ചെയ്യുന്നുണ്ട്. അവരിൽ സുവിശേഷം അറിയിക്കാൻ സാധിക്കുകയാണെങ്കിൽ തീർച്ചയായും അവർ തിരിച്ചു വരുമ്പോൾ അവരുടെ ഗ്രാമത്തിൽ അവരുടെ സഹോദരങ്ങൾക്കിടയിൽ അവൻ അറിഞ്ഞു അനുഭവിച്ച, നമ്മൾ പങ്കുവെച്ച യേശുവിന്റെ സ്നേഹം പങ്കുവെയ്ക്കുവാൻ ഇടയായി കൊള്ളും. പലപ്പോഴും കേരള ജനതയെ പറ്റിയും നമ്മുടെ സമൂഹത്തെ പറ്റിയും വേദനയോടെ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത് കേൾക്കുവാൻ ഇടയായിട്ടുണ്ട്.

പ്രിയപ്പെട്ടവരെ നമ്മുടെ കൂടെ ആയിരിക്കുന്നവർ, ഏതു മതത്തിൽ പെട്ടവരും ആയിക്കൊള്ളട്ടെ, ഏതു ഭാഷ സംസാരിക്കുന്നവർ ആയിക്കൊള്ളട്ടെ നമുക്ക് യേശുവിന്റെ സ്നേഹം പകർന്നു കൊടുക്കാം. നാം അറിഞ്ഞോ അറിയാതെയോ അതൊരു സുവിശേഷപ്രഘോഷണം ആയി മാറാൻ ഇടയുണ്ട്. അങ്ങനെ കേരളത്തിൽനിന്ന് അനുഭവിച്ച സ്നേഹവും കാരുണ്യവും വാത്സല്യവും സുവിശേഷവും തന്റെ ഗ്രാമത്തിൽ പകർന്നുകൊടുക്കുന്ന മലയാളം സംസാരിക്കുന്ന ഒറിയക്കാരെ കൂടുതൽ കാണാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

അസാധാരണ പ്രേക്ഷിത മാസത്തിന്റെ ഇരുപത്തി നാലാം ദിനമായ ഇന്ന് നമ്മോടോപ്പം ജോലിചെയ്യുന്ന നമുക്കറിയാവുന്ന എന്നാൽ യേശുവിനെ അറിഞ്ഞിട്ടില്ലാത്ത ഒരാളോട് എങ്കിലും യേശുവിന്റെ സുവിശേഷത്തെ പറ്റി പറയാൻ ശ്രമിക്കുകയും, ഒറീസയിലെ പ്രേഷിതപ്രവർത്തിന്റെ വിജയത്തിനായി ഒരു കൊന്ത ചെല്ലി സമർപ്പിക്കുകയും ചെയ്യാം.

MST ODISHA MISSION
Cuttack
09937262676