ഒറീസ മിഷൻ 19: ഒറീസയിലെ ഗോത്രവർഗ്ഗക്കാർക്കിടയിലെ മനോഹരമായ ആചാരങ്ങൾ

ഒറീസയിലെ ഗോത്രവർഗ്ഗക്കാർക്കിടയിലെ മനോഹരമായ ആചാരങ്ങൾ

പ്രേക്ഷിത പ്രവർത്തനത്തിന്റെ സാധ്യതകൾ മനസ്സിലാക്കുവാൻ ഗ്രാമങ്ങൾ തോറും സഞ്ചരിച്ചപ്പോൾ വളരെയേറെ ആശ്ചര്യം തോന്നിയ ഒരു ആചാരമാണ്, ആദ്യമായി ഒരു ഗ്രാമത്തിൽ പ്രവേശിക്കുമ്പോൾ ആ ഗ്രാമത്തിലെ പ്രമുഖരായ ഒരാൾ നമ്മുടെ കാലുകൾ കഴുകി സ്വീകരിക്കുക എന്നത്. ആദ്യമായി ഒരു ഗ്രാമത്തിലെക്ക് പ്രവേശിക്കുമ്പോൾ ആ ഗ്രാമവാസികൾ എളിമയോടും സ്നേഹത്തോടും അതിനേക്കാൾ ഉപരിയായി അതിഥിയായ് വന്ന നമ്മളെ ദൈവത്തിനു സമാനമായി കാണുന്നതുകൊണ്ടാണ് നമ്മുടെ കാലുകൾ കഴുകി അവർ സ്വീകരിക്കുന്നത്. പ്രവേശിക്കുന്നതിനു തൊട്ടുമുൻപ് ഗ്രാമത്തിലുള്ളവർ എല്ലാം ഒത്തുചേർന്ന് ആ ഗ്രാമത്തിന്റെ കവാടത്തിങ്കൽ വാദ്യമേളങ്ങളോടെ സ്വീകരിക്കുന്നു.

ഗോത്രവർഗ്ഗക്കാരുടെ പ്രത്യേകമായ രീതിയിലുള്ള നൃത്തച്ചുവടുകളോടെ നമ്മെ ഗ്രാമത്തിലേക്ക് ആനയിച്ച് പ്രവേശിച്ചു കഴിയുമ്പോൾ കുരണ്ടി എന്ന ഒരു വസ്തു നമുക്ക് മുൻപിൽ വയ്ക്കുന്നു. നമ്മളോട് അതിൽ കയറി നിൽക്കാൻ വേണ്ടി അവർ ആവശ്യപ്പെടുകയും അതിനുശേഷം ആ ഗ്രാമത്തിലെ പ്രമുഖയായ ഏതെങ്കിലും ഒന്നോ രണ്ടോ സ്ത്രീകൾ ചേർന്ന് നമ്മുടെ കാലുകൾ കഴുകിയതിനുശേഷം തുടച്ച് കൈപിടിച്ച് നമ്മളെ ഗ്രാമത്തിലേക്ക് കയറ്റുന്നു. എത്ര മനോഹരമായ കാഴ്ചയാണ്. നമ്മളോടുള്ള സ്നേഹവും വാത്സല്യവും അതോടൊപ്പം തന്നെ അവരുടെ എളിമയും ഇവിടെ നമുക്ക് കാണാൻ സാധിക്കും. എത്ര നിഷ്കളങ്കരായ മനുഷ്യരാണ് അവർ. പ്രിയപ്പെട്ടവരെ അവരുടെ സ്നേഹവും വാത്സല്യവും നമ്മളോടുള്ള ബഹുമാനവുമാണ് പ്രതിസന്ധികളെ അതിജീവിച്ച് വീണ്ടും വീണ്ടും ആ ഗ്രാമത്തിലേക്ക് ചെല്ലുവാൻ നമ്മെ പ്രേരിപ്പിക്കുന്നത്.

അസാധാരണ പ്രേക്ഷിത മാസത്തിന്റെ പത്തൊമ്പതാം ദിനമായ ഇന്ന് ഒറീസയിലെ സ്നേഹവും വാത്സല്യവും നിഷ്കളങ്കതയും നിറഞ്ഞ ഈ ഗ്രാമവാസികളെ ഓർത്ത് പ്രത്യേകമായി പ്രാർത്ഥിക്കുകയും അതോടൊപ്പം ഇവർക്ക് വേണ്ടി ജോലി ചെയ്യുവാൻ അനേകം മിഷനറിമാരെ ആവശ്യമാണ് എന്ന് മനസ്സിലാക്കി നമുക്കറിയാവുന്ന ഒരു കുഞ്ഞിനോട് എങ്കിലും പ്രേക്ഷിത ദൈവവിളിയെ പറ്റി, സമർപ്പിത ജീവിതത്തെപ്പറ്റി സംസാരിച്ച് മനസ്സിലാക്കി കൊടുക്കാം. അസാധാരണ പ്രേക്ഷിത മാസത്തിന്റെ ഫലമായി ഞാൻ വഴിയായി ഒരു ദൈവവിളി പ്രോത്സാഹിപ്പിക്കും എന്ന് പ്രതിജ്ഞ എടുക്കാം.

MST ODISHA MISSION
Cuttack
09937262676