ഒറീസ മിഷന്‍ 6: ഒറീസയിലെ പ്രേഷിത സാധ്യതകൾ

ഒറീസയിലെ പ്രേഷിത സാധ്യതകൾ

2008-ലെ കലാപത്തിനു ശേഷം ചിതറിപ്പോയ ക്രിസ്തീയവിശ്വാസികൾ ഇന്നും ചെറുഗ്രാമങ്ങളായി ഉൾക്കാടുകളിൽ വസിക്കുന്നുണ്ട്. പ്രൊട്ടസ്റ്റൻറ്, പെന്തക്കോസ്ത്, മുതലായ ക്രിസ്ത്യൻ കൂട്ടായ്മകളുടെ സ്വാധീനമുള്ള ഈ ഗ്രാമവാസികൾ ഉൾക്കാടുകളിൽ തങ്ങളാൽ പറ്റുന്ന രീതിയിൽ വിശ്വാസം കാത്തുസംരക്ഷിക്കുവാൻ പരിശ്രമിക്കുന്നുണ്ട്. ഇവർക്കു വേണ്ട ക്രിസ്തീയവിശ്വാസവും പാരമ്പര്യങ്ങളും പ്രാർത്ഥനാരീതികളും കൊടുക്കുക എന്നത് ആവശ്യമാണ്. നമ്മോടൊപ്പം ചേർന്ന് യഥാർത്ഥ ക്രിസ്തീയവിശ്വാസത്തിൽ വളരുവാൻ ഇവര്‍ ആഗ്രഹിക്കുന്നുണ്ട്. ഉൾക്കാടുകളിൽ എത്തിപ്പെടുവാനുള്ള ബുദ്ധിമുട്ടുകൾ നിമിത്തം ആരും ഇവരെ നോക്കുവാനോ വിശ്വാസപരിശീലനം നൽകുവാനോ തയ്യാറായിട്ടില്ല.

ഇവിടെയാണ് നമ്മുടെ സാധ്യതകൾ. സാഹചര്യത്തിന്റെ ബുദ്ധിമുട്ടുകളെ അതിജീവിച്ച് ഈ പാവപ്പെട്ടവരുടെ അടുത്ത് എത്തിച്ചേര്‍ന്ന്, അവർക്ക് ക്രിസ്തീയവിശ്വാസം പകർന്നു കൊടുക്കുവാൻ നമുക്ക് സാധിക്കണം, സാധിക്കും. അതോടൊപ്പം കഴിഞ്ഞ ദിവസത്തെ ചിന്തകളിൽ പങ്കുവച്ചതു പോലെ പാവങ്ങളിൽ പാവപ്പെട്ടവരായ അനേകം മനുഷ്യരാണ് ഇവിടെയുള്ളത്. അവരിലേയ്ക്ക്‌ യേശുവിന്റെ കരുണയുടെ മുഖവുമായി ചെല്ലുമ്പോൾ തീർച്ചയായും അവർക്ക് യേശുവിനെ മനസ്സിലാക്കുവാനും അനുഭവിക്കുവാനും യേശുവിനെ സ്വീകരിക്കുവാനുള്ള അവസരമാണ് ഉണ്ടാകുന്നത്. ഈ സാധ്യതകളെയാണ് ഇന്ന് എംഎസ്ടി സമൂഹം സീറോ മലബാർ സഭയ്ക്കു വേണ്ടി ഒറീസയിൽ ചെയ്തുകൊണ്ടിരിക്കുന്നത്.

അസാധാരണ പ്രേഷിതമാസത്തിന്റെ ആറാം ദിനമായ ഇന്ന് യേശുവിനെ അറിയുവാനും സ്വീകരിക്കുവാനും വെമ്പൽ കൊള്ളുന്ന ഒറീസയിലെ പാവപ്പെട്ടവരെ സമർപ്പിച്ചുകൊണ്ട് അവർക്ക് യേശുവിനെ കൊടുക്കുവാൻ അക്ഷീണം പ്രയത്നിക്കുന്ന മിഷനറിമാർക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഒരു കരുണ കൊന്ത ചൊല്ലി സമർപ്പിക്കാം.

ഫാ. ജോമോൻ അയ്യങ്കനാൽ MST