പാപ്പായുടെ ഇറാഖ് സന്ദർശനം: ആദ്യം വിശ്വസിച്ചില്ല, പിന്നീട് പാപ്പാ ദിവ്യബലി അർപ്പിക്കുന്ന സ്റ്റേഡിയത്തിന്റെ കോ-ഓർഡിനേറ്ററായി വിദാ ഹന്ന

ഫ്രാൻസിസ് മാർപ്പാപ്പ ഇറാഖ് സന്ദർശിക്കുവാൻ പോകുന്നു എന്ന വാർത്ത എർബിൽ ആർച്ചുബിഷപ്പ് ബാഷർ വാർദ്ധ, കാത്തോലിക് യൂണിവേഴ്സിറ്റി പബ്ലിക്, ഇന്റർനാഷണൽ റിലേഷൻസ് ഡയറക്ടർ വിദാ ഹന്നയെന്ന 27 -കാരിയോട് പറഞ്ഞപ്പോൾ അത് വെറുമൊരു പ്രചാരണം മാത്രമെന്നായിരുന്നു അവൾ വിചാരിച്ചത്. രണ്ടായിരാമാണ്ടിൽ ജോൺ പോൾ രണ്ടാമൻ പാപ്പാ വരുന്നുവെന്ന വാർത്ത ഹന്ന കുട്ടിയായിരുന്നപ്പോൾ ഒന്ന് കേട്ടതാണ്. ”പക്ഷെ വത്തിക്കാനിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവന കേട്ടപ്പോൾ ഇത്തവണ ഇത് സത്യമാകുവാൻ പോകുന്നു എന്നാണ് എനിക്ക് തോന്നിയത്” -എർബിലിലെ അവരുടെ ഓഫീസിലിരുന്ന് ഹന്ന പറയുന്നു.

കമ്മ്യൂണിക്കേഷൻസ് ബിരുദം പൂർത്തിയാക്കിയ ഹന്ന എർബിലിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയുടെ പബ്ലിക് ആൻഡ് ഇന്റർനാഷണൽ റിലേഷൻസിന്റെ ഡയറക്ടറും മാർച്ച് ഏഴിന് ഫ്രാൻസോ ഹരിരി സ്റ്റേഡിയത്തിൽ പാപ്പാ അർപ്പിക്കുന്ന ദിവ്യ ബലിയർപ്പണം ക്രമീകരിക്കുന്നതിന്റെ ചുമതലക്കാരിയുമാണ്. കോവിഡ്, രാജ്യത്തിന്റെ പ്രാദേശിക സമ്പദ് വ്യവസ്ഥയെ തകർത്തത് കുർദിഷ് സ്വയം ഭരണാധികാരികൾക്ക് ഈ പരിപാടി സംഘടിപ്പിക്കുന്നത് അസാധ്യമാക്കി. എന്നാൽ ‘നൈറ്റ്സ് ഓഫ് കൊളംബസ്’ എന്ന കത്തോലിക്കാ സംഘടന ഈ സ്വപ്നം സമൂഹത്തിനു വേണ്ടി സാധ്യമാക്കി. നൂറ്റാണ്ടുകളായി നടന്ന കൂട്ടക്കൊല, പീഡനങ്ങൾ, നിർബന്ധിത നാട് കടത്തൽ എന്നിവയ്ക്ക് ശേഷം എല്ലാ ന്യൂന പക്ഷങ്ങൾക്കും പ്രത്യേകിച്ച് ക്രൈസ്തവർക്ക് ഇതിനെ ചരിത്ര സന്ദർശനമെന്നതിലുപരിയായിട്ടാണ് വീക്ഷിക്കേണ്ടത്. ഹന്ന പങ്കുവെച്ചു.

മുസ്ലിങ്ങളടക്കം 10000 -പേർ പങ്കെടുക്കുന്ന വലിയ ദിവ്യ ബലിയർപ്പണത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ മുതൽ ഗായക സംഘങ്ങളുടെ പ്രവർത്തനങ്ങൾ വരെ എല്ലാ കാര്യങ്ങളും വളരെ സൂക്ഷമതയോടെയാണ് ഹന്നയുടെ നേതൃത്വത്തിലൂടെ കടന്നുപോകുന്നത്. തിരിച്ചറിയൽ രേഖകളുടെയും മറ്റു രേഖകളുടെയും സൂക്ഷ്മമായ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്റ്റേഡിയത്തിലേക്ക് ജനങ്ങളെ കടത്തിവിടുവാൻ സാധിക്കുകയുള്ളൂ. നിരവധി യുവജനങ്ങളെ ദിവ്യബലിയിൽ പങ്കുചേരുവാൻ ഉൾപ്പെടുത്തിയതിൽ ഹന്നയ്ക്ക് അതിയായ സന്തോഷമുണ്ട്. “തങ്ങൾക്കും അവരുടെ തലമുറയ്ക്കും എന്ത് സംഭവിക്കുന്നു എന്ന് പ്രാദേശിക യുവ ക്രൈസ്തവരെല്ലാവരും ഭയപ്പെടുന്നു. ഇത് വളരെയധികം ആവശ്യമാണ്. പരിശുദ്ധ പിതാവിന് മാത്രമേ സുരക്ഷിതത്വ ബോധം, ആന്തരിക സമാധാനം, മത വൈവിധ്യത്തെ അംഗീകരിക്കുന്ന സമൂഹത്തിന്റെ പ്രത്യാശ എന്നിവ കൊണ്ടുവരുവാൻ സാധിക്കുകയുള്ളൂ. പലായനം ചെയ്യാതെ തന്നെ യുവാക്കൾക്ക് ഒരു ഭാവി ഇവിടെ കെട്ടിപ്പടുക്കുവാൻ സാധിക്കും എന്നുള്ള ഉറപ്പ് ഇതിലൂടെ യുവാക്കൾക്ക് ലഭിക്കട്ടെ എന്നും ഹന്ന പ്രത്യാശിക്കുന്നു.

“പാപ്പാ അർപ്പിക്കുന്ന വിശുദ്ധ ബലിയിൽ അറമായ ഭാഷയില്‍ ഒരു വായന ഞാനാണ് വായിക്കുന്നത്. അതിന്റെ ഒരു ചെറിയ ടെൻഷനിലാണ് ഞാനിപ്പോൾ.” -എല്ലാം നന്നായി നടക്കുമെന്ന പ്രാർത്ഥനയോടെ ഹന്ന പുഞ്ചിരിക്കുകയാണ്.

സുനീഷ നടവയല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.