മരണത്തിന്റെ മുന്‍പില്‍ നിന്നും പൗരോഹിത്യത്തിലേയ്ക്ക്; ഇത് ഒരു അത്ഭുത സമര്‍പ്പണത്തിന്റെ നേര്‍ക്കാഴ്ച  

മരിയ ജോസ്

ഡോക്ടര്‍മാര്‍ വിധിയെഴുതി ഈ യുവാവിന് ആയുസ് മൂന്നു മാസം കൂടിയേ ഉള്ളു എന്ന്. ഓപ്പറേഷന്‍ നടത്താം. നടത്തിയാലും ജീവിക്കുവാനുള്ള സാധ്യത വളരെ കുറവ്. മരണത്തെ മുഖാമുഖം കാണുമ്പോഴും തന്റെ മുന്നിലെത്തിയ വിധിയാളനായ ദൈവത്തോട് ആ യുവാവ് ഒന്നുമാത്രം ചോദിച്ചു. എനിക്ക് അങ്ങയുടെ പുരോഹിതനായി ഒരിക്കല്‍ മാത്രം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനുള്ള വരം തരണമേ.

ഒരു പുരോഹിതനാകുവാന്‍ അത്രമാത്രം ആഗ്രഹിച്ച ആ യുവാവാണ് ഡീക്കന്‍ ഏലിയാസ്. മരണത്തിന്റെ നിഴലില്‍ നിന്നും വൈദ്യശാസ്ത്രത്തെ പോലും അത്ഭുതപ്പെടുത്തി ജീവിതത്തിലേയ്ക്ക് തിരികെ എത്തിയ അദ്ദേഹം തന്റെ തിരുപ്പട്ട സ്വീകരണത്തിന്റെ അവസാന വട്ട ഒരുക്കങ്ങളിലാണ്. തന്റെ ജീവിതത്തില്‍ താന്‍ കടന്നു പോയ അനുഭവങ്ങളെക്കുറിച്ചു ലൈഫ് ഡേയുമായി പങ്കുവയ്ക്കുകയാണ് ഡീക്കന്‍ ഏലിയാസ്…

വൈദികനാകുവാന്‍ ആഗ്രഹിച്ച ബാല്യം

തലശേരി രൂപതയിലെ ചെടിക്കുളം എന്ന ഇടവകയിലാണ് ഡീക്കന്‍ ഏലിയാസ് ജനിച്ചതും വളര്‍ന്നതും. പള്ളിയോടു ചേര്‍ന്ന് നിന്ന ബാല്യം. ആ ഒരു പ്രത്യേകതയില്‍ നിന്നുതന്നെ അള്‍ത്താര ബാലനിലേയ്ക്ക് എത്തിച്ചേര്‍ന്നു. അള്‍ത്താരയില്‍ അച്ചനോടൊപ്പം നിന്ന നിമിഷം മുതല്‍ ഒരു വൈദികന്‍ ആകണം എന്ന ആഗ്രഹം മനസ്സില്‍ മുളപൊട്ടി. പഠനത്തിനിടയില്‍ ആ ആഗ്രഹത്തെ കുറിച്ച് ചിന്തിച്ചില്ല എങ്കിലും പത്താം ക്ലാസ് കഴിഞ്ഞതോടെ വൈദികന്‍ ആകണം എന്ന ആഗ്രഹം ശക്തമായി.

മനസ്സില്‍ വയ്ക്കുവാന്‍ കഴിയാത്ത അവസ്ഥ. വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ അച്ഛന് സമ്മതമായിരുന്നില്ല തന്നെ വിടാന്‍. വീട്ടിലെ ഏക ആണ്‍കുട്ടിയെ സെമിനാരിയിലേയ്ക്ക് അയക്കാന്‍ അച്ഛന് വിഷമം ആയിരുന്നു. എങ്കിലും ദൈവത്തിന്റെ ഹിതത്തിനു വഴങ്ങി അവര്‍ തങ്ങളുടെ മകനെ സെമിനാരിയിലേയ്ക്ക് യാത്രയാക്കി.

സെമിനാരി ജീവിതം

2004 -ല്‍ ആണ് തലശേരി സെമിനാരിയിലേയ്ക്ക് ഏലിയാസ് എത്തുന്നത്. പ്രാര്‍ത്ഥനയുടെയും പരിശീലനത്തിന്റെയും നിമിഷങ്ങള്‍.  മൂന്നു വര്‍ഷത്തെ പരിശീലനത്തിന് ശേഷം അവിടെ നിന്ന് ഇരിട്ടിയിലെ കുന്നോത്ത് സെമിനാരിയിലേയ്ക്ക് ഫിലോസഫി പഠനത്തിനായി പോയി. മൂന്നു വര്‍ഷം ഫിലോസഫി പഠനത്തിന് ശേഷം ആറുമാസം പ്രീസ്റ്റ് ഹോമിലും ആറുമാസം ബിഷപ്പ്‌സ് ഹൗസ്സിലും റീജന്‍സി പൂര്‍ത്തിയാക്കി. വൈദികനാകുവാനുള്ള ആഗ്രഹം ഒരു ദിവസം കഴിയുമ്പോഴും കൂടുതല്‍ തീവ്രതയാര്‍ജ്ജിക്കുന്നതു പോലെ ഏലിയാസിന് തോന്നി തുടങ്ങിയിരുന്നു. താന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന രംഗങ്ങള്‍ അദ്ദേഹത്തിന്റെ സ്വപ്നങ്ങളെ കൂടുതല്‍ ആത്മീയമാക്കി. അങ്ങനെ 2011 ല്‍ വെസ്റ്റിഷന്‍ നടന്നു. തുടര്‍ന്ന് അദ്ദേഹത്തെ റോമില്‍ തിയോളജി പഠിക്കുന്നതിനായി അയയ്ക്കുവാന്‍ അധികാരികള്‍ തീരുമാനിച്ചു.

വളരെ സന്തോഷത്തോടെയാണ് ഏലിയാസ് ആ വാര്‍ത്തയെ സ്വീകരിച്ചത്. എന്നാല്‍ ആ സന്തോഷങ്ങള്‍ തന്നെ ദൈവാനുഭവത്തിന്റെ മൂര്‍ത്തീ രൂപമായി മാറ്റുവാനുള്ള ദൈവിക പദ്ധതിയുടെ ഭാഗമാണെന്ന് അദ്ദേഹം തിരിച്ചറിയുന്നത് പിന്നീടാണ്.

ആദ്യ പരീക്ഷണം 

അങ്ങനെ 2011 ല്‍ ഏലിയാസ് റോമിലെത്തി. തിയോളജി പഠനം വളരെ രസകരമായി മുന്നോട്ട് പോയി. ഓഗസ്റ്റ് മാസം റോമിലെത്തിയ അദ്ദേഹം അവിടുത്തെ ഭാഷയും സംസ്‌കാരവും ഒക്കെയായി പരിചിതമായി. എല്ലാം ഭംഗിയായി നടക്കുമ്പോഴാണല്ലോ പലപ്പോഴും വിധി പ്രതിനായക വേഷം കെട്ടിയാടുക. ഇവിടെയും പതിവിനു വ്യത്യാസം ഉണ്ടായില്ല. ചെവിക്കു ഒരു ചെറിയ കേള്‍വിക്കുറവില്‍ നിന്നാണ് ഏലിയാസിന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.  ഡിസംബര്‍ മാസത്തില്‍ ചെവിക്കു കേള്‍വിക്കുറവ് അനുഭവപ്പെട്ടു തുടങ്ങിയെങ്കിലും അത് അത്ര കാര്യമായി പരിഗണിച്ചില്ല. ഒരു ചെവി കൂടിയുണ്ടല്ലോ. അപ്പോള്‍ ആ കേള്‍വിക്കുറവിന്റെ തീവ്രത അത്രകണ്ട് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു പ്രശ്‌നമായി തോന്നിയില്ല.

എങ്കിലും അദ്ദേഹം ഈ കാര്യം തന്റെ അധികാരിയായിരുന്ന സ്‌പെയിന്‍കാരനായ വൈദികനോട് പറഞ്ഞു. ആ ഒരു സമയം ക്രിസ്തുമസ് അവധിയായിരുന്നു. ഇറ്റലി മുഴുവന്‍ ചുറ്റിക്കറങ്ങിയുള്ള ഒരു ടൂര്‍ ഉണ്ട്. അത് കഴിഞ്ഞു ഡോക്ടറെ കാണാം എന്ന് അച്ചന്‍ പറഞ്ഞു. അങ്ങനെ സന്തോഷകരമായ ആ നിമിഷങ്ങള്‍ കടന്നു പോയി. ജനുവരി മാസം ആദ്യം ഡോക്ടറെ കാണാനായി ആശുപത്രിയില്‍ പോയി. പരിശോധനയില്‍ ചെവിയ്ക്ക് കുഴപ്പം ഒന്നും ഇല്ലെന്നു പറഞ്ഞ ഡോക്ടര്‍മാര്‍ തുടര്‍ന്ന് തലച്ചോറിന്റെ സ്‌ക്യാന്‍ എടുക്കാന്‍ പറഞ്ഞു. അതില്‍ സംശയം തോന്നിയ അവര്‍ എംആര്‍ഐ ചെയ്യുകയും  ചെയ്തു. ഫലം ഞെട്ടിക്കുന്ന ഒന്നായിരുന്നു. തലച്ചോറിനുള്ളില്‍ വലിയ ഒരു ട്യൂമര്‍. അത്യാവശ്യം നല്ല വലിപ്പം ഉള്ള ഒന്നായിരുന്നു അത്. പക്ഷെ ക്യാന്‍സര്‍ അല്ല അത് എന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി.

സ്‌ക്യാനിങ്ങിനും പരിശോധനകള്‍ക്കും ഒടുവില്‍ അവര്‍ ഏലിയാസിനെയും ആനിമേറ്റര്‍ അച്ചനെയും വിളിപ്പിച്ചു. അവര്‍ ഏലിയാസിനോട് പറഞ്ഞു. ‘താന്‍ അധികം വൈകാതെ മരിക്കും. ജീവിക്കുവാന്‍ ഉള്ള പ്രതീക്ഷയായി അവര്‍ നല്‍കിയത് വെറും ഒരു ശതമാനം മാത്രം. കാരണം ട്യൂമര്‍ അവസാന ഘട്ടത്തിലേയ്ക്ക് വ്യാപിച്ചിരുന്നു. ഇനി ഒരു മൂന്നു മാസം കൂടി മാത്രമേ ഏലിയാസ് ജീവിക്കുകയുള്ളു.’ ഡോക്ടര്‍ തുടര്‍ന്നു. ‘ഓപ്പറേഷന്‍ നടത്താന്‍ കഴിയും എങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ കഴിയും എന്ന് ഉറപ്പില്ല. ഇനി ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നാല്‍ തന്നെ കോമയില്‍ ആയിരിക്കും.’

ഡോക്ടര്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ആകെ ഒരു തരിപ്പായിരുന്നു എന്ന് ഡീക്കന്‍ വെളിപ്പെടുത്തി. സ്വന്തം നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും അകന്നു മരണത്തെ മുഖാമുഖം ദര്‍ശിച്ച ഒരു വ്യക്തിയുടെ നിസഹായാവസ്ഥയിലൂടെ കടന്നുപോയ ഒരു സമയം ആയിരുന്നു അത്. എങ്കിലും അവിടെ പതറാതെ പിടിച്ചു നില്‍ക്കാന്‍ ധൈര്യം തന്നു കൂടെ നിന്ന ദൈവത്തെയാണ് താന്‍ ആദ്യം അനുഭവിച്ചത്. അദ്ദേഹം പറഞ്ഞു.

തിരികെ കേരളത്തിലേയ്ക്ക്

ഏലിയാസ് തന്റെ വിവരം പിതാവിനെയും മറ്റു വൈദികരെയും അറിയിച്ചു. അവര്‍ കൂടിയാലോച്ചിച്ചതിനു ശേഷം അദ്ദേഹത്തെ നാട്ടിലേയ്ക്ക് എത്തിക്കുവാനും ഓപ്പറേഷന്‍ നടത്തുവാനും തീരുമാനിച്ചു. അങ്ങനെ ഡീക്കന്‍ കേരളത്തില്‍ എത്തി. കേരളത്തിലെ മിക്ക ആശുപത്രികളും അദ്ദേഹത്തിന്റെ കേസ് ഏറ്റെടുക്കുവാന്‍ തയ്യാറായില്ല. കാരണം അവര്‍ക്കെല്ലാം ഉറപ്പായിരുന്നു ഈ ഓപ്പറേഷന് യാതൊരുവിധ വിജയ സാധ്യതയും ഇല്ലാ എന്ന്. ഒടുവില്‍ എറണാകുളം ലിസി ഹോസ്പിറ്റലില്‍ എത്തുകയും ശസ്ത്രക്രിയ നടത്താന്‍ അവര്‍ തയ്യാറാവുകയും ചെയ്തു.

ഓപ്പറേഷന് മുന്‍പ് ആ ഡോക്ടര്‍ പറഞ്ഞു ‘ ഓപ്പറേഷന്‍ കഴിഞ്ഞാല്‍ ജീവിക്കാനുള്ള സാധ്യത ഉണ്ട്. പക്ഷെ അത് ഒരിക്കലും മുന്‍പത്തേതു  പോലെ ആകില്ല. ചിലപ്പോള്‍ ശിഷ്ടകാലം മുഴുവന്‍ കിടക്കയില്‍ തന്നെയാകാം.’ എന്ത് തന്നെയായാലും എല്ലാം ദൈവത്തിനു സമര്‍പ്പിച്ചു. അങ്ങനെ 2011  ഫെബ്രുവരി 28 നു ഓപ്പറേഷന്‍ നടന്നു. ഏകദേശം എട്ടു മണിക്കൂര്‍ നീണ്ട തലച്ചോര്‍ തുറന്നുള്ള ഓപ്പറേഷന്‍.

തിരികെ ജീവിതത്തിലേയ്ക്ക്

ഓപ്പറേഷന് ശേഷം ഒരു മാസത്തോളം ആശുപത്രിയില്‍ ചിലവിട്ടു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ ധാരാളം സംഭവിച്ചു. മുഖത്തിന്റെ വലതുവശം കൂടിയത് പോലെയായി. ശരീരത്തിന്റെ വലതു വശത്തെ ശേഷിക്കുറവ് കാര്യമായി ബാധിച്ചു. നാക്കിന്റെ ഒരു വശത്തിനു മാത്രമേ ശേഷിയുള്ളു അതിനാല്‍ ഭക്ഷണം കഴിക്കുന്നത് ഒരു വശത്തു വച്ചായി. അങ്ങനെ  മൂന്നു മാസം സെമിനാരിയില്‍ വിശ്രമ ജീവിതം നയിച്ചു.

ഡോക്ടര്‍മാരുടെ പല നിഗമനങ്ങളും പിന്നീട്  തിരുത്തി കുറിക്കപ്പെടുകയായിരുന്നു എന്ന് ഡീക്കന്‍ പറയുന്നു. കാരണം ഓപ്പറേഷന്‍ കഴിഞ്ഞാലും നടക്കാന്‍ കഴിയില്ല , ഓര്‍മ്മ കാണില്ല, തളര്‍ന്നു കിടക്കുന്ന അവസ്ഥയായിരിക്കും എന്ന് പറഞ്ഞ ഡോക്ടര്‍മാരുടെ മുന്നിലൂടെ അദ്ദേഹം ജീവിതത്തിലേയ്ക്ക് പിച്ച വച്ച് നടന്നു തുടങ്ങി. പതിയെ നടക്കുവാന്‍ തുടങ്ങി. എഴുതുവാനും സംസാരിക്കുവാനും തുടങ്ങി. ജീവിതത്തില്‍ പ്രതീക്ഷയുടെ നക്ഷത്രം തെളിഞ്ഞു തുടങ്ങി. ഏകദേശം ഒന്ന് ഓക്കെ ആയി എന്ന് കണ്ടപ്പോള്‍ അദ്ദേഹം രൂപതാധ്യക്ഷനെ പോയിക്കണ്ടു. വിനയപൂര്‍വം തന്നെ പ്രമോട്ട് ചെയ്യാമോ എന്ന് ചോദിച്ചു. രൂപതയിലെ വൈദികരും പിതാവും ഡോക്ടറുമായി കൂടിയാലോചിച്ച ശേഷം രണ്ടു വര്‍ഷത്തെ റെസ്റ്റ് അദ്ദേഹത്തിന് ആവശ്യമാണ് അതിനാല്‍ തന്നെ സെമിനാരിയില്‍ വിശ്രമത്തില്‍ ആയിരിക്കുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അങ്ങനെ വെറുതെ ഇരിക്കുവാന്‍ ഏലിയാസിന് താല്പര്യം ഇല്ലായിരുന്നു. അങ്ങനെ അദ്ദേഹത്തെ പിജി പഠനത്തിനായി അങ്ങാടിക്കടവിലേയ്ക്ക് അയച്ചു.

2012 -14 കാലഘട്ടത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പിജി പഠനം. ഈ ഒരു കാലയളവില്‍ അദ്ദേഹം ബൈക്ക് ഓടിക്കാനും മറ്റും തുടങ്ങി. അങ്ങനെ ജീവിതം പ്രത്യാഭരിതമായി മുന്നോട്ടു നീങ്ങി.

പൗരോഹിത്യം എന്ന വെള്ളി നക്ഷത്രം 

ചിലരുടെ ജീവിതത്തില്‍ എല്ലാം നശിക്കുമ്പോഴും ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരു നുറുങ്ങു വെട്ടം ഉണ്ടാവും. വേദനയുടെ, സഹനത്തിന്റെ ഏഴുകടലുകള്‍ താണ്ടാനുള്ള ശക്തി പകരുന്ന വെള്ളി നക്ഷത്രം. ഡീക്കന്‍ ഏലിയാസിന്റെ ജീവിതത്തില്‍ ആ വെള്ളിനക്ഷത്രമായി തീര്‍ന്നത് ഈശോയുടെ പൗരോഹിത്യത്തിന് പങ്കുചേരുവാനുള്ള തീവ്രമായ ആഗ്രഹമായിരുന്നു. തനിക്കെതിരെ വരുന്ന സങ്കടത്തിന്റെ വേദനയുടെ കൊടുമുടികള്‍ അദ്ദേഹം അതിജീവിച്ചത് ആ ഒരു ആഗ്രഹം ഒന്നു കൊണ്ട് മാത്രം ആയിരുന്നു എന്ന് അദ്ദേഹത്തിന്റെ ഓരോ വാക്കുകളും വിളിച്ചു പറയുന്നതായി തോന്നി തുടങ്ങി… ആ ഒരു ഊര്‍ജ്ജം അതായിരുന്നു പ്രതിസന്ധികള്‍ക്ക് പിന്നിലും അദ്ദേഹത്തെ തളരാതെ  പിടിച്ചു നിര്‍ത്തിയത്.

ഓപ്പറേഷന് ശേഷം അദ്ദേഹത്തിന്റെ ജീവിതത്തില്‍ പ്രതിസന്ധികള്‍ കുറച്ചൊന്നുമായിരുന്നില്ല ഉണ്ടായിരുന്നത്. വീട്ടില്‍ പോയി റെസറ്റ് എടുത്തു തിരിച്ചു വരുവാന്‍ പിതാവ് ആവശ്യപ്പെട്ടപ്പോള്‍ ഇനി ഒരു വൈദികനായി മാത്രമേ താന്‍ വീട്ടില്‍ പോവുകയുള്ളു എന്ന് വാശിപിടിച്ചു ആ സെമിനാരിക്കാരന്റെ തീവ്രമായ ആഗ്രഹത്തിന് മുന്നില്‍ അവര്‍ക്കും മുട്ട് മടക്കേണ്ടി വന്നു. എങ്കിലും ഒരു ചോദ്യം അദ്ദേഹത്തെ വേദനിപ്പിച്ചു ‘ ഇനി വൈദികനായാലും ബുദ്ധിമുട്ടുകള്‍ ഏറുകയേ ഉള്ളു. അതുകൊണ്ടു കുടുംബ ജീവിതം തിരഞ്ഞെടുക്കരുതോ?’ മനഃപൂര്‍വം വേദനിപ്പിക്കാന്‍ വേണ്ടി ചോദിച്ച ചോദ്യം ആയിരുന്നില്ല എങ്കില്‍ കൂടി അങ്ങനെ ഒരു അവസ്ഥയെക്കുറിച്ചു അദ്ദേഹത്തിന് ചിന്തിക്കുവാന്‍ കൂടി കഴിയുമായിരുന്നില്ല. നിരാശയുടെ നിമിഷത്തിലും വേദനയിലും വിശുദ്ധ കുര്‍ബാന ആദ്യമായി അര്‍പ്പിക്കുന്ന ആ നിമിഷത്തെ കുറിച്ചുള്ള പ്രതീക്ഷ അദ്ദേഹത്തെ ജീവിക്കുവാന്‍ പ്രേരിപ്പിപ്പിച്ചു.

പ്രതീക്ഷകളില്‍ പരീക്ഷണങ്ങളുമായി എത്തിയ ദൈവം

അങ്ങനെ വിശ്രമം കഴിഞ്ഞ് 2015 ല്‍ കുന്നോത്ത് സെമിനാരിയില്‍ വീണ്ടും എത്തി. പ്രതീക്ഷയോടെ അതിലേറെ തീവ്രമായ ആഗ്രഹത്തോടെ തിയോളജി പഠനം തുടര്‍ന്നു. പഠനത്തിന്റെ രണ്ടു വര്‍ഷം കഴിഞ്ഞു. 2017 ആയപ്പോള്‍ അദ്ദേഹത്തിന് വീണ്ടും ക്ഷീണവും മറ്റും തോന്നി തുടങ്ങി. അങ്ങനെ ഓഗസ്റ്റ് മാസം വീണ്ടും എം ആര്‍ ഐ ചെയ്തപ്പോള്‍ പഴയതിലും വലിയ ഒരു ട്യൂമര്‍ കണ്ടെത്തി. കഴിഞ്ഞ തവണ എന്തെങ്കിലും ഒക്കെ പ്രതീക്ഷ നല്‍കുവാന്‍ കഴിഞ്ഞിരുന്ന ഡോക്ടര്‍മാര്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. മരണം ഉറപ്പ്. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ ചെയ്യാന്‍ തീരുമാനിച്ചു.

ഈ സമയം അദ്ദേഹത്തിന്റെ ജീവിതത്തില്‍ മറ്റൊരു ദുഃഖം കൂടി കടന്നു വന്നു. മകന്‍ മരണത്തിലേയ്ക്ക് അടുക്കുകയാണെന്ന വിവരം അറിഞ്ഞ അദ്ദേഹത്തിന്റെ അച്ഛന് അത് ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞില്ല. പെട്ടന്നുണ്ടായ ഹൃദയാഘാതത്തില്‍ അച്ഛന്‍ മരിച്ചു. സെപ്റ്റംബര്‍ 8 നു ആണ് ഡീക്കന്റെ പിതാവ് മരിക്കുന്നത്. ആ ഒരു ദുഖത്തില്‍ നില്‍ക്കുന്ന സമയം തന്നെ രണ്ടാമത്തെ ഓപ്പറേഷനും നടന്നു. 12 മണിക്കൂറുകള്‍ നീണ്ട ഓപ്പറേഷന്‍ ആയിരുന്നു അത്.

ഓപ്പറേഷന് മുന്‍പ് എല്ലാവരുടെയും നിര്‍ദേശപ്രകാരം രോഗീലേപനം ഒക്കെ സ്വീകരിച്ചിരുന്നു. ആ സമയവും ഒരു വൈദികന്‍ ആകാതെ ഞാന്‍ മരിക്കുകയില്ല എന്ന ഒരു പ്രതീക്ഷ ഉള്ളില്‍ നിറഞ്ഞു നിന്നിരുന്നതായി ഡീക്കന്‍ പറയുന്നു. താന്‍ മരിക്കും എന്ന് തന്നെയായിരുന്നു എല്ലാവരുടെയും വിശ്വാസം. കാരണം അതിനപ്പുറം പ്രത്യാശ പകരുന്ന എന്തെങ്കിലും ഒന്ന് പറയുവാന്‍ ആ അവസ്ഥയില്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല.

അത്ഭുതകരമായ തിരിച്ചു വരവ് 

മരിക്കും എന്ന് എല്ലാവരും ഉറപ്പിച്ച തന്റെ ജീവിതത്തിലേയ്ക്കുള്ള രണ്ടാമത്തെ വരവ് അതിവേഗത്തില്‍ ആയിരുന്നു എന്ന് ഡീക്കന്‍ പറയുന്നു. മൂന്ന് ആഴ്ചത്തെ വിശ്രമത്തിന് ശേഷം ആശുപത്രി വിട്ടു. പക്ഷെ രണ്ടു കൈകൊണ്ടും എഴുതാന്‍ പറ്റാത്ത അവസ്ഥയിലേയ്ക്ക് എത്തി. എങ്കിലും ആ സമയം ദൈവം മറ്റൊരു വാതില്‍ അദ്ദേഹത്തിനായി തുറന്നു. ചുരുങ്ങിയ സമയം കൊണ്ട് ടൈപ്പിംഗ് റെഡി ആക്കിയ അദ്ദേഹത്തിന് ആ ഒരു പ്രശ്‌നം പരിഹരിക്കുവാന്‍ കഴിഞ്ഞു. അങ്ങനെ സെമിനാരി പരീക്ഷകള്‍ മുടക്കാതിരിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 2018 മാര്‍ച്ച് മാസം ഡീക്കന്‍ പട്ടം സ്വീകരിച്ചു.

ഓപ്പറേഷന് ശേഷം അദ്ദേഹത്തിനു ചിരിക്കുവാനോ, ഭക്ഷണം വേഗം കഴിക്കുവാനോ കഴിയുമായിരുന്നില്ല. സംസാരത്തില്‍ തിരിയാതെ വരുന്ന അവസ്ഥ, മുഖത്തിന്റെ കോടല്‍ ഇവയൊക്കെ ഉണ്ടെങ്കിലും പാട്ടു പാടുമ്പോഴും പ്രസംഗം പറയുമ്പോഴും എല്ലാം വ്യക്തമായി ചെയ്യാന്‍ കഴിയുന്നു എന്നത് അദ്ദേഹത്തെയും മറ്റു വൈദികരെയും അത്ഭുതപ്പെടുത്തുന്നു. വേദനകള്‍ക്കിടയിലും തളരാതെ കൈപിടിച്ച് ദൈവം കൂടെ നില്‍ക്കുന്നതിനാലാണ് തനിക്ക് ഇതൊക്കെ ചെയ്യാന്‍ കഴിയുന്നത് എന്ന് ഉറച്ചു വിശ്വസിക്കുകയാണ് അദ്ദേഹം.

വേദനകളില്‍ അനുഭവിച്ച ദൈവസാന്നിധ്യം 

രോഗം സമ്മാനിച്ച കുറവുകള്‍ ഉണ്ട്. വേദനകള്‍ ഉണ്ട്. അവയ്ക്കിടയിലും അതിനെ ഒരു ദൈവാനുഗ്രഹമായി കാണുകയാണ് ഡീക്കന്‍. കാരണം ആ വേദനകള്‍ ഇല്ലായിരുന്നു എങ്കില്‍ താന്‍ തന്റെ സമീപത്തു നില്‍ക്കുന്ന ദൈവത്തെ തിരിച്ചറിയുകയില്ലായിരുന്നു. വേദനകള്‍ സമ്മാനിച്ചുവെങ്കിലും അതിനിടയില്‍ പൗരോഹിത്യം എന്ന സ്വപ്നം പൊലിയാതെ കാത്ത് സൂക്ഷിച്ച ദൈവത്തിനു നന്ദി പറയുകയാണ് അദ്ദേഹം.

‘ ഞാന്‍ ഒരു സാധാരണ വിശ്വാസിയായിരുന്നു. ആഴമായ വിശ്വാസം ഇല്ലാതിരുന്ന എന്നെ അടുത്തു നില്‍ക്കുന്ന ദൈവത്തെ ദര്‍ശിക്കുവാന്‍ അനുഭവിക്കുവാന്‍ കഴിയുന്ന തരത്തില്‍ ആത്മീയതയില്‍ വളര്‍ത്തിയത് ഈ രോഗത്തിനു ശേഷം ആണ് ‘ ഡീക്കന്‍ വെളിപ്പെടുത്തി.  അതിനു കാരണമായി അദ്ദേഹം പറയുന്ന ചില സംഭവങ്ങള്‍ ഉണ്ട്. ഓപ്പറേഷന് കേറുന്നതിനു മുമ്പ് വരെ തന്റെ ഒപ്പം ആളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ കതകിനു അപ്പുറം താനും ദൈവവും മാത്രം ആയിരുന്നു. ഓപ്പറേഷന് കേറ്റിയ രണ്ടു തവണയും ഏകദേശം 20 മിനിറ്റോളം താന്‍ കാത്തിരിക്കേണ്ടതായി വന്നത് ഒരുപക്ഷെ ആ ഒരു ബോധ്യത്തിലേയ്ക്ക് കൊണ്ട് വരുവാന്‍ ആയിരിക്കാം എന്നും അദേഹം വിശ്വസിക്കുന്നു. ജീവിതത്തില്‍ താന്‍ ഏറ്റവും ആത്മാര്‍ഥമായി പ്രാര്‍ത്ഥിച്ച സമയം അതായിരുന്നു എന്ന് ഡീക്കന്‍ ഓര്‍ക്കുന്നു.

തമ്പുരാന്‍ എന്നെ സ്‌നേഹിക്കുന്നു എന്ന് ഉറപ്പു നല്‍കിയത് ഈ രണ്ടു ഓപ്പറേഷനുകളില്‍ കൂടിയാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. ഒപ്പം തന്നെ ആ ഒരു സമയം പ്രാര്‍ത്ഥനകളില്‍ കൂടെ ധാരാളം ആളുകള്‍ തന്നെ ശക്തിപ്പെടുത്തുന്നുണ്ടായിരുന്നു. ധാരാളം വൈദികര്‍, അല്‍മായര്‍ അവരുടെ ഒക്കെ പ്രാര്‍ത്ഥന തന്നെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടു വരുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു .

ദൈവം പ്രവര്‍ത്തിച്ച ഒരു ശതമാനം 

റോമില്‍ നിന്ന് ഏലിയാസിനെ നാട്ടിലേയ്ക്ക് അയക്കുമ്പോള്‍ ഡോക്ടര്‍മാര്‍ ഒന്ന് പറഞ്ഞിരുന്നു ‘ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വരുവാന്‍ 99 % സാധ്യത ഇല്ല. പിന്നെ ഉള്ള ഒരു ശതമാനം അവിടെ ദൈവം എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ ജീവിതത്തിലേയ്ക്ക്  മടക്കം സാധ്യമാണ്.’ ശരിക്കും ദൈവം പ്രവര്‍ത്തിച്ച ആ ഒരു ശതമാനം ജീവിതാണ് തന്റേത് എന്ന് ഡീക്കന്‍ വെളിപ്പെടുത്തുന്നു. ഓരോ തവണ ജീവിതത്തിലേയ്ക്ക് തിരികെ എത്തുമ്പോഴും തന്നെ ചികിത്സിച്ച അക്രൈസ്തവനായ ഡോക്ടര്‍ അത്ഭുതപ്പെടുന്നത് കാണുവാന്‍ കഴിഞ്ഞിട്ടുണ്ട്.

ഒരു മണിക്കൂറോളം നീണ്ടു നിന്ന സംഭാഷണത്തില്‍ ഇടക്കിടെ ക്ഷീണം സംസാരത്തെ ബാധിക്കുന്നുണ്ടോ എന്നൊരു സംശയം തോന്നി. എങ്കിലും പൗരോഹിത്യ സ്വീകരണത്തെ കുറിച്ചു പറയുമ്പോള്‍ ആ വാക്കുകള്‍ ഊര്‍ജ്ജം വീണ്ടെടുക്കുന്നതിനായി തോന്നി. പ്രാര്‍ത്ഥനയുടെയും ഒരുക്കത്തിന്റെയും നിമിഷങ്ങളില്‍ അദ്ദേഹത്തിനു ഒന്നുമാത്രമേ പറയാനുള്ളൂ. ‘പ്രാര്‍ത്ഥിക്കണം. ഒരു തവണ വിശുദ്ധ ബലിയര്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രം മതി. ബാക്കി എല്ലാം ദൈവത്തിന്റെ കരങ്ങളില്‍ ആണ്.’

ഓരോ തവണയും വേദനകളില്‍ പിടിച്ചു നില്‍ക്കാന്‍ കരുത്തു പകര്‍ന്ന് ഒപ്പം നിന്ന ദൈവം, പ്രതിസന്ധികളില്‍ കൂടെ നിന്ന് പ്രാര്‍ത്ഥനയോടെ പൗരോഹിത്യത്തിലെയ്ക്ക് കൈപിടിച്ച് കയറ്റിയ തലശ്ശേരി രൂപത, പ്രാര്‍ത്ഥനയിലൂടെ ബലപ്പെടുത്തിയ അനേകര്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞ്, അള്‍ത്താരയിലേയ്ക്കുള്ള, തന്റെ ഏക ലക്ഷ്യത്തിലേയ്ക്ക് കടക്കുകയാണ് അദ്ദേഹം. ഇന്ന് കര്‍ത്താവിന്റെ പൗരോഹിത്യത്തിലേയ്ക്ക് കടക്കുന്ന അദ്ദേഹത്തിനായി നമുക്കും പ്രാര്‍ത്ഥിക്കാം.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

2 COMMENTS

  1. May the almighty God shower his blessings on Decan Elias. Prayers for your ambitions to be fulfilled. Wishing you happy new year along with good health.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.