കാന്‍സറിനോട് പട വെട്ടി, കൈകളില്‍ കാസയുമായി നവവൈദികൻ ജെയിംസ്

ഡിസംബര്‍ 26 ന് പുരോഹിതനായി അഭിഷിക്തനായ ഫാദര്‍ ജെയിംസ് തെക്കുംചേരികുന്നേല്‍ കാന്‍സര്‍ എന്ന രോഗത്തോട് പട വെട്ടിയാണ് പൗരോഹിത്യ പദവിയില്‍ എത്തിയിരിക്കുന്നത്. കൃത്രിമ കാലുമായി മാതൃ ഇടവകയായ പാലാ ചെമ്മലമറ്റം പന്ത്രണ്ടു ശ്ലീഹൻമാരുടെ പള്ളിയിൽ ബിഷപ് മാർ ജേക്കബ് മുരിക്കനിൽ നിന്നാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. ചെമ്മലമറ്റം തെക്കുംചേരിക്കുന്നേൽ ജോയിയുടെയും ജെസിയമ്മയുടെയും മകനാണു ഫാദര്‍ ജെയിംസ്. പ്രചോദനാത്മകമായ ആ ജീവിത കഥ ഇതാ.

”കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും എടുത്തുമാറ്റേണമെ, എങ്കിലും എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ” –  എന്നാണ് കുരിശിലെ ക്രിസ്തു തന്റെ പിതാവിനോട് കേണപേക്ഷിച്ചത്. ഭൂമിയില്‍ ദൈവം തിരഞ്ഞെടുത്ത ദൈവത്തിന്റെ ഒരു ദാസനും ഇതേപോലെ പ്രാര്‍ത്ഥിച്ചു. പകരം ദൈവം അദ്ദേഹത്തിന് തന്റെ ദാസനാകുള്ള അധികാരം നല്‍കി. ജെയിംസ് തെക്കുംചേരികുന്നേല്‍ എന്നാണ് ആ നവവൈദികന്റെ പേര്.

സഹനപൂരിതമാണ്ആ ജീവിതം. അര്‍ബുദത്തെ അരികില്‍ നിര്‍ത്തിക്കൊണ്ടാണ് ഫാദര്‍ ജെയിംസ് തെക്കുംചേരികുന്നേല്‍ കൈകളില്‍ കാസ എടുത്തത്. ചെറിയ കാര്യങ്ങള്‍ക്ക് നിരാശപ്പെടുന്നവര്‍ ഫാദര്‍ ജയിംസിന്റെ മുഖത്തേക്ക് ഒന്നു നോക്കണം പ്രതിക്ഷകളുടെയും ചൈതന്യത്തിന്റെയും ആള്‍രൂപമാണത്. പ്രതിസന്ധികള്‍ക്ക് തൊടാന്‍ പോലുമാകാത്ത ഒരു പുഞ്ചിരിയുണ്ടാകും എപ്പോഴും ആ മുഖത്ത്. നാവില്‍ നിറയുന്നത് സഹനങ്ങള്‍ തന്ന ദൈവത്തിനുള്ള ആരാധനയും സ്തുതിയും മാത്രം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈദിക വിദ്യാര്‍ത്ഥിയായിരിക്കുന്ന സമയത്ത് കാലില്‍ വേദനയായാണ് അസ്വസ്ഥതകളുടെ തുടക്കം. കൂടെയുണ്ടായിരുന്ന സഹവൈദിക വിദ്യാര്‍ത്ഥികള്‍ കാല്‍ തിരുമ്മുമ്പോള്‍ വേദനയ്ക്ക് അല്‍പ്പം ശമനം ലഭിക്കും. ഒരിക്കല്‍ കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ആശുപത്രിയില്‍ പോയി. പരിശോധനാഫലം എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. ഇടതുകാലിലെ എല്ലുകള്‍ക്ക് കാന്‍സര്‍! മുട്ടുന് താഴെ വച്ച് മുറിച്ച് മാറ്റേണ്ടി വന്നു. എല്ലാവരുടെയും സങ്കടങ്ങള്‍ക്ക് മുന്നില്‍ അന്ന് ബ്രദര്‍ ജെയിംസ് ചിരിയോടെ നിന്നു. ദൈവേഷ്ടമാണിതെന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിച്ചു. കൃത്രിമക്കാലിലായിരുന്നു പിന്നീടുള്ള ജീവിതം.

”കസേരയില്‍ ഇരുന്നുകൊണ്ടാണ് അദ്ദേഹം ആരാധന നടത്തിയിരുന്നത്. ഒരിക്കല്‍ പോലും സ്വന്തം അവസ്ഥയെ അദ്ദേഹം നിരാശയോടെ നോക്കിയില്ല. കിട്ടുന്ന സമയങ്ങളില്‍ എല്ലാ കാര്യങ്ങളിലും സജീവമായി നിലകൊണ്ടു. എല്ലാക്കാര്യങ്ങളോടുമുള്ള പോസിറ്റീവായ പ്രതികരണം അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയിരുന്നു. ഒരിക്കല്‍ പോലും ആരോടും ദേഷ്യപ്പെടുന്നതായി കണ്ടിട്ടില്ല. ഞങ്ങളുടെ ബാച്ചിലുള്ള 22 പേരും പറഞ്ഞിരുന്നത് ‘അദ്ദേഹം ഞങ്ങളുടെ ചൈതന്യമാണ്’ എന്നായിരുന്നു.” ഏഴുവര്‍ഷം ഫാദര്‍ ജെയിംസിനൊപ്പമുണ്ടായിരുന്ന മറ്റൊരു എംസിബിഎസ് വൈദികന്റെ സ്‌നേഹം നിറഞ്ഞ വാക്കുകള്‍.

പരീക്ഷണങ്ങള്‍ അദ്ദേഹത്തെ പിന്തടര്‍ന്നുകൊണ്ടേയിരുന്നു. പിന്നീട് അര്‍ബുദം ബാധിച്ചത് ഇടതു ശ്വാസകോശത്തെയായിരുന്നു. അങ്ങനെ ഇടതു ശ്വാസകോശവും മുറിച്ചു മാറ്റി. ഇടതുകാലും ഇടതുശ്വാസകോശവും നഷ്ടപ്പെടുത്തിയ അര്‍ബുദരോഗത്തെ ജെയിംസ് പേടിച്ചില്ല. രോഗത്തോടായിരുന്നില്ല, അള്‍ത്താരയില്‍ നിന്ന് കാസയും പീലാസയും ദൈവത്തിങ്കലേക്ക് ഉയര്‍ത്തണമെന്ന തന്റെ മോഹത്തിന് മങ്ങലേല്‍ക്കുമോ എന്ന കാര്യത്തിലായിരുന്നു ഇദ്ദേഹത്തിന് യഥാര്‍ത്ഥത്തില്‍ പേടി. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടങ്ങളില്‍ ദിവ്യകാരുണ്യ മിഷണറി സഭ’ അദ്ദേഹത്തിനൊപ്പം പിന്തുണയോടെ നിന്നു.

ബംഗളൂരു ജീവാലയ സെമിനാരിയില്‍ ഫിലോസഫി പഠിക്കുമ്പോഴായിരുന്നു കാന്‍സര്‍ രോഗം കണ്ടത്തിയത്. സഭ നല്‍കിയ ബലത്തില്‍ കൃത്രിമക്കാലുമായാണ് വൈദിക പഠനത്തിന്റെ അവസാന ഘട്ടങ്ങളിലേക്ക് അദ്ദേഹം എത്തുന്നത്. ഗുരുതരമായ രോഗം ബാധിച്ചവരെ വൈദികനാകാന്‍ സഭ’ അനുവദിക്കാറില്ല. എന്നാല്‍ ഫാദര്‍ ജെയിംസിന് സഭ പ്രത്യേക അനുവാദം നല്‍കിയിരുന്നു. താങ്ങുന്നവന്റെ ശക്തമായ കരങ്ങളാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ഫാദര്‍ ജെയിംസ് ഉറച്ചു വിശ്വസിക്കുന്നു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥമാണ് തന്റെ പ്രാര്‍ത്ഥനാ ബലമെന്ന് ജെയിംസ് അച്ചന്‍ പറയുന്നു. അല്‍ഫോന്‍സാമ്മയുടെ രൂപവും തിരുശേഷിപ്പും എപ്പോഴും കൈയില്‍ കൊണ്ടുനടക്കുന്ന ശീലവും ഇദ്ദേഹത്തിനുണ്ടായിരുന്നു. പട്ടം സ്വീകരിക്കുന്നതിനു മുന്‍പ് കുറച്ചു നാളുകള്‍ ഭരണങ്ങാനം പള്ളിയില്‍ അല്‍ഫോന്‍സാമ്മയുടെ അടുത്ത് ചിലവഴിക്കാനുള്ള അനുഗ്രഹവും അദ്ദേഹത്തിന് കിട്ടിയിരുന്നു.

കുട്ടികള്‍ക്കായി ക്ലാസ്സുകള്‍ നയിക്കുന്നതിലൂടെ പ്രചോദനത്തിന്റെ ഏറ്റവും മികച്ച മാതൃക കൂടിയായിരുന്നു ഫാദര്‍ ജെയിംസ് പഠന കാലത്ത്. സഹനങ്ങള്‍ ദൈവേഷ്ടമാണെന്ന് പറഞ്ഞ് പ്രത്യാശയുടെ ഊര്‍ജ്ജത്തിന്റെ ഉറവിടമാകുകയാണ് ഈ പുത്തനച്ചന്‍.

സുമം തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.