‘വഴിക്കൂറായി’ – ഓൺലൈൻ കോഴ്‌സ് മെറിറ്റ് ഡേ സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയിലെ ഡോ. ജേക്കബ് കൊല്ലാപറമ്പിൽ എഡ്യുക്കേഷനൽ ട്രസ്റ്റിന്റെയും (JET) ക്‌നാനായ അക്കാദമി ഫോർ റിസർച്ച് ആൻഡ് ട്രെയിനിംഗിന്റെയും (KART) നേതൃത്വത്തിൽ സംഘടിപ്പിച്ച ‘വഴിക്കൂറായി’ രാജ്യാന്തര ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിലെ പങ്കാളികളുടെ കൂടിവരവും മെറിറ്റ് ഡേയും ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

വിശ്വാസവും പൈതൃകവും സംരക്ഷിച്ചുകൊണ്ട് മുന്നേറുവാൻ ഇത്തരത്തിലുള്ള ഓൺലൈൻ ക്ലാസ്സുകൾ പ്രചോദനമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സമുദായത്തിന്റെ പൈതൃകങ്ങളും ആചാരങ്ങളും ശരിയായി അറിയുവാനും മനസ്സിലാക്കുവാനും സമുദായപഠനങ്ങൾ വഴിയൊരുക്കുമെന്നും അതിലൂടെ പിതാക്കന്മാർ പകർന്നു നൽകിയ വിശ്വാസപാരമ്പര്യം തുടർന്നുകൊണ്ടു പോകുവാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ്പണ്ടാരശ്ശേരിൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. ജോൺസൺ നീലാനിരപ്പേൽ, ഫാ. ബൈജു മുകളേൽ, ഫാ. മാത്യു കൊച്ചാദംപള്ളിൽ, മിഷനറി സൊസൈറ്റി ഡയറക്ടർ ഫാ. ഷാജി വടക്കേത്തൊട്ടിയിൽ, കാർട്ട് അക്കാദമിക് ഡയറക്ടർ ഡോ. ജോസ് ജെയിംസ്, കെ.സി.സി പ്രസിഡന്റ് തമ്പി ഏരുമേലിക്കര, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഡോ. മേഴ്‌സി ജോൺ, കെ.സി.വൈ.എൽ ജോയിന്റ് സെക്രട്ടറി അച്ചു അന്ന ടോം എന്നിവർ പ്രസംഗിച്ചു.

കാർട്ട്, ജെറ്റ്, ക്‌നാനായ ഗ്ലോബൽ ഫൗണ്ടേഷൻ, ക്‌നാനായ കാത്തലിക് കോൺഗ്രസ്, ക്‌നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ സംഘടനകളുടെ എക്‌സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു.

ക്‌നാനായ സമുദായത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിലൂടെ ക്രിസ്തീയതയ്ക്ക് ആധികാരികമായി സാക്ഷ്യം വഹിക്കുക, ക്രിസ്തീയവും ഭാരതീയവുമായ ജീവിതമാർഗ്ഗമായ നാനാത്വത്തിൽ ഏകത്വം എന്ന തത്വപ്രകാരം ജീവിക്കുന്നതിലൂടെ ഇതരവിഭാഗങ്ങളെ ബഹുമാനത്തോടെ വീക്ഷിക്കാൻ പ്രാപ്തരാക്കുക, ക്‌നാനായ സമുദായ പഠനപ്രവർത്തന ടീം സജ്ജമാക്കുക എന്നീ ലക്ഷ്യങ്ങളോടെ 2020 ജൂലൈ 3 -ന് തുടക്കം കുറിച്ച കോഴ്‌സ് 2020 ഡിസംബറിൽ അവസാനിച്ചിരുന്നു. തുടർന്ന് 2021 -ൽ പരീക്ഷയും കോഴ്‌സ് പൂർത്തീകരണത്തിനായി പങ്കെടുത്തവരുടെ അസൈൻമെന്റ് സമർപ്പണവും പൂർത്തിയാക്കി.

ക്‌നാനായ ഗ്ലോബൽ ഫൗണ്ടേഷൻ, ക്‌നാനായ കാത്തലിക് കോൺഗ്രസ്, ക്‌നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെയാണ് കോഴ്‌സ് സംഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.