കോടതിയുടെ കനിവ്: കാണ്ഡമാൽ നിരപരാധികളിൽ ഒരാൾക്ക് ജാമ്യം

കാണ്ഡമാല്‍ കലാപത്തിന്റെ പേരില്‍ അന്യായമായി ജയിലില്‍ കഴിഞ്ഞിരുന്ന ഏഴുപേരില്‍ ഒരാള്‍ക്ക് ജാമ്യം. ക്രൈസ്തവ വിശ്വാസിയായ ഗോര്‍നാഥ്‌ ചലന്‍സേത്തിനാണ് സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചത്. ‘ശക്തമായ ക്രൈസ്തവ വിശ്വാസം ദൈവേഷ്ടമായി പരിണമിച്ചു’ എന്ന് ഭൂവനേശ്വര്‍ – കട്ടക്ക് മെത്രാപ്പോലീത്ത മോണ്‍. ജോണ്‍ ബര്‍വ പ്രതികരിച്ചു.

“എന്റെ സന്തോഷത്തിന് അതിരില്ല. അത് വിവരിക്കാന്‍ വാക്കുകളുമില്ല” ജാമ്യം നേടി പുറത്തുവന്ന ഗോര്‍നാഥ് പ്രതികരിച്ചു. ചൊവ്വാഴ്ചയാണ് ഗോര്‍നാഥ്‌, ഒഡീഷയിലെ ഫുല്‍ബാനി ജില്ലാ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനയായ അലയന്‍സ് ഡിഫെന്‍സ് ഫ്രീഡമിന്റെ ഇടപെടലാണ് (ADF) ഗോര്‍നാഥിന്റെ ജാമ്യം സാധ്യമാക്കിയത്.

ഭാര്യയെയും മക്കളെയും ഉറ്റബന്ധുക്കളെയും കണ്ടപ്പോള്‍ കരഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ സന്തോഷം പ്രകടിപ്പിച്ചത്. ഒഡീഷയിലെ ഫുല്‍ബാനിയില്‍ സ്വീകരിക്കാനെത്തിയവരും അദ്ദേഹത്തെ കണ്ടപ്പോള്‍ വിങ്ങിപ്പൊട്ടി.

സ്വാമി ലക്ഷ്മണാനന്ദയും നാല് അനുയായികളും വധിക്കപ്പെട്ട കേസിലാണ് ഗോര്‍നാഥ്‌ ഉള്‍പ്പെടെ നിരപരാധികളായ 7 ക്രിസ്ത്യാനികള്‍ 2008-ല്‍ അറസ്റ്റിലായത്. സംഭവം നടന്ന ഉടന്‍ തന്നെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം മാവോവാദികള്‍ ഏറ്റെടുത്തെങ്കിലും ക്രിസ്ത്യാനികൾ, മാവോയിസ്റ്റുകളുമായി ചേര്‍ന്നു നടത്തിയ കൊലപാതകമാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു.