വേദനിക്കുന്ന കുഞ്ഞുങ്ങളില്‍ നാം ഈശോയെ കാണുന്നു: ഫ്രാന്‍സിസ് പാപ്പ

യുദ്ധം, ദാരിദ്ര്യം, അസന്തുലിതാവസ്ഥ എന്നിവ മൂലം ദുരിതം അനുഭവിക്കുന്ന  എല്ലാ കുട്ടികളെയും ഓർമ്മിക്കുന്നതിനും പ്രാർഥിക്കുന്നതിനും ഉള്ള  അവസരമാണ് ക്രിസ്തുമസ് എന്ന് ഫ്രാന്‍സിസ് പാപ്പ. ക്രിസ്തുമസിനോടനുബന്ധിച്ചുള്ള സന്ദേശത്തില്‍ ആണ് പാപ്പ ഈ കാര്യം ഓര്‍മ്മിപ്പിച്ചത്. ഇന്ന് ലോകത്തില്‍ യുദ്ധത്തിന്റെ കാറ്റാണ് വീശുന്നത് എന്നും പാരിസ്ഥിതികവും മാനുഷികവും ആയ കാര്യങ്ങളെ നിര്‍മ്മിക്കുന്ന കാലഹരണപ്പെട്ട മാതൃകയാണ് നിലനില്‍ക്കുന്നതെന്നും പാപ്പ ചൂണ്ടിക്കാട്ടി.

ശിശുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അവരില്‍ യേശുവിനെ ദര്‍ശിക്കാനുമാണ് ക്രിസ്തുമസ് നമ്മെ ക്ഷണിക്കുന്നത് എന്ന് പാപ്പ പറഞ്ഞു. ഈശോ ജനിച്ചത് ഒരു പുരുഷന്റെ ആഗ്രഹത്തില്‍ നിന്നല്ലെന്നും ദൈവത്തിന്റെ സ്നേഹ സമ്മാനമാണ് അവിടുന്ന് എന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. ദൈവപുത്രന്റെ ആഗമനത്തിന്റെയും അവിടുത്തെ മനുഷ്യാവതാരത്തിന്റെയും നമ്മെ രക്ഷിക്കുന്നതിനായി ദരിദ്രരില്‍ ദരിദ്രനായി ഉള്ള അവിടുത്തെ ജീവിതത്തിന്റെയും  രഹസ്യമാണ് ക്രിസ്തുമസ് എന്നും ഇതു ദൈവത്തിന്റെ ആര്‍ദ്രതയാണ് വെളിപ്പെടുത്തുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

വിശുദ്ധ പത്രോസിന്റെ ചതുരത്തില്‍ കൂടിയിരുന്ന അൻപതിനായിരത്തോളം വരുന്ന തീർത്ഥാടകരോടായി ആണ് പാപ്പ സന്ദേശം പങ്കുവെച്ചത്. ഈ ക്രിസ്തുമസ് ദിനം വേദനിക്കുന്ന കുട്ടികളോടൊപ്പം ആയിരിക്കുവാനും കുട്ടികളെ പോലെ ആകുവാനും ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.