ദുരന്തവാർഷികത്തിൽ അണ്വായുധ വിമുക്ത ലോകത്തിനായി പ്രാർത്ഥിച്ചുകൊണ്ട് ജപ്പാനിലെ ബിഷപ്പുമാർ

ലോകമെമ്പാടുമുള്ള ആണവായുധങ്ങൾ നിർവീര്യമാക്കുവാനും മാനുഷിക വികസനത്തിനായി സമാധാന ശ്രമങ്ങളിലൂന്നിയ പ്രവർത്തനങ്ങൾ നടത്തുവാന്‍ ആഹ്വാനം ചെയ്യുകയും പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ട് ജപ്പാനിലെ ബിഷപ്പുമാർ. 1945 ഓഗസ്റ്റിൽ ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആണവ ബോംബാക്രമണത്തിന്റെ വാർഷികത്തോടനുബന്ധിച്ചാണ് ജപ്പാൻ ബിഷപ്പുമാർ അണ്വായുധ വിമുക്ത ലോകത്തിനായി ആഹ്വാനം ചെയ്തത്.

ആണവായുധങ്ങളുടെ നിർമ്മാണം നിർത്തലാക്കുകയും നിരായുധീകരണം സാധ്യമാക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിച്ച ബിഷപ്പുമാർ, അടുത്ത വർഷം ഫ്രാൻസിസ് പാപ്പാ തങ്ങളുടെ രാജ്യം സന്ദർശിക്കുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. ദുരന്തവാർഷികത്തോട്  അനുബന്ധിച്ച് ജപ്പാനിലെ സഭ പത്ത് ദിവസത്തെ സമാധാന പ്രാർത്ഥന നടത്തിയിരുന്നു.

1945 ഓഗസ്റ്റ് 6-ന് ഹിരോഷിമയിലാണ് ആദ്യ അണുബോംബ് വർഷിച്ചത്. ഒരു ലക്ഷത്തിലധികം ആളുകൾ ഈ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. ഓഗസ്റ്റ് 9-ന് നാഗസാക്കിയിൽ മറ്റൊരു അണുബോംബ് പതിക്കുകയും 74,000 പേർ കൊല്ലപ്പെടുകയും ചെയ്തു. ആണവായുധം വരുത്തിവച്ച അനന്തരഫലത്തിന്റെ രക്തസാക്ഷികളായി ഒരു കൂട്ടം ജനത അവിടെ അവശേഷിക്കുകയും ചെയ്തു.

1981 ഫെബ്രുവരിയിലെ ഒരു യാത്രയ്ക്കിടെ വി. ജോൺപോൾ രണ്ടാമൻ പാപ്പാ ഇരുനഗരങ്ങളും സന്ദർശിക്കുകയും സമാധാനത്തിനായി അപേക്ഷിക്കുകയും ലോകമെമ്പാടുമുള്ള ആണവായുധങ്ങൾ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

“നമുക്ക് നീതിയിലൂടെ സമാധാനത്തിനായി കഠിനമായി പരിശ്രമിക്കാം. യുദ്ധം ഉണ്ടാകാതിരിക്കുവാനും അഭിപ്രായ വ്യത്യാസങ്ങൾ സമാധാനത്തിൽ തീർക്കുവാനും നമുക്കിപ്പോൾ ഒരു തീരുമാനമെടുക്കാം. നിരായുധീകരണത്തിനും എല്ലാ ആണവായുധങ്ങളും ഇല്ലാതാക്കുന്നതിനും പരിശ്രമിക്കുകയും അക്രമത്തിനും വിദ്വേഷത്തിനും പകരം വിശ്വാസവും കരുതലും നൽകുകയും ചെയ്യാം” – വി. ജോൺപോൾ രണ്ടാമൻ പാപ്പാ ലോകരാഷ്ട്രങ്ങളോട് അന്ന് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.