ലൗകികസുഖങ്ങൾ ഉപേക്ഷിച്ച് ദാരിദ്ര്യജീവിതം നയിക്കാൻ ഫ്രാൻസിസ് അസീസി തീരുമാനിച്ച ദിവസം

ജീവിതത്തിൽ ലഭിക്കാവുന്ന സുഖസമൃദ്ധികൾക്കും സമ്പത്തിനും മധ്യേ ജനിച്ചുവളർന്ന വിശുദ്ധനാണ് വി. ഫ്രാൻസിസ് അസീസി. എന്നാൽ ലൗകികമായ സമ്പത്ത് നൽകുന്ന ആനന്ദമൊന്നും താൻ അനുഭവിച്ചറിഞ്ഞ ദൈവസ്നേഹം നൽകുന്ന ആനന്ദത്തോളം എത്തുന്നില്ലെന്നു തിരിച്ചറിഞ്ഞ ഫ്രാൻസിസ് അസീസി അവയെല്ലാം ഉപേക്ഷിച്ച് ദാരിദ്ര്യജീവിതത്തെ പുൽകി.

ഫെബ്രുവരി 24 -നായിരുന്നു അസീസിയിലെ വി. ഫ്രാൻസിസ് ദാരിദ്ര്യജീവിതം നയിക്കാനുള്ള ആ നിർണ്ണായക തീരുമാനമെടുത്തത്. ആ തീരുമാനമാണ് ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിന്റെ സ്ഥാപനത്തിലേക്ക് നയിച്ചതും. ജനറൽ കൂരിയ ഓഫ് ഓർഡർ ഓഫ് കപ്പൂച്ചിന്‍ ഫ്രയേഴ്‌സ് മൈനർ ഓർമിപ്പിക്കുന്നതുപോലെ, 1208-ലായിരുന്നു വിശുദ്ധൻ ആ നിർണ്ണായകമായ തീരുമാനം എടുത്തത്.

ഇപ്പോൾ ഇറ്റലിയിലെ അസീസിയിലെ സാന്താ മരിയ ഡി ലോസ് ഏഞ്ചൽസിലെ ബസിലിക്ക ഇരിക്കുന്ന സ്ഥലത്ത് വിശുദ്ധ കുർബാന മധ്യേ ഒരു സുവിശേഷഭാഗം കേൾക്കുകയാണ്. മത്തായിയുടെ സുവിശേഷം പത്താം അധ്യായത്തിൽ ഈശോ ശിഷ്യന്മാരെ അയക്കുന്ന ഭാഗമായിരുന്നു അത്. അതിൽ കർത്താവ് തന്റെ അപ്പസ്തോലന്മാരെ അയക്കുമ്പോൾ പറയുന്നുണ്ട്: “നിങ്ങളുടെ അരപ്പട്ടയിൽ സ്വർണ്ണമോ, വെള്ളിയോ, ചെമ്പോ കരുതിവയ്ക്കരുത്. യാത്രക്ക് സഞ്ചിയോ, രണ്ടു ഉടുപ്പുകളോ, ചെരുപ്പോ, വടിയോ കൊണ്ടുപോകരുത്” – ആ വചനം അദ്ദേഹത്തെ സ്വാധീനിച്ചു.

ഈ വചനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വി. ഫ്രാൻസിസ്, കടുത്ത ദാരിദ്ര്യത്തിന്റെ ജീവിതം ആരംഭിച്ചു. ‘പശ്ചാത്തപിക്കുവിൻ, പ്രായശ്ചിത്തം ചെയ്യുവിൻ’ എന്ന് ആഹ്വാനം ചെയ്തുകൊണ്ട് സുവിശേഷ പ്രഘോഷണയാത്ര ആരംഭിച്ചു എന്ന് ഫ്രാൻസിസ്കൻ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. യാത്രക്കിടയിൽ വീടുകളിൽ നിന്ന് ഭക്ഷണം കഴിക്കുകയും അവർ നല്‍കിയത് സ്വീകരിക്കുകയും ചെയ്തു. സഭയിൽ ഒരു പുതിയ സംഘടനയോ, രൂപമോ കൊടുക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. എന്നാൽ അദ്ദേഹത്തിന്റെ ജീവിതരീതികൾ കണ്ട് ആകർഷിച്ച അനേകം യുവാക്കൾ അദ്ദേഹത്തെ തേടിയെത്തി – ഫ്രാൻസിസ്ക്കൻ വെബ് സൈറ്റ് വ്യക്തമാക്കുന്നു.

വി. ഫ്രാൻസിസ് 1226 ഒക്ടോബർ 3-ന് അന്തരിച്ചു. രണ്ട് വർഷങ്ങൾക്കു ശേഷം ഗ്രിഗറി ഒൻപതാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.

മരിയ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.