ബൈബിളിന്റെ ആയിരത്തില്‍പ്പരം വര്‍ഷം പഴക്കമുള്ള കൈയെഴുത്തുപ്രതി, എത്യോപ്യയില്‍

ബൈബിളിന്റെ ആയിരത്തില്‍പ്പരം വര്‍ഷം പഴക്കമുള്ള കൈയെഴുത്തുപ്രതി, എത്യോപ്യയിലെ അബുനാ ഗാരിമ സന്യാസാശ്രമത്തില്‍. ‘ഗരിമ ഗോസ്പല്‍’ എന്ന് അറിയപ്പെടുന്ന ഈ സചിത്ര ബൈബിള്‍ എത്യോപ്യന്‍ ഭാഷയായ ‘ഗീസി’ലാണ് എഴുതപ്പെട്ടിരിക്കുന്നത്. ഏകദേശം ഒരേ കാലഘട്ടത്തില്‍ എഴുതപ്പെട്ട 10 ഇഞ്ച് കനത്തിലുള്ള രണ്ടു വാല്യങ്ങളായാണ് ബൈബിള്‍ സൂക്ഷിച്ചിരിക്കുന്നത്.

ആട്ടിന്‍ തോലില്‍ എഴുതപ്പെട്ട ഇതില്‍ നാല് സുവിശേഷങ്ങളാണുളളത്. 11-ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടു എന്നായിരുന്നു അനുമാനം. എന്നാല്‍, എ.ഡി 330 – 650 കാലഘട്ടത്തില്‍ തയ്യാറാക്കപ്പെട്ടത് എന്നാണ് കാര്‍ബണ്‍ ഡേറ്റിംഗ് ടെസ്റ്റിലെ കണ്ടെത്തല്‍. സന്യാസാശ്രമത്തിന്റെ സ്ഥാപകന്‍ അബ ഗരിമ എന്ന സന്യാസിയാണ് അത് എഴുതിയതെന്ന് കരുതപ്പെടുന്നു. ഇസ്ലാമിക അധിനിവേശത്തെയും ഇറ്റാലിയന്‍ കടന്നുകയറ്റത്തെയും സന്യാസാശ്രമത്തിന്റെ ദൈവാലയത്തില്‍ ഉണ്ടായ അഗ്‌നിബാധയെയുമെല്ലാം അതിജീവിച്ച് നിലനില്‍ക്കുന്നുവെന്നതാണ് കൈയെഴുത്തുപ്രതിയെ കൂടുതല്‍ വിലപ്പെട്ടതാക്കുന്നത്.