തടവുകാരന്റെ വധശിക്ഷ നടപ്പാക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പ് ശിക്ഷ ഇളവ് ചെയ്ത് ഒക്‌ലഹോമ ഗവർണർ; ഇത് പ്രാർത്ഥനാപൂർവ്വമായ തീരുമാനം

ഒക്‌ലഹോമ ഗവർണർ ജെ കെവിൻ സ്റ്റിറ്റ് ഒരു തടവുകാരന്റെ വധശിക്ഷ നടപ്പാക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പ് ശിക്ഷ ഇളവ് ചെയ്തു. പ്രാർത്ഥനാപൂർവ്വമാണ് താൻ ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ജൂലിയസ് ജോൺസ് എന്ന തടവുകാരന്റെ വധശിക്ഷ ഇന്ന് വൈകിട്ട് നാലു മണിക്ക് നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. ഇതാണ് ഇളവ് ചെയ്ത് പരോൾ ലഭിക്കാത്ത ജീവപര്യന്തം തടവ് ആക്കി മാറ്റിയത്.

“ഈ കേസിന്റെ എല്ലാ വശവും പഠിച്ചശേഷം പ്രാർത്ഥനാപൂർവ്വം പരിഗണിക്കുകയും അവലോകനം ചെയ്യുകയും ചെയ്ത ശേഷം, പരോളിന്റെ സാധ്യതയില്ലാതെ ജൂലിയസ് ജോൺസിന്റെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കാൻ ഞാൻ തീരുമാനിച്ചു” – സ്റ്റിറ്റ് പ്രസ്താവനയിൽ പറഞ്ഞു.

“ശിക്ഷിക്കപ്പെട്ടവർക്ക് മോചനത്തിനുള്ള അവസരം നൽകുമ്പോൾ നീതി തേടാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ ഞാൻ അഭിനന്ദിക്കുന്നു. വധശിക്ഷയെ എതിർക്കുന്നത് കുറ്റകൃത്യത്തോട് മൃദുവായ സമീപനം പുലർത്തുകയല്ല. മറിച്ച്, അത് ജീവനെ ബഹുമാനിക്കുന്നതിൽ ഉറച്ചുനിന്നു കൊണ്ടുള്ള ഒരു നിലപാടാണ്” – ഒക്‌ലഹോമ സിറ്റി ആർച്ചുബിഷപ്പ് പോൾ എസ്. കോക്‌ലി, ബാൾട്ടിമോറിൽ നടന്ന യുഎസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്‌സിന്റെ ഫാൾ ജനറൽ അസംബ്ലിയിൽ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

വധശിക്ഷക്ക് ഇളവ് പ്രഖ്യാപിക്കുന്നതിനു മുമ്പ് ആർച്ചുബിഷപ്പ് ഇപ്രകാരം ട്വീറ്റ് ചെയ്തിരുന്നു: “ജൂലിയസിനും ഗവർണർ സ്റ്റിറ്റിനും വേണ്ടി ഞാൻ ഇന്ന് രാവിലെ കുർബാന അർപ്പിച്ചു. ഇനിയുള്ള കാര്യങ്ങൾ ദൈവത്തിന്റെ കരങ്ങളിലാണ്.”

1999 -ൽ പോൾ ഹോവലിന്റെ മരണത്തെ തുടർന്നാണ് 41-കാരനായ ജോൺസ് ശിക്ഷിക്കപ്പെട്ടത്. ഒക്‌ലഹോമ സിറ്റിയിൽ നിന്നുള്ള മുൻ ഹൈസ്‌കൂൾ ബാസ്‌ക്കറ്റ്‌ ബോൾ കളിക്കാരനായ ജോൺസിന് 19 വയസ്സായിരുന്നു അന്ന് പ്രായം. അദ്ദേഹം ഇപ്പോഴും കുറ്റം സമ്മതിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.