ഒരു ഓഖി ഓർമ്മക്കുറിപ്പ്

ക്ലിന്റൺ എൻ സി ഡാമിയൻ

ക്ലിന്റൺ എൻ. സി. ഡാമിയൻ

കഴിഞ്ഞ പ്രളയക്കാലത്ത് കേരളത്തിൽ ഏറെ വാഴ്ത്തപ്പെട്ട ഒരു ജനവിഭാഗമുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി ദൈവത്തിന്റെ സ്വന്തം നാടിന്റെ രക്ഷാസൈന്യമെന്നും നാവികസേനയെന്നും വിളിച്ച മത്സ്യത്തൊഴിലാളികളാണവർ. അന്നന്നുള്ള അന്നത്തിനായി കടലിനോട് മല്ലീടുന്ന കടലിന്റെ മക്കൾ. പ്രളയത്തിന്റെ താണ്ഡവത്തിനു മുൻപിൽ മലയാളി പകച്ചു നിന്നപ്പോൾ സ്വന്തം ഉപജീവന മാർഗ്ഗമായ വള്ളവും കൊണ്ട് തങ്ങളുടെ ജീവിതത്തിൽ അന്നുവരെ കാണാത്ത ഒരു ജനതയ്ക്കും ദേശത്തിനും വേണ്ടി കുതിച്ചുപാഞ്ഞവർ. കാടും മലയും റബർത്തോട്ടവും റോഡും എന്നൊന്നും നോക്കാതെ ആയിരക്കണക്കിനു ജീവിതങ്ങളെ തങ്ങളുടെ കരം നൽകി രക്ഷിച്ചവർ. പ്രളയക്കെടുതി കഴിഞ്ഞ് തകർന്ന വള്ളവും എഞ്ചിനും നഷ്ടങ്ങളുമായി തിരികെ തങ്ങളുടെ തീരങ്ങളിലെക്ക് മടങ്ങിച്ചെന്നവർ. ചെയ്ത പ്രവർത്തനങ്ങൾക്ക്  പാരിതോഷികങ്ങൾ പ്രഖ്യാപിച്ചപ്പോൾ തങ്ങൾ കൂലിക്കാരല്ല, മറിച്ച് തങ്ങളുടെ സഹോദരങ്ങളെ രക്ഷിക്കാനാണ് തങ്ങൾ പോയതെന്നും അതുകൊണ്ട്  ദുരിതാശ്വാസ നിധിയിലെയ്ക്ക് മടക്കി നൽകുന്നുവെന്ന് നെഞ്ചുവിരിച്ച് പറഞ്ഞവർ.

എന്നാൽ 2017 നവംബർ 29 എന്ന ദിനം അവർക്കു സമ്മാനിച്ച ഓഖിയെന്ന മുറിവ് ഉണങ്ങും മുൻപാണ് പ്രളയ മുഖത്തേയ്ക്ക്  രക്ഷാസൈന്യമായി കുതിച്ചത് എന്നത് മലയാളി മറന്നു പോയ സത്യമാണ്. ആ ചുഴലിക്കാറ്റ് അറബിക്കടലിൽ തീർത്ത സംഹാരതാണ്ഡവത്തിന് നവംബർ 29ന് ഒരു വയസ്സ് അതായത് ഒരാണ്ട് പൂർത്തിയാകുന്നു. ആ ഓഖി തീർത്ത വിലാപങ്ങൾ പേറിയ എന്റെ ജനതയുടെ കണ്ണീർ കണ്ട് മരവിച്ചു പോയ മനസ്സുമായി ഒരു തരി പോലും എഴുതാനായില്ല ആ നാളുകളിൽ. ഇതാ അന്നു ഞാൻ അനുഭവിച്ച കാഴ്ചകളെ ഒരു ഓർമ്മക്കുറിപ്പായി എഴുതീടുന്നു.

29 നവംബർ 2017. കേരള സർവ്വകലാശാലയുടെ ലൈബ്രറി സയൻസ് പഠന വകുപ്പിലെ ഒന്നാം വർഷ ക്ലാസ്സ്മുറി. അന്തരീക്ഷം ഇരുണ്ട് തുടങ്ങിയിരിക്കുന്നു. പെട്ടെന്ന് മൊബൈൽ റിംഗ് ചെയ്തു. മറുതലയ്ക്കൽ ദീപക്ക് ആന്റോച്ചൻ. അന്നത്തെ പൂന്തുറ ഇടവക സഹവികാരി. “ക്ലിന്റാ പൂന്തുറയിൽ നിന്നും പോയ മുപ്പതോളം വള്ളങ്ങൾ ഇതുവരെ തിരിച്ചു വന്നില്ലടാ. കടൽ മൊത്തത്തിൽ ഇളകിയിരിക്കുകയാണ്. പോയവർക്കു തിരിച്ചു വരാൻ പ്രയാസകരമാകുമെന്നു തോന്നുന്നു. നീ മീഡിയാക്കാരെ അറിയിക്ക്.” സംഭാഷണം അവസാനിച്ചു. ടീച്ചർ വന്നു പറഞ്ഞു. ഓഖിയെന്ന ചുഴലിക്കാറ്റ് കാരണം ഇന്ന് ഉച്ചയ്ക്ക് ശേഷം ക്ലാസ്സുകളില്ല.

ഉള്ളിലൊരു അങ്കലാപ്പായിരുന്നു. നേരെ കുതിച്ചത് സ്വന്തം ഇടവകയായ വിഴിഞ്ഞത്ത്. അവിടെ നിലവിളികൾ ഉയർന്നു തുടങ്ങി. തിരുനാൾ പന്തലുയർന്ന തീരത്ത് വിലാപങ്ങൾ അലയടിച്ചു. മടങ്ങി വരാത്ത തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ ചേർത്തുവച്ചവർ കടലിനെ നോക്കി നീറുന്ന നെഞ്ചുമായി കാത്തിരുന്നു. സർക്കാർ സംവിധാനങ്ങൾ പകച്ചു നിന്ന സമയത്ത് ഇടവക ഉണർന്നു. പഴയ പള്ളിയങ്കണം ദുഃഖ സാന്ദ്രമായ ഇടമായി തീർന്നു. കാണാതായവരുടെ കണക്കുകൾ കൂട്ടിക്കൊണ്ടിരുന്നു. കടൽ കലിപൂണ്ട് ആർത്തടിച്ചു നിന്നു.

തുടർന്നുള്ള ദിവസങ്ങളിൽ കടലിൽ ചുഴലിക്കാറ്റിന്റെ സാന്നിധ്യം മനസിലാക്കി  രക്ഷാപ്രവർത്തനം മന്ദഗതിയിലായി. ജനം ഇളകി. മരണപ്പെട്ടവരുടെ മൃതശരീരങ്ങൾ എടുക്കുവാൻ ആദ്യം നടപടിയുണ്ടായില്ല. ജീവനുള്ളവരെ രക്ഷിക്കാൻ മുൻഗണന നൽകപ്പെട്ടു. രക്ഷപ്പെട്ട്  കരയിൽ വന്നവർ പറഞ്ഞതു കേൾക്കുമ്പോൾ ഭക്ഷണമില്ലാതെ മറിഞ്ഞവള്ളത്തിൽ ഉപ്പുവെള്ളം കുടിച്ച് മരണത്തോട് മല്ലടിച്ചു കിടന്ന അവരുടെ ആ നിമിഷങ്ങളെപ്പറ്റി ഓർത്ത് ഭയന്നു പോയി.

ഞാറായ്ച്ച സ്വന്തം സഹോദരങ്ങളെ തേടി അവർ പുറപ്പെട്ടു, ജീവനോടെയും മൃതശരീരമായും ആരെ കിട്ടിയാലും കൊണ്ടുവരുമെന്ന് നിലപാടുമായാണ് അവർ ആഴിയിലേക്ക് കടന്നു ചെന്നത്. വിഴിഞ്ഞം ഹാർബറിൽ കാത്തിരുന്ന ആൾക്കൂട്ടത്തോടൊപ്പം ഞാനുമുണ്ടായിരുന്നു. ആദ്യത്തെ വള്ളം വന്നപ്പോൾ എല്ലാവരും ഓടിക്കൂടി. വിലാപങ്ങൾ ഉയർന്നു. അതൊരു മൃതശരീരമായിരുന്നു. വെള്ളം കുടിച്ച് വീർത്ത് ആരെന്നു പോലും തിരിച്ചറിയാനാകാതെ തീർന്ന ഒരു മത്സ്യത്തൊഴിലാളിയുടെ  ശരീരം. തങ്ങളുടെ സ്വന്തമെന്നു കരുതിയെല്ലാവരും നിലവിളിച്ചു. അങ്ങനെ തുടർച്ചയായി അഞ്ചു ശരീരങ്ങളെ കണ്ട് ഞാനും തളർന്നു പോയി.

ഇനിയൊരു വാക്കു പോലും എഴുതാനാകുന്നില്ല. ഓർക്കും തോറും തലച്ചോർ മരവീച്ചീടുന്നു. വിരലുകൾ എഴുത്തെന്ന ഉദ്യമത്തിൽ നിന്നും പിൻവാങ്ങാൻ പറഞ്ഞീടുന്നു. ഓർക്കുക കേരളമേ. ഈ ജനത ഓഖിയുടെ മുറിവും പേറിയാണ് പ്രളയക്കെടുതിയിൽ  നിങ്ങളെ തേടിയെത്തിയത്. അവർ അതീജീവിച്ചു തുടങ്ങുകയാണ്. അവർക്കു താങ്ങായി നിലകൊള്ളേണ്ടതു നിങ്ങളുടെ കടമയാണെന്ന് ഓർത്തീടുക…

ക്ലിന്റൺ എൻ സി ഡാമിയൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.