ലോകത്തില്‍ അനേകം അത്ഭുതങ്ങള്‍ക്കു കാരണമാകുന്ന തൈലങ്ങള്‍

ദൈവം വിശുദ്ധരിലൂടെ അനേകം അത്ഭുതങ്ങള്‍ ലോകത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പല അത്ഭുതങ്ങള്‍ക്കു പിന്നിലും അതിനു കാരണമായ ഒരു പദാര്‍ത്ഥം ഉണ്ട്. അത് വിശുദ്ധരുടെ തിരുശേഷിപ്പാകാം, തിരുശേഷിപ്പുകളില്‍ നിന്നും വരുന്ന വെള്ളം, എണ്ണ, തുടങ്ങിയവയുമാകാം. അതും അല്ലെങ്കില്‍ വിശുദ്ധരുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നിന്നുള്ള വസ്തുക്കള്‍ ആകാം.

ഇന്ന് ലോകത്തില്‍ അനേകം രോഗശാന്തികള്‍ നല്‍കുന്ന ഏതാനും വിശുദ്ധ തൈലങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ.

1. വിശുദ്ധ വെല്‍ബര്‍ഗിന്റെ എണ്ണ 

വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണമടഞ്ഞ വിശുദ്ധയാണ് വെല്‍ബര്‍ഗ്. ഈ വിശുദ്ധയുടെ തിരുശേഷിപ്പില്‍ നിന്നും എണ്ണപോലെ ഒരു ദ്രാവകം വന്നുകൊണ്ടിരിക്കുകയാണ്. ആ ദ്രാവകം ശേഖരിച്ച്, അനേകര്‍ക്ക് പ്രാര്‍ത്ഥനയ്ക്കായി നല്‍കുകയും അനേകരുടെ സൗഖ്യങ്ങള്‍ക്ക് അത് ഇടയാക്കുകയും ചെയ്തിരുന്നു.

2. വിശുദ്ധ നിക്കോളാസിന്റെ എണ്ണ 

അനേകം അത്ഭുതങ്ങള്‍ക്കു കാരണമാകുന്ന മറ്റൊരു തിരുശേഷിപ്പാണ് സാന്താക്ലോസ് എന്നറിയപ്പെടുന്ന വിശുദ്ധ നിക്കോളാസിന്റേത്. ഇറ്റലിയിലെ ബാരിയില്‍ സൂക്ഷിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ കല്ലറയില്‍  നിന്നും എല്ലാ വര്‍ഷവും മെയ് ഒന്‍പതിന് എണ്ണപോലെ ഒരു പദാര്‍ത്ഥം ഒലിച്ചു വരുക പതിവാണ്. അത് പുരട്ടി പ്രാര്‍ത്ഥിക്കുന്ന അനേകരില്‍ രോഗസൗഖ്യവും ഉണ്ടാകാറുണ്ട്.

3. വിശുദ്ധ ചാര്‍ബെല്ലിന്റെ എണ്ണ

ലബനോനില്‍ സ്ഥിതിചെയ്യുന്ന വിശുദ്ധ ചാര്‍ബെല്ലിന്റെ ശവകുടീരത്തില്‍ നിന്ന് പതിവായി എണ്ണ ഒഴുകുകയാണ്. ഈ എണ്ണ രോഗബാധിതമായ ഭാഗങ്ങളില്‍ പുരട്ടി പ്രാര്‍ത്ഥിക്കുന്ന അനേകരില്‍ സൗഖ്യം സംഭവിക്കുന്നു. പലപ്പോഴും ഈ രോഗശാന്തികളൊക്കെ വൈദ്യ ശാസ്ത്രത്തെ പോലും അതിശയിപ്പിക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

4. ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെ എണ്ണ

ഒന്നാം ക്ലാസ് വിഭാഗത്തില്‍ പെടുന്ന വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പില്‍ നിന്ന് റോസാപ്പൂവിന്റെ ഗന്ധം ഉള്ള ഒരു എണ്ണ ഒഴുകുന്നുണ്ട്. വിശുദ്ധയോട് മാദ്ധ്യസ്ഥം യാചിച്ചു പ്രാര്‍ത്ഥിക്കുകയും ഈ എണ്ണ പുരട്ടുകയും ചെയ്യുന്ന അനേകരില്‍ രോഗശാന്തികള്‍ ഉണ്ടായിട്ടുണ്ട്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാര്‍ത്ഥിക്കുവാനായി ആളുകള്‍ ഈ എണ്ണ ഉപയോഗിക്കുന്നു.

5. വിശുദ്ധ ആനിയുടെ എണ്ണ

വിശുദ്ധ ആനിയുടെ കല്ലറയ്ക്ക് മുന്നില്‍ സ്ഥിതിചെയ്യുന്ന മെഴുകുതിരിയില്‍ നിന്നും ഒഴുകി എത്തുന്ന എണ്ണ വൈദികര്‍ വെഞ്ചരിച്ച് അനേകര്‍ക്ക് നല്‍കുന്നുണ്ട്. ഇത് അനേകം രോഗശാന്തികള്‍ക്ക് കാരണമാകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.