ജനാലകൾ തുറന്നിട്ടു പങ്കുചേരുന്ന ദിവ്യബലികൾ: ഇറ്റലിയുടെ വിശ്വാസത്തിന്റെ നേർമുഖങ്ങൾ

കോവിഡ് 19 എന്ന പകർച്ച വ്യാധിക്കിടയിലും വിശ്വാസ പ്രഘോഷണത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാകാതെ ഇറ്റലിയിലെ സമർപ്പിത സമൂഹങ്ങൾ. ക്വാറന്റൈനിൽ പോകുമ്പോൾ പോലും ജനാലകൾ തുറന്നിട്ടുകൊണ്ട് ദിവ്യബലിയർപ്പണത്തിൽ പങ്കുചേർന്നു ലോകത്തിന്റെ സൗഖ്യത്തിനും സമാധാനത്തിനുമായി പ്രാർത്ഥിക്കുകയാണ് ഈ സമർപ്പിത സഹോദരിമാർ.

ഇറ്റലിയിലെ വിവിധ സന്യാസ മഠങ്ങളിൽ ഇത്തരത്തിൽ ബലിയർപ്പണത്തിൽ പങ്കുചേരുന്ന ഒരുപാടു സന്യാസ ഭവനങ്ങളുണ്ട്. ഏത് പ്രതിസന്ധിയിലും ഈ സഹോദരിമാർക്ക് ബലിയർപ്പണത്തിന്റെ മുഖ്യ കാർമ്മികരായി എത്തിച്ചേരുന്നത് ഫ്രാൻസിസ്ക്കൻ ഫ്രെയർസ് ഓഫ് റിന്യൂവൽ സഭയിലെ വൈദികരാണ്. പൂന്തോട്ടങ്ങളിലും ഇടനാഴികകളിലും നിന്ന് ക്രിസ്തുവിന്റെ ബലിയര്‍പ്പണത്തെ പുനരാവിഷ്കരിക്കുകയും ഏറ്റുപറയുകയും ചെയ്യുമ്പോൾ കാലഘട്ടത്തിന്റെ വിശ്വാസ പ്രഘോഷകരായി മാറുകയാണ് ഈ സമർപ്പിതരും വൈദികരും. “ഞങ്ങളുടെ പുരോഹിത ഹൃദയങ്ങളിൽ എഴുതിയത് ക്രിസ്തുവിന്റെ മണവാട്ടിമാർ യേശുവിനായി ആഗ്രഹിക്കുമ്പോൾ അവർക്ക് യേശുവിനെ നൽകുവാൻ ഞങ്ങൾ ആവുന്നതെല്ലാം ചെയ്യും എന്നാണ്,”- ഫേസ്ബുക്ക് പോസ്റ്റിൽ ഫ്രാൻസിസ്കൻ വൈദികർ കുറിച്ചു.

മഹാമാരിയുടെ കാലഘട്ടത്തിൽ വിശുദ്ധ ബലിയുടെയും വിശ്വാസ ജീവിതത്തിന്റെയും പ്രാധാന്യത്തെയാണ് ഇവിടെ ജീവിത സാക്ഷ്യത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.