ഒക്ടോബര്‍ ജപമാല മാസമായതിന്റെ ചരിത്രം 

പരിശുദ്ധ അമ്മ വഴി ദൈവത്തോടുള്ള നമ്മുടെ പ്രാര്‍ഥനയാണ് ജപമാലയര്‍പ്പണം. അവിടുത്തെ രക്ഷാകരകര്‍മ്മത്തിന്റെ യോഗ്യത പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യംവഴി നാം സ്വീകരിക്കുന്നു. ഇന്ന് നാം പ്രാര്‍ഥനയായി ഉരുവിട്ടുകൊണ്ടിരിക്കുന്ന ജപമാലയുടെ ചരിത്രം ആരംഭിക്കുന്നത് ഡൊമിനിക്കന്‍ സന്യാസ സ്ഥാപകനായ വി. ഡൊമിനിക്കിലാണ്.

എ.ഡി. 1200 -നോടടുത്ത് മാനിക്കേയന്‍ പാഷണ്ഡതയുടെ വിഭാഗമായ അല്‍ബിജന്‍സിസ് യൂറോപ്പിലെ സഭയെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്ന കാലത്താണ് വി. ഡൊമിനിക്ക് തന്റെ ഉപവാസം ആരംഭിക്കുന്നത്. ഈ ഉപവാസത്തിനിടയില്‍ പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള ദേവാലയത്തില്‍ പ്രാർഥിച്ചുകൊണ്ടിരുന്ന വിശുദ്ധന് അമ്മ പ്രത്യക്ഷപ്പെട്ടു. ‘നന്മ നിറഞ്ഞ മറിയമേ സ്വസ്തി!’ എന്ന പ്രാര്‍ഥനയുടെ വരികള്‍ അമ്മയാണ് വിശുദ്ധന് ചൊല്ലിക്കൊടുത്തത്. ആ പ്രാര്‍ഥന ഹൃദയത്തിലേറ്റുവാങ്ങിയ ഡൊമിനിക്ക്, തുടര്‍ന്ന് 16 വര്‍ഷത്തോളം ജപമാല പ്രാര്‍ഥന നിരന്തരം ചൊല്ലി. അതോടെ പാഷണ്ഡത സാവധാനം അപ്രത്യക്ഷമാവുകയും ചെയ്തു. 1569 -ല്‍ അഞ്ചാം പിയൂസ് മാര്‍പാപ്പയാണ് ജപമാല ഔദ്യോഗികമായി അംഗീകരിച്ചത്. അധികം വൈകാതെ ഒക്‌ടോബര്‍ മാസം ജപമാല മാസമായും പ്രഖ്യാപിക്കപ്പെട്ടു. ജപമാലരാജ്ഞിയുടെ തിരുനാളിനും തുടക്കമിട്ടു.

ഒക്ടോബർ 7 -നാണ് ജപമാല രാജ്ഞിയുടെ തിരുനാൾ. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ നേടിയ വലിയ യുദ്ധവിജയത്തിന്റെ ഓർമ്മയ്ക്കായാണ് ഒക്ടോബർ 7 -ന് പരിശുദ്ധ അമ്മയുടെ തിരുനാൾ ആഘോഷിക്കുന്നത്. 1571 ഒക്ടോബർ മാസത്തിൽ യൂറോപ്പിലെ കത്തോലിക്കാസഭ വലിയ അപകടത്തിലായി. പ്രതീക്ഷയ്‌ക്ക്‌ വകയില്ലാത്തവിധം വലിയ അപകടം അവരെ ചൂഴ്ന്നുനിന്നു. ദശലക്ഷക്കണക്കിന് ക്രിസ്ത്യാനികളെ കൊന്നൊടുക്കിയും ഇസ്ലാം മതത്തിലേക്കു  ചേർത്തും, തുർക്കി മുസ്ലീംകൾ മിഡിൽ ഈസ്റ്റ് കീഴടക്കിയ സമയമായിരുന്നു അത്. ക്രേറ്റ്‌, സൈപ്രസ് ദ്വീപുകൾ കീഴടക്കി മെഡിറ്ററേനിയൻ കടലിലൂടെ സിസിലിയയും വെനീസും റോമും പിടിച്ചെടുക്കുകയായിരുന്നു അവരുടെ അടുത്ത ലക്ഷ്യം.

അഞ്ചാം പീയൂസ് പാപ്പാ യൂറോപ്പിലെ ക്രിസ്ത്യൻ രാജാക്കന്മാരെ ഇസ്ലാം അധിനിവേശത്തിനെതിരെ ഒന്നിപ്പിച്ചു. മാത്രമല്ല, റോമിലും യൂറോപ്പ് മുഴുവനും പൊതുവായി ജപമാല ചൊല്ലാനും ജപമാല പ്രദക്ഷിണങ്ങൾ നടത്താനും ആഹ്വാനം ചെയ്തു.

1571 ഒക്ടോബറില്‍ ലെപ്പാന്റോ കടലിടുക്കില്‍ നടന്ന യുദ്ധത്തില്‍ ഓസ്ത്രിയായിലെ ഡോം ജൂവാന്‍ തുര്‍ക്കികളുടെ നാവികപ്പടയുമായി ഏറ്റുമുട്ടിയപ്പോള്‍ പീയൂസ് പാപ്പായും ഭക്തജനങ്ങളും ജപമാല ചൊല്ലിക്കൊണ്ടിരുന്നു. അവസാനം 1571 ഒക്ടോബർ മാസത്തിലെ ആദ്യഞായറാഴ്ച ക്രിസ്ത്യന്‍ സൈന്യം തുര്‍ക്കികളെ തോല്പിക്കുകയും സഹസ്രക്കണക്കിന് ക്രിസ്ത്യാനികളെ മോചിപ്പിക്കുകയും ചെയ്തു. എണ്ണത്തിൽ വളരെ കുറവായിരുന്നിട്ടും വിജയംനേടാനായത് മാതാവിന്റെ മാധ്യസ്ഥത്താലാണെന്ന് അവർ ഉറച്ചുവിശ്വസിച്ചു. ഈ വിജയത്തിന്റെ വാര്‍ഷികം വിജയമാതാവിന്റെ തിരുനാളായി കൊണ്ടാടണമെന്ന് നിശ്ചയിച്ചു. 13 -ാം ഗ്രിഗോറിയോസ് മാര്‍പാപ്പ ആ തിരുനാളിനെ ജപമാലത്തിരുനാള്‍ എന്ന് നാമകരണം ചെയ്തു.

1716 -ല്‍ ഹംഗറിയിലെ എവുജീന്‍ രാജകുമാരന്‍ വീണ്ടും തുര്‍ക്കികളെ പരാജയപ്പെടുത്തിയപ്പോള്‍ ജപമാലത്തിരുനാള്‍ സാര്‍വത്രികസഭയില്‍ കൊണ്ടാടാന്‍ നിശ്ചയിച്ചു. പതിമൂന്നാം ലിയോ മാര്‍പാപ്പാ ഒക്ടോബര്‍ മാസം ജപമാല മാസമായി പ്രഖ്യാപിച്ചു.