സമുദ്ര ദിനാചരണം 2021

ഡോ. ഫാ. ജോഷി മയ്യാറ്റില്‍
ഡോ. ഫാ. ജോഷി മയ്യാറ്റില്‍

1992-ലെ റിയോ ഭൗമ ഉച്ചകോടിക്കു ശേഷമാണ് വര്‍ഷത്തിലൊരിക്കല്‍ സമുദ്രദിനം ആചരിക്കാന്‍ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചത്. തദനുസാരം എല്ലാ വര്‍ഷവും ജൂണ്‍ എട്ടാം തീയതി ആഗോള സമുദ്രദിനമാണ്. ഈ വര്‍ഷത്തെ സമുദ്രദിനത്തിന്റെ മുദ്രാവാക്യം The Ocean: Life and Livelihoods എന്നതാണ്.

ഭൂഗോളത്തിന്റെ 70 ശതമാനവും കടലാണ് എന്നാണ് പറയപ്പെടുന്നത്. 50 മുതല്‍ 80 ശതമാനം വരെ ഓക്‌സിജന്‍ ഉല്പാദിപ്പിക്കപ്പെടുന്നതും കടലിലാണത്രേ. ഇക്കാര്യത്തില്‍ പ്ലാങ്റ്റണുകള്‍ എന്നു വിളിക്കപ്പെടുന്ന സൂക്ഷ്മജീവികളുടെ പങ്ക് വിലമതിക്കാനാവാത്തത്ര ബൃഹത്താണ്. ലോകത്തില്‍ 40 ദശലക്ഷം ആളുകള്‍ സമുദ്രത്തോട് അനുബന്ധമായ തൊഴിലുകളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. മത്സ്യബന്ധനം കൂടാതെ ടൂറിസം, സമുദ്രാന്തര്‍ഭാഗ പര്യവേഷണങ്ങള്‍, ഊര്‍ജ്ജസ്രോതസ്സുകളുമായി ബന്ധപ്പെട്ട തൊഴിലുകള്‍, കപ്പലോട്ടങ്ങള്‍ തുടങ്ങി പലവിധ ജീവസന്ധാരണ മാര്‍ഗ്ഗങ്ങളും സമുദ്രത്തെ ചുറ്റിപ്പറ്റിയാണുള്ളത്. ഇങ്ങനെ നോക്കിയാല്‍ ജീവന്‍ പരിപോഷിപ്പിക്കുന്നതിലും ജീവസന്ധാരണ മാര്‍ഗ്ഗമൊരുക്കുന്നതിലും കരയോളം തന്നെയോ അതിനേക്കാളധികമോ പ്രാധാന്യം കടലിനുമുണ്ടെന്ന് വ്യക്തമാണ്.

മാലിന്യം തള്ളാനും ആര്‍ത്തിക്കൊത്ത് ചൂഷണം ചെയ്യാനുമുള്ള വെറും ജലസഞ്ചയമായി കടലിനെ കരുതുന്നത് ആത്മഹത്യാപരമാണ്. നമ്മുടെ തോടുകളിലും കാനകളിലും നാം തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കായലുകളിലൂടെ ഒടുവില്‍ എത്തിച്ചേരുന്നത് കടലില്‍ തന്നെയാണ്. കടലിന്റെ അന്തര്‍പ്രവാഹങ്ങള്‍ അതില്‍ വീഴുന്ന ഇത്തരം വസ്തുക്കളെ ഒരിടത്തേക്ക് ഒരുമിച്ചുകൂട്ടുമത്രേ! അങ്ങനെ പസഫിക് സമുദ്രത്തില്‍ ഇന്ത്യയുടെ വിസ്തൃതിയുടെ 40 ശതമാനത്തോളം വരുന്ന ഒരു പ്ലാസ്റ്റിക് ദ്വീപ് ഒഴുകി നടപ്പുണ്ടെന്നതിന് വീഡിയോ തെളിവുകളുണ്ട്. കോഴിക്കോട്ടെ ബേപ്പൂര്‍ ബീച്ചില്‍ ഒന്നു പോകുന്നത് നല്ലതാണ്. അവിടെ പ്ലാസ്റ്റിക്ക് കൊണ്ട് ഒരു ‘മറൈന്‍ സെമിത്തേരി’ ഒരുക്കിവച്ചിട്ടുണ്ട് കലാകാരന്മാര്‍ – ‘ആ മനുഷ്യന്‍ നീ തന്നെ’ എന്നു വിളിച്ചുപറയുന്ന പ്രവാചകരെപ്പോലെ…

ഒരു കാര്യം വ്യക്തം – നമ്മുടെ പൂര്‍വ്വീകരുടെ പാപങ്ങളൊന്നും കടലില്‍ കുന്നുകൂടിയിട്ടില്ല. കാരണം, അവര്‍ അധികം പ്ലാസ്റ്റിക്ക് ഉപയോഗിച്ചിട്ടില്ല. എന്നാല്‍, നമ്മുടെ തലമുറയുടെ പാപങ്ങള്‍ നമ്മുടെയും സ്വര്‍ഗത്തിന്റെയും കണ്‍മുമ്പില്‍ കടലില്‍ പൊങ്ങിക്കിടക്കുന്നു. സമുദ്രത്തെ നിന്ദിക്കുന്നവര്‍ക്ക് ആയുസ്സില്ല. കാരണം, ആയുര്‍ദൈര്‍ഘ്യത്തിനുവേണ്ടി കടല്‍ ഒരുക്കിവച്ചിരിക്കുന്നതെല്ലാം നാം തന്നെ നശിപ്പിക്കുന്നു. ‘കടലമ്മ’ എന്ന് തീരവാസികള്‍ സമുദ്രത്തിനു പേരിട്ടിരിക്കുന്നതില്‍ വലിയ ജ്ഞാനം അടങ്ങിയിട്ടുണ്ടെന്നതാണ് സത്യം.

ഇത് ഒരു ‘സങ്കടല്‍’ ദിനാചരണം

ഈ വര്‍ഷത്തെ സമുദ്ര ദിനാചരണം കേരളത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഈ ‘സങ്കടല്‍’ കാലത്ത് വളരെ പ്രസക്തമാണിത്. ചെല്ലാനം പോലുള്ള മേഖലകളില്‍ മനുഷ്യര്‍ക്ക് തുടര്‍ച്ചയായി ഉണ്ടായിരിക്കുന്ന ദുരിതങ്ങള്‍ എത്രമാത്രമെന്ന് ഇന്ന് കേരളം നേരിട്ടു കണ്ടുകൊണ്ടിരിക്കുകയാണ്. കടല്‍ത്തീരം ആവാസയോഗ്യമല്ലെന്നും തീരവാസികള്‍ അവിടെ നിന്ന് ജീവനും കൊണ്ട് പോകണമെന്നും പറയാതെ പറയപ്പെടുമ്പോഴും കോവിഡും കടലും ഒരുപോലെ രൗദ്രതാണ്ഡവമാടുമ്പോഴും മരണകാല വര്‍ഷത്തിന്റെ ചളിഗന്ധം തീരജനതയുടെ മൂക്കു തുളയ്ക്കുമ്പോഴും ഒരായുസ് കൊണ്ട് കെട്ടിപ്പടുത്തതെല്ലാം തിരമാലകള്‍ തല്ലിത്തകര്‍ക്കുമ്പോഴും കഞ്ഞിവച്ചു കുടിക്കാന്‍ ഒരു കലം പോലുമില്ലാതായിരിക്കുമ്പോഴും ജീവോന്മുഖമാണ് കടല്‍ എന്ന ചിന്തയ്ക്കു തന്നെ എന്തൊരു തങ്കത്തിളക്കമാണ്! ‘ലൈഫ് ആന്റ് ലൈവ് ലിഹുഡ്’ തന്നെയാണ് മുഖ്യവിഷയം. കടല്‍ക്കരയില്‍ കരഞ്ഞുതളര്‍ന്നിരിക്കുന്നവര്‍ക്കും വലിയ പ്രത്യാശയായി മാറണം സമുദ്ര ദിനം.

ഉണരുന്ന രാഷ്ട്രീയ പ്രതിബദ്ധത

രാഷ്ട്രീയക്കാരും ഭരണസംവിധാനങ്ങളുമെല്ലാം ഇപ്പോള്‍ ഇതിന്റെ ഗൗരവം മനസ്സിലാക്കിവരുന്നുവെന്നാണ് സമീപകാല നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭയില്‍ തന്നെ കേരള തീരസംരക്ഷണം ചര്‍ച്ചയാവുകയും നിയമസഭാ സമ്മേളനത്തിനു മുന്‍പുതന്നെ ഉത്തരവാദിത്വപ്പെട്ട മന്ത്രിമാര്‍ പ്രശ്നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവും സ്ഥലം സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ നേരില്‍ കണ്ടു. ആദ്യ നിയമസഭാ സമ്മേളനത്തില്‍ തന്നെ പ്രതിപക്ഷം തീരദേശ സംരക്ഷണവിഷയം അതിശക്തമായി ഉന്നയിക്കുകയും ആദ്യ സഭാബഹിഷ്‌കരണത്തിന് ഇത് കാരണമാവുകയും ചെയ്തു. സര്‍ക്കാരാകട്ടെ, തീരദേശ പരിപാലനത്തിനായി 5,300 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ്.

മത്സ്യമേഖലയുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പു ലഭിച്ചതിനെ തുടര്‍ന്ന് തൊഴില്‍ ചെയ്യാന്‍ കഴിയാതെപോയ ആറു ദിനങ്ങളില്‍ 200 രൂപ വീതം ആകെ 1200 രൂപ തൊഴില്‍നഷ്ട വേതനമായി നല്‍കാന്‍ ഈ സര്‍ക്കാരെടുത്ത തീരുമാനം അഭിനന്ദനാര്‍ഹമാണ്. ഒന്നര ലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കുമായി 18 കോടി രൂപയാണ് ഈ ഇനത്തില്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കേരളത്തിലെ മത്സ്യബന്ധന മേഖലയില്‍ ആദ്യമായാണ് നിര്‍ബന്ധിതമായ തൊഴിലില്ലായ്മയ്ക്ക് കേരള സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക നല്‍കിയത് എന്നു കേള്‍ക്കുന്നു.

വേണം കേരളത്തിന് ഒരു സമുദ്രദിനം

ഈ പശ്ചാത്തലത്തില്‍ നടക്കുന്ന കടല്‍ദിനാചരണത്തിന് വലിയ പ്രസക്തിയുണ്ട്. അതാണ് കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ ആസ്ഥാന കാര്യാലയത്തെ ഇത്തരമൊരു പരിപാടി വിപുലമായ തോതില്‍ സംഘടിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. കേരള പൊതുസമൂഹം എല്ലാ വര്‍ഷവും ഈ ദിനാചരണം നടത്തണമെന്ന ആഹ്വാനവും ഇതോടൊപ്പം നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കൃഷിവകുപ്പിനു കീഴില്‍ പരിസ്ഥിതിദിനം എല്ലാ വര്‍ഷവും പ്രോത്സാഹിപ്പിക്കപ്പെടുന്നതുപോലെ സമുദ്രദിനവും സര്‍ക്കാര്‍ വേണ്ട പ്രാധാന്യത്തോടെ ആചരിക്കേണ്ടതാണെന്ന് ചര്‍ച്ചകള്‍ ആവശ്യപ്പെടുന്നു.

വേണം കടലിനോടും തീരത്തോടും ഐക്യദാര്‍ഢ്യം

കടലിനോടും തീരദേശത്തോടുമുള്ള നമ്മുടെ കാഴ്ചപ്പാടില്‍ ഒരു മാറ്റം ആവശ്യമാണ്. കടലിന്റെയും തീരത്തിന്റെയും സവിശേഷതകള്‍ ഇനിയും നാം തിരിച്ചറിയേണ്ടതുണ്ട്. കടലില്‍ സമുദ്രനിരപ്പ് കൂടിവരുന്നു എന്ന് നമുക്കറിയാം. പക്ഷേ എങ്ങനെയാണ് ശാസ്ത്രസാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് മറ്റു രാജ്യങ്ങള്‍ തങ്ങളുടെ തീരങ്ങള്‍ പരിപാലിക്കുന്നത് എന്നു മനസ്സിലാക്കാന്‍ ശ്രമങ്ങളുണ്ടാകണം. ഈ മേഖലയില്‍ ഗൗരവമായ ഗവേഷണങ്ങളും പഠനങ്ങളും ചര്‍ച്ചകളും ചിന്തകളും ഉണ്ടാകണം. ചെല്ലാനം പോലുള്ള മേഖലകളുടെ സംരക്ഷണവും വികസനവും എങ്ങനെയായിരിക്കണമെന്ന് റിയോ ഉച്ചകോടി ചാര്‍ട്ടറിന്റെ 22-ാം ഖണ്ഡിക പ്രസ്താവിക്കുന്നുണ്ട്: സര്‍ക്കാരുകള്‍ ‘തദ്ദേശവാസികളുടെ തനിമയും സംസ്‌കാരവും താല്പര്യങ്ങളും അംഗീകരിക്കുകയും അവ വേണ്ടവിധം പ്രോത്സാഹിപ്പിക്കുകയും സ്ഥായിയായ വികസനം കൈവരിക്കുന്നതില്‍ അവരുടെ ഫലപ്രദമായ പങ്കാളിത്തം സാധ്യമാക്കുകയും വേണം.’

വേണം ഒരു തീരസംരക്ഷണ അതോറിറ്റി

നിലവില്‍ തീരസംരക്ഷണച്ചുമതല കൈകാര്യം ചെയ്യുന്നത് മത്സ്യവകുപ്പും ജലസേചന വകുപ്പും തുറമുഖ വകുപ്പുമാണ്. ഈ വകുപ്പുകള്‍ തമ്മിലുള്ള ഏകീകരണവും തീരസംരക്ഷണത്തിലുള്ള വൈദഗദ്ധ്യവും തീരസംരക്ഷണത്തിന് പ്രതിബന്ധമാകുന്ന സ്ഥിതി നിഷേധിക്കാനാവില്ല. ഇവിടെ തീരസംരക്ഷണത്തിന് മാത്രമായി ഈ മേഖലയില്‍ വൈദഗ്ദ്ധ്യമുള്ള ഗവേഷകരും സാങ്കേതിക വിദഗ്ധരുമടങ്ങുന്ന സ്വതന്ത്ര ചുമതലകളുള്ള തീരദേശ സംരക്ഷണ അതോറിറ്റി വേണമെന്ന ആവശ്യം പ്രസക്തമാകുന്നത്. തീരദേശ വികസന അതോറിറ്റിയുണ്ടെന്നതു ശരിയാണെങ്കിലും ആ വികസനം തീര്‍ത്തും ഐച്ഛികമാണെന്നതാണ് ഇന്നത്തെ യാഥാര്‍ത്ഥ്യം. എന്നാല്‍, തീരസംരക്ഷണമെന്നത് ഒരു ഐച്ഛികവിഷയമല്ല എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഇന്നത്തെ അനുഭവങ്ങള്‍. ഈ മേഖലയില്‍ സവിശേഷപഠനവും കൃത്യമായ ധാരണയും ഉള്ളവര്‍ക്കു മാത്രമേ തീരസംരക്ഷണമോ വികസനമോ സാധ്യമാക്കാനാകൂ.

മാത്രമല്ല, ബഡ്ജറ്റില്‍ അനുവദിക്കപ്പെട്ടിരിക്കുന്ന തുക സമയബന്ധിതമായും ഫലപ്രദമായും വിനിയോഗിക്കപ്പെടാന്‍ വ്യക്തവും ഏകോപിതവുമായ മേല്‍നോട്ടം അനിവാര്യമാണ്. അതിനാല്‍ തന്നെ കേരള തീരസംരക്ഷണ അതോറിറ്റി സ്ഥാപിതമാകേണ്ടത് സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്ന ചരിത്രപ്രധാനമായ ഈ തീരുമാനത്തിന്റെ സാക്ഷാത്കാരത്തിനും തീരദേശവാസികളുടെ സ്ഥായിയായ ക്ഷേമത്തിനും അത്യാവശ്യമാണ്.

പ്രൗഢഗംഭീരമായ വെബിനാറിലേക്ക് സുസ്വാഗതം!

ജൂണ്‍ എട്ടാം തീയതി ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് 3 മണി മുതല്‍ 5 മണി വരെ കടല്‍ദിനാചരണത്തിന്റെ ഭാഗമായി നടക്കുന്ന വെബിനാര്‍ കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സീറോ മലങ്കര സഭയുടെ പരമാദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ ബസിലേയോസ് മാര്‍ ക്ലീമിസ്, ലത്തീന്‍ സഭാദ്ധ്യക്ഷന്‍ ബിഷപ്പ് ജോസഫ് കരിയില്‍, ആലപ്പുഴ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജെയിംസ് ആനാപറമ്പില്‍, ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാന്‍, ജലസേചന വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിന്‍, പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശന്‍ എന്നിവര്‍ സംസാരിക്കും. വിഷയാവതരണം നടത്തുന്നത് ശ്രീ. P.R. കുഞ്ഞച്ചന്‍ (സെക്രട്ടറി, CADAL) ആയിരിക്കും.

കെആര്‍എല്‍സിസി വൈസ് ചെയര്‍മാന്‍ ശ്രീ. ജോസഫ് ജൂഡ് മോഡറേറ്റ് ചെയ്യുന്ന ചര്‍ച്ചയില്‍ ശ്രീ. ഹൈബി ഈഡന്‍ എംപി, എംഎല്‍എ -മാരായ T.J. വിനോദ്, K.J. മാക്‌സി, കേരള ജലവിഭവ വകുപ്പ് അഡിഷണല്‍ സെക്രട്ടറി ശ്രീ. T.K. ജോസ് ഐഎഎസ് എന്നിവര്‍ പങ്കെടുക്കും. പശ്ചിമ കൊച്ചി തീരസംരക്ഷണ സമിതി കണ്‍വീനര്‍ ടി.എ. ഡാല്‍ഫിന്‍ നേതൃത്വം നല്‍കുന്ന പൊതുചര്‍ച്ചയില്‍ കത്തോലിക്കാ കോണ്‍ഗ്രസ്സ് പ്രസിഡണ്ട് അഡ്വ. ബിജു പറനിലം, കെഎല്‍സിഎ സെക്രട്ടറി അഡ്വ. ഷെറി തോമസ്, എംസിഎ സെക്രട്ടറി ഢ.ഇ. ജോര്‍ജുകുട്ടി, സിഎസ്എസ്എസ് ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ കടേപ്പറമ്പില്‍, എഡിഎസ് ഡയറക്ടര്‍ ഫാ. സാംസണ്‍ ആഞ്ഞിലിപ്പറമ്പില്‍, ഫാ. P.T. മാത്യു എസ്‌ജെ, 20/20 വക്താവ് ശ്രീ. ജോസഫ് ദിലീപ്, ജനകീയവേദി വക്താവ് ശ്രീ. V.T. സെബാസ്റ്റ്യന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

കേരളതീരത്തിന്റെ എല്ലാ അഭ്യുദയകാംക്ഷികളെയും വിവിധ സംഘടനകളെയും ആത്മീയ-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കളെയും ഈ യോഗത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു.

ഫാ. ജോഷി മയ്യാറ്റില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.