ഞായറാഴ്ച വിശുദ്ധമായി ആചരിക്കാം, ഈ മാർഗ്ഗങ്ങളിലൂടെ…

തിരക്കേറിയ ജീവിതത്തിനിടയിൽ ഒന്ന് ശ്വാസം വിടാൻ സമയം കിട്ടുന്ന ഒരു ദിവസമാണ് ഞായർ. അതിനാൽ തന്നെ ആഘോഷങ്ങൾക്കും മറ്റുമായി തിരഞ്ഞെടുക്കുന്നതും ഈ ദിവസമാണ്. എന്നാൽ, ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഞായർ ഒരു വിശുദ്ധ ദിനമാണ് – കർത്താവിന്റെ ദിനം. എന്നാൽ, തിരക്കുകൾക്കിടയിൽ നാം പലപ്പോഴും അതിന് വേണ്ടത്ര പ്രാധാന്യം നൽകുവാൻ ശ്രമിക്കാറില്ല. അല്ലെങ്കിൽ സൗകര്യപൂർവ്വം മറക്കുന്നു.

ഞായറാഴ്ച വിശുദ്ധമായി ആചരിക്കുന്നവരോടൊപ്പം ദൈവത്തിന്റെ വലിയ കരുതൽ ഉണ്ടാവുമെന്നത് തലമുറകളും കാലവും തെളിയിച്ച ഒരു സത്യമാണ്. ഈ ഒരു വിശുദ്ധ ദിനത്തെ കർത്താവിന് ഇഷ്ടമുള്ളതായി എങ്ങനെ ആചരിക്കും. അതിനുള്ള ഏതാനും ചില മാർഗ്ഗങ്ങൾ ഇതാ…

1. വിശുദ്ധ കുർബാനയിൽ പങ്കെടുക്കാം

ഞായറാഴ്ച ദിവസം നിർബന്ധമായും വിശുദ്ധ കുർബാനയിൽ പങ്കെടുക്കേണ്ടതാണ്. പല സ്ഥലത്തായിട്ടാണ് ഞായറാഴ്ച്ചത്തെ വിശുദ്ധ കുര്‍ബാനയില്‍  കുടുംബത്തിലുള്ളവര്‍ പങ്കെടുക്കുന്നതെങ്കിൽ ആ പതിവ് ഇടയ്ക്ക് മാറ്റാം. കുടുംബത്തിൽ എല്ലാവരും ഒരേ കുർബാനയിൽ പങ്കെടുക്കാം. പ്രാർത്ഥിച്ചൊരുങ്ങി, കുമ്പസാരിച്ച്, വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ ആ കുടുംബത്തിലേയ്ക്ക് ഈശോ കടന്നുവരുന്നു. ആ കുടുംബം ദൈവത്തിന്റെ കുടുംബമായി മാറുന്നു.

2. നോ പറയാൻ പഠിക്കാം

പള്ളിയിൽ പോകാനിറങ്ങുമ്പോൾ പലപ്പോഴും തടസങ്ങളുണ്ടാവുക സാധാരണമാണ്. മടി, അപ്രതീക്ഷിതമായി സുഹൃത്തുക്കളുടെ സന്ദർശനം, പാർട്ടികൾക്കും ആഘോഷങ്ങൾക്കുമുള്ള ക്ഷണം. അങ്ങനെ പലതും നമ്മുടെ ഞായറാഴ്ച ആചാരണത്തെ അപഹരിക്കാം. എന്നാൽ, ഇത്തരം കാര്യങ്ങളോട് നോ പറയുവാൻ നമുക്ക് കഴിയണം. എങ്കിൽ മാത്രമേ നമുക്ക് ഞായറാഴ്ച വിശുദ്ധമായി ആചരിക്കുവാൻ കഴിയുകയുള്ളു. ഒപ്പംതന്നെ നാം ദൈവത്തിന് നമ്മുടെ ജീവിതത്തിൽ മറ്റെന്തിനേക്കാളും പ്രാധാന്യം നൽകുന്നു എന്നതിന്റെ പ്രകടമായ സാക്ഷ്യം കൂടിയാണത്.

3. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം

തിരക്കുപിടിച്ച ജീവിതത്തിൽ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനുള്ള സാധ്യതകൾ കുറവാണ്. എങ്കിലും ഞായറാഴ്ച ദിവസം ഒരുമിച്ച് ഭക്ഷണം കഴിക്കുവാനും പങ്കുവയ്ക്കുവാനും സംസാരിക്കുവാനുമുള്ള അവസരങ്ങൾ ഉണ്ടാക്കിയെടുക്കാം. ഇത് ഒരു നിസ്സാര കാര്യമല്ല. ഒരു കുടുംബത്തിന്റെ സന്തോഷവും കെട്ടുറപ്പും വർദ്ധിപ്പിക്കുന്നതിന് ഭക്ഷണമേശയ്ക്ക് നിർണ്ണായകമായ പങ്കുണ്ട്.

4. ഒരു യാത്ര പോകാം

സാധാരണ ഒഴിവുദിവസങ്ങളിൽ ടിവി-ക്കു മുന്നിൽ അധികനേരവും ചിലവിടുന്നവരാണ് നമ്മൾ. എന്നാൽ, ടിവിയും ഫോണും മാറ്റിവച്ച് ഒരു യാത്ര ഞായറാഴ്ച പ്ലാൻ ചെയ്യുന്നത് നല്ലതാണ്. കാരണം, അത് പതിവുരീതികളിൽ നിന്ന് മാറി, കുടുംബാംഗങ്ങളെ ഉണർവ്വുള്ളവരാക്കി മാറ്റുന്നു. ഒപ്പംതന്നെ കൂടുതൽ സംസാരിക്കുവാനും ആശയങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുവാനും ഇത് അവസരമൊരുക്കും.

5. ജീവകാരുണ്യ പ്രവർത്തികളിൽ ഏർപ്പെടാം

ഞായറാഴ്ച ദിനങ്ങൾ നന്മയുടെ ദിനങ്ങളായി നമുക്ക് മാറ്റാൻ കഴിയും. അടുത്തുള്ള വൃദ്ധസദനങ്ങൾ, അഗതിമന്ദിരങ്ങൾ തുടങ്ങിയവ സന്ദർശിക്കുകയും അവർക്കാവശ്യമായ സഹായങ്ങൾ ചെയ്യുകയും ചെയ്യാം. അതല്ലെങ്കിൽ സമീപ വീടുകളിൽ പ്രായമായി കഴിയുന്നവരുണ്ടെങ്കിൽ അവരെ ചെന്നുകണ്ട് സംസാരിക്കാം. അതല്ലെങ്കിൽ സന്നദ്ധ സംഘടനകൾ നടത്തുന്ന ക്യാമ്പുകളിലും മറ്റും പങ്കെടുക്കാം. ഇത്തരം ജീവകാരുണ്യങ്ങളിൽ കുട്ടികളെയും നേരിട്ട് പങ്കെടുപ്പിക്കുന്നത് നല്ലതാണ്. അതവരെ നല്ല മൂല്യങ്ങളിൽ വളർത്തുവാൻ സഹായിക്കും.

6. കുടുംബം ഒരുമിച്ച് ജപമാല ചൊല്ലി പ്രാർത്ഥിക്കാം

ഞായറാഴ്ച ദിവസം പ്രാർത്ഥനയുടെ ദിവസം കൂടി ആയി മാറിയാലേ വിശുദ്ധ ദിനാചരണം പൂർണ്ണമാവുകയുള്ളു. ബൈബിൾ വായിക്കുവാനും മറ്റും പ്രത്യേക സമയം കണ്ടെത്താം. കൂടാതെ ഒന്നിച്ചിരുന്ന് ജപമാല പ്രാർത്ഥന ചൊല്ലുവാൻ പരിശ്രമിക്കാം. എല്ലാം കഴിഞ്ഞിട്ട് പ്രാർത്ഥിക്കുന്ന പതിവുരീതി വിട്ട് എല്ലാവരും ഉണർവ്വോടെ ഇരിക്കുന്ന സമയം പ്രാർത്ഥനയ്ക്കായി തിരഞ്ഞെടുക്കാം. അങ്ങനെ പ്രാർത്ഥിക്കുമ്പോൾ ദൈവം തന്ന പ്രത്യേക അനുഗ്രഹങ്ങളെയും ഓർക്കാം. കുട്ടികളെക്കൊണ്ട് പ്രാർത്ഥനകൾ ചൊല്ലിക്കുവാനും ശ്രമിക്കാം. പ്രാർത്ഥന കഴിഞ്ഞയുടനെ എഴുന്നേറ്റു പോവാതെ അല്പനേരം ഇരുന്ന് ധ്യാനിക്കുവാന്‍ ശ്രമിക്കുന്നതും നല്ലതാണ്.

ഈ മാർഗ്ഗങ്ങളിലൂടെ, വരുന്ന വിശുദ്ധ ദിനങ്ങളെ ദൈവത്തിന് ഇഷ്ടമുള്ളതാക്കാം.