കത്തോലിക്കാ ആശുപത്രികളില്‍ നഴ്‌സുമാര്‍ക്ക് ശമ്പള വര്‍ധനവ് 

കൊച്ചി: ശമ്പളപരിഷ്‌കരണം സംബന്ധിച്ചു സര്‍ക്കാരിന്റെ അന്തിമ ഉത്തരവ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലും കേരളത്തിലെ കത്തോലിക്കാ ആശുപത്രികളില്‍ നഴ്‌സുമാരുടെ ശമ്പള വര്‍ധനവ്‌ നടപ്പാക്കി.

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച ശമ്പളവര്‍ധനവിനെ തുടര്‍ന്ന് കെസിബിസി ഹെല്‍ത്ത് കമ്മീഷനും ഈ വിഷയത്തില്‍ വിശകലനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 300 കിടക്കകളിലധികമുള്ള ആശുപത്രികളില്‍ ഇരുപതിനായിരം രൂപ വര്‍ധിപ്പിച്ചത്.

കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ കീഴില്‍, 300 കിടക്കകളിലധികമുള്ള ആശുപത്രികളില്‍ പുതുക്കിയ ശമ്പള നിരക്ക് നടപ്പാക്കിക്കഴിഞ്ഞു. ആശുപത്രികളിലെ മറ്റു ജീവനക്കാര്‍ക്കും ആനുപാതിക ശമ്പളവര്‍ധന നടപ്പിലാക്കി തുടങ്ങി.

51 മുതല്‍ നൂറു വരെ കിടക്കകളുള്ള കത്തോലിക്കാ ആശുപത്രികളില്‍ കെസിബിസി നിര്‍ദേശപ്രകാരം അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം വര്‍ധന നടപ്പാക്കി. അമ്പതില്‍ താഴെ കിടക്കകളുള്ള ആശുപത്രികളിലും ശമ്പള വര്‍ധന നടപ്പാക്കിയിട്ടുണ്ട്. ഒപി, ചികിത്സാ നിരക്കുകളില്‍ കാര്യമായ വര്‍ധനയില്ലാതെയാണു വലിയ ആശുപത്രികളിലേറെയും നഴ്‌സുമാരുടെ ശമ്പളവര്‍ധന നടപ്പാക്കിയത്. ഇതുമൂലം ഓരോ മാസവും വലിയ സാമ്പത്തിക ബാധ്യതയുണ്ടാകും.

പ്രതിസന്ധികളുണ്ടെങ്കിലും നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും അര്‍ഹതപ്പെട്ട ശമ്പളം നല്‍കണമെന്നതു തന്നെയാണു കത്തോലിക്കാ ആശുപത്രികളുടെ നയമെന്നു ചായ് കേരള പ്രസിഡന്റ് ഫാ.തോമസ് വൈക്കത്തുപറമ്പില്‍, കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറിയും ചായ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. സൈമണ്‍ പള്ളുപ്പേട്ട എന്നിവര്‍ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.