പ്ലസ് വൺ, നഴ്സിങ്ങ് ഇഡബ്ലിയുഎസ്: പരാതി നൽകി ചങ്ങനാശേരി അതിരൂപത

ഈ വർഷത്തെ പ്ലസ് വൺ, നഴ്സിങ്ങ്, മറ്റ് പാരാമെഡിക്കൽ കോഴ്സുകൾ എന്നിവയുടെ പ്രവേശനം സംബന്ധിച്ച വിജ്ഞാപനങ്ങളും പ്രോസ്പെക്ടസുകളും അപേക്ഷാ ഫോർമാറ്റുകളും പ്രസിദ്ധീകരിച്ചപ്പോൾ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള 10% ഇഡബ്ലിയുഎസ് സംവരണം ഉൾപ്പെടുത്താതിരുന്നതിനെതിരെ ചങ്ങനാശേരി അതിരൂപത, മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി അയച്ചു.

സാമ്പത്തിക സംവരണം കേരളത്തിൽ നടപ്പിലാക്കിക്കൊണ്ട് 2020 ഫെബ്രുവരി 2 ന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് പ്രകാരം OBC സംവരണം അനുവദിച്ചിട്ടുളളതും ന്യൂനപക്ഷ പദവി ഇല്ലാത്തതുമായ എല്ലാ സ്ഥാപനങ്ങളിലും ഇ ഡബ്ലിയു എസ് സംവരണം അനുവദിക്കേണ്ടതാണ്. എന്നാൽ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും ഇതിനായുള്ള നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതു സംവരണേതരവിഭാഗങ്ങളോടുള്ള കടുത്ത നീതി നിഷേധവും ഇ ഡബ്ലിയു എസ് സംവരണം അട്ടിമറിക്കാനുള്ള ശ്രമവുമാണോ എന്ന് ആശങ്കയുണ്ട്. അതിനാൽ ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന രേഖകൾ പരിഷ്കരിച്ച് 10% ഇ ഡബ്ലിയു എസ് സംവരണം കൂടി ഉൾപ്പെടുത്തണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.