ക്രിസ്തുവിന്റെ പ്രതിരൂപമായി മാറുന്ന നേഴ്സുമാർ ഭൂമിയിലെ മാലാഖമാരാണ്

സിബിൾ റോസ് സാബു
സിബിൾ റോസ് സാബു

ഒരു നഴ്സ് ആകുവാനുള്ള തന്റെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കാൻ വീടുവിട്ടിറങ്ങിയ ആ മുപ്പതു വയസുകാരി മനസ്സിൽ കുറിച്ചിട്ടു – “നസ്രായൻ തന്റെ പരസ്യജീവിതം ആരംഭിച്ചതും എന്റെ പ്രായത്തിലാണ്.” ക്രിമിയൻ യുദ്ധക്കാലത്ത് പരിക്കേറ്റ ജവാന്മാരെ പരിചരിച്ച ‘വിളക്കേന്തിയ വനിത’ നമുക്കൊക്കെ പരിചിതമാണ്. ആധുനിക നഴ്സിംഗിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിന്‍ഗേലിന്റെ ജന്മ ദിനമാണ് ഇന്ന് (1820 മെയ്‌ 12 – 1910 ഓഗസ്റ്റ്‌ 13).

ഒരു സമ്പന്ന കുടുംബത്തിൽ, ഉയർന്ന വിദ്യാഭ്യാസത്തിലും സുഖസൗകര്യങ്ങളിലും വളർന്ന ഫ്ലോറൻസ് നൈറ്റിന്‍ഗേൽ, തന്റെ ഇനിയുള്ള ജീവിതം രോഗീപരിചരണത്തിനാണെന്നു തീരുമാനിച്ചുറപ്പിച്ചപ്പോൾ മഹത്തരമായ ഒരു തൊഴിലിന് ആരംഭം കുറിക്കുക മാത്രമല്ല ചെയ്തത്. അത് നസ്രായന്റെ വിളിക്കുള്ള അവളുടെ ഉത്തരം കൂടിയായിരുന്നു. വർഷങ്ങളായി, ദൈവം തന്നെ വിളിക്കുന്നു എന്ന് ശക്തമായി അനുഭവപ്പെട്ടിരുന്ന ഫ്ലോറൻസ്, സൗഖ്യദായകനായ നസ്രായന് സ്വയം സമർപ്പിക്കാൻ കണ്ടെത്തിയ മാർഗ്ഗമായിരുന്നു അവന്റെ കാരുണ്യത്തിന്റെ കരങ്ങളായി മാറുക എന്നുള്ളത്.

ഈശോ, തന്റെ പരസ്യജീവിതത്തിൽ രോഗികളോട് അനുകമ്പ കാണിച്ചിരുന്നു. സുവിശേഷകന്മാർ കൂടുതൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നതും രോഗസൗഖ്യങ്ങളാണ്. ആദ്യകാലങ്ങളിൽ സന്യാസിനിമാരുടെ നിസ്വാർത്ഥ സേവനമായിരുന്ന നഴ്സിംഗ്, പിൽകാലത്ത് ശാസ്ത്രീയ പരിശീലനം നേടിയ വനിതകളുടെ ജീവിതമാർഗ്ഗമായി പരിണമിച്ചപ്പോഴും ക്രൈസ്തവമൂല്യങ്ങളായിരുന്നു ആധുനിക നഴ്സിങ്ങിന്റെ തറക്കല്ല്. ക്രിസ്തുവാണ് നഴ്സിങ് എന്ന തൊഴിലിന്റെ കാരണക്കാരൻ എന്ന് ഫ്ലോറൻസ് നൈറ്റിന്‍ഗേൽ തന്നെ പറഞ്ഞുവയ്ക്കുന്നുണ്ട്‌.

പ്രിയപ്പെട്ട നഴ്സുമാരെ, നിങ്ങൾ ക്രിസ്തുവിന്റെ പ്രതിരൂപങ്ങളാണ്. അവൻ ഈ ലോകത്തിൽ ചെയ്ത ദിവ്യമായ ദൗത്യം പിന്തുടരുവാൻ അവനാൽ തിരഞ്ഞെടുക്കപ്പെട്ടവർ. ജോലിഭാരവും ശാരീരികാസ്വസ്ഥതകളും അലട്ടുമ്പോഴും സാന്ത്വനത്തിന്റെ പുഞ്ചിരിയുമായി നിങ്ങള്‍ എങ്ങനെ രോഗികൾക്കു മുമ്പിലെത്തുന്നു? മുറിവേറ്റ ക്രൂശിതനെ മുമ്പിൽ കാണുന്നതുകൊണ്ടായിരിക്കുമല്ലേ?

ഒരിക്കൽ, ഡബ്ലിൻ സിറ്റിയിലെ ഒരു ബസ് യാത്രയിൽ വെച്ചാണ് നേഴ്സ് കൂടിയായൊരു മലയാളി കന്യാസ്ത്രീയെ പരിചയപ്പെടുന്നത്. സഭാവസ്ത്രമായിരുന്നില്ല വേഷം. കയ്യിലുണ്ടായിരുന്ന ഹാൻഡ്ബാഗ് ഒരുപാട് പഴകിയതായിരുന്നു. “ഈ പഴയതു മാറ്റി പുതിയൊരെണ്ണം വാങ്ങിക്കൂടെ ഇവർക്ക്” എന്ന് ഞാൻ മനസ്സിൽ ചോദിച്ചു. ഞാൻ മലയാളിയാണെന്നു മനസിലാക്കിയ സിസ്റ്റർ എന്നോട് സംസാരിക്കാൻ തുടങ്ങി. യാത്ര തീരുന്നതുവരെ നീണ്ട ആ സംഭാഷണത്തിനിടയിൽ അവരുടെ സന്യാസ സമൂഹത്തെക്കുറിച്ചും പാവങ്ങളെ ശുശ്രൂഷിക്കാൻ നടത്തുന്ന ആതുരാലയങ്ങളെക്കുറിച്ചും എനിക്ക് പറഞ്ഞുതന്നു.

ആ സിസ്റ്ററിനെപ്പോലെ ഒരുപാടു പേർ ലോകത്തിന്റെ പലയിടങ്ങളിൽ ജോലി ചെയ്തു സമ്പാദിക്കുന്ന പണമാണ് നമ്മുടെ ആതുരാലയങ്ങൾ പണിയാൻ ഉപയോഗിക്കുന്നതിന്റെ നല്ലൊരു പങ്ക് എന്നത് എനിക്ക് പുതിയൊരു അറിവായിരുന്നു. പഴകിയ ഹാൻഡ്ബാഗും വില കുറഞ്ഞ വസ്ത്രങ്ങളും നിസ്വാർത്ഥയുടെ, കരുതലിന്റെ അടയാളങ്ങളായിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ മുഴുവൻ സന്യസ്തരെയും അടച്ചാക്ഷേപിക്കുമ്പോൾ, ഇന്ന് പ്രത്യേകമായി നമുക്കോർക്കാം, ചെയ്യുന്ന ജോലിയുടെ ശമ്പളം പോലും കൈപ്പറ്റാത്ത ആയിരക്കണക്കിനു വരുന്ന നമ്മുടെ സന്യസ്തരായ നഴ്സുമാരെ. മുറിവേറ്റിട്ടും മുമ്പില്‍ വരുന്നവന്റെ മുറിവുണക്കാനുള്ള കരുത്ത് അവർക്ക് നൽകണേ എന്നു പ്രാർത്ഥിക്കാം.

ഈ കൊറോണ കാലത്ത് സ്വന്തം ജീവനേക്കാൾ അപരന്റെ ജീവന് മുൻഗണന നൽകി പ്രവർത്തിക്കുന്നവർ വിശുദ്ധരാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നു. “എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന്‌ നിങ്ങള്‍ ഇത് ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്‌തുതന്നത്‌” എന്ന ഈശോയുടെ വാക്കുകൾ പ്രസക്തമാണ്. പ്രിയപ്പെട്ട നഴ്സുമാരേ, നിങ്ങൾ പരിചരിക്കുന്നത്, മരുന്ന് കൊടുക്കുന്നത്, സാന്ത്വനിപ്പിക്കുന്നത്, ക്രൂശിതനെയാണ്. നിങ്ങൾ അവന്റെ സുവിശേഷം ജീവിക്കുകയാണ്. ഈശോയാകുന്ന പ്രകാശത്തിന്റെ ദീപവുമേന്തി നിങ്ങളുടെ സേവനങ്ങൾ തുടരുക. നസ്രായന്റെ സൗഖ്യത്തിന്റെ, കരുണയുടെ, സ്നേഹത്തിന്റെ ദൂതുമായി പാറിപറക്കുന്ന മാലാഖാമാർക്ക് നന്ദി.

സിബിള്‍ റോസ് സാബു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.