ചിറകുകൾ ഇല്ലാത്ത മാലാഖമാർ

ആഷാ ജെൻസൺ

ഇന്നലെ വൈകുന്നേരം എൻ്റെ ഫോണിൽ ഒരു മെസ്സേജ് വന്നു. അതിപ്രകാരമായിരുന്നു. “ചേച്ചി, 15 ദിവത്തെ ക്വാറൻ്റയിനു ശേഷം ഞാൻ നാളെ മുതൽ വീണ്ടും കൊറോണ ഡ്യൂട്ടിക്ക് പോകുകയാണ്. എനിക്കും എൻ്റെ കൂട്ടുകാർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെ.” ഇത് എൻറെ അനിയത്തി കുട്ടി മുത്തിൻ്റെ മെസ്സേജ് ആയിരുന്നു. വായിച്ചപ്പോൾ ഉള്ളിൽ ആദ്യം പേടിയാണ് തോന്നിയത്. കാരണം നാലു വർഷത്തെ പഠനത്തിനു ശേഷം ജോലിയിൽ പ്രവേശിച്ചിട്ട് അഞ്ചു മാസമെ ആയിട്ടുള്ളൂ. ആദ്യമായാണ് പ്രാർത്ഥിക്കണം എന്നു പറഞ്ഞ് അവൾ ഇപ്രകാരം ഒരു മെസ്സേജ് അയക്കുന്നത്. ഉടൻ തന്നെ ഞാൻ അവളെ വിളിച്ചു. അവിടുത്തെ വിശേഷങ്ങൾ ചോദിച്ചറിയുന്നതിനിടയിൽ ഞാൻ ചോദിച്ചു. മോളെ, നിനക്ക് പേടിയില്ലേ? അപ്പോൾ അവൾ എന്നോട് പറഞ്ഞ മറുപടിയാണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്.

തെല്ലും ഭയമില്ലാതെ അവൾ പറഞ്ഞു. “ജീവിതത്തിൻെറയും, മരണത്തിൻ്റെയും ഇടയിൽ കാവൽ നിൽക്കുന്ന മാലാഖയ്ക്ക് സ്വന്തം സുരക്ഷയേക്കാൾ വലുത് തൻ്റെ മുന്നിൽ കിടക്കുന്ന ഓരോ രോഗിയുടെയും ജീവനാണ്. അതുകൊണ്ട് എനിക്ക് ഭയമില്ല. എന്തിനെയും നേരിടാൻ തയ്യാറായാണ് എന്നെ പോലുള്ള ഓരോ നേഴ്സും ഈ മേഖലയിലേക്ക് ഇറങ്ങി തിരിക്കുന്നത്.”

അവളുടെ വാക്കുകൾക്ക് മുമ്പിൽ എനിക്ക് മറിച്ച് മറ്റൊരു ചോദ്യം ഇല്ലായിരുന്നു. ഫോൺ വച്ച ശേഷം തിരിതെളിച്ച് കണ്ണുനീരോടെ മനസ്സറിഞ്ഞ് ഞാൻ ഉള്ളുരുകി ദൈവത്തോട് പ്രാർത്ഥിച്ചു. ദൈവമെ, ആതുരശുശ്രൂഷാ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവരെയും നീ കാത്തുകൊള്ളണമെ എന്ന്. മറ്റു ദിവസങ്ങളിൽ ഒക്കെ  ഇവർക്കുവേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടെങ്കിലും ഉള്ളിൽ നിന്ന് ഒരു നിലവിളി ഉയർന്നത് ഇന്നലെയായിരുന്നു. ആ രാത്രി മുഴുവൻ എൻ്റെ മനസ്സിൽ നമ്മുടെ മാലാഖമാരെ കുറിച്ചുള്ള ചിന്തകളായിരുന്നു.

യഥാർത്ഥത്തിൽ നേഴ്സുമാർ ആരാധിക്കപ്പെടേണ്ടവരാണ്. ജീവനുള്ള ഈ ഭൂമിയെ പ്രണയിച്ചവർ. ഒരു മാലാഖയെ പോലെ സ്വർഗ്ഗതുല്യർ. അമ്മയ്ക്ക് മുന്നേ നമ്മെ എടുത്ത് അമ്മയെ പോലെ താലോലിച്ച ആ മാലാഖ ആരാണോ ആവോ? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഞാൻ അവരെയൊക്കെ ഓർത്തു. എവിടെയോ ഇരിക്കുന്ന അവർക്കായി ഒരു നിമിഷം മിഴി പൂട്ടി പ്രാർത്ഥിച്ചു ദൈവത്തോട്.

2020, ‘അന്താരാഷ്ട നേഴ്സസ് വർഷം’ ആയി ആചരിക്കുമ്പോൾ നമ്മുടെ ഒക്കെ പ്രാർത്ഥന ഇവർക്ക് ആവശ്യമാണ്. ലോകം വിറയ്ക്കുന്നിടത്ത് മനസ്സു പതറാതെ ഇവർ മാലാഖമാരായി നിലകൊള്ളണമെങ്കിൽ എൻ്റെയും, നിങ്ങളുടെയും പ്രാർത്ഥന ഇവർക്ക് കാവലാകണം. രാവും പകലുമില്ലാതെ ഇവർ കഷ്ടപ്പെടുന്നത്  നമുക്ക് ഓരോരുത്തർക്കും വേണ്ടിയാണ്. കുത്തുവാക്കുകളും അധിക്ഷേപവും നടത്തുമ്പോൾ അറിയുക, ജീവൻ്റെ കാവലാളാണ് ഇവർ ഓരോരുത്തരും എന്നത്. കൊറോണയെ അടിച്ചമർത്താൻ ഐസൊലേഷൻ വാർഡുകളിൽ പിന്തിരിഞ്ഞു നോക്കാതെ സധൈര്യം പോരാടുകയാണ് ഈ മാലാഖമാർ.

ഇന്നലെ എൻറെ അനിയത്തി തൻ്റെ കൊറോണ ഡ്യൂട്ടിക്കിടയിലെ അനുഭവങ്ങൾ ഷെയർ ചെയ്തപ്പോൾ പല സമയങ്ങളിലും ഞാൻ അറിയാതെ തന്നെ എൻറെ കണ്ണുകൾ നിറഞ്ഞിരുന്നു. ആറും, എട്ടു മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഡ്യൂട്ടിക്കിടയിൽ ഒരു തുള്ളി വെള്ളം കുടിക്കാനോ, ഭക്ഷണം കഴിക്കാനോ, എന്തിനു പറയുന്നു ടോയ്‌ലറ്റിൽ പോലും പോകാൻ പറ്റാത്ത അവസ്ഥയാണ്. ഒരു സ്ഥലത്തും അറിയാതെ പോലും ഒന്ന് സ്പർശിക്കാൻ പാടില്ല. അത്ര മാത്രം ശ്രദ്ധയോട് കൂടിയാണ് ഇവർ കൊറോണ രോഗികളെ ശുശ്രൂഷിക്കുന്നത്. സ്വയം സംരക്ഷിക്കാൻ വേണ്ടി ഇവർ ഒരു പ്രത്യേകതരം വസ്ത്രമാണ് ധരിക്കുക. അതിട്ടു കഴിഞ്ഞാൽ പിന്നെ ശരീരം മുഴുവൻ ചുട്ടുപൊള്ളുന്ന അവസ്ഥയാണ്. കട്ടിയുള്ള മാസ്ക്കും കൂടി ധരിച്ചു കഴിയുമ്പോൾ പിന്നെ ശ്വാസം കിട്ടാത്ത അവസ്ഥ. അങ്ങനെ മണിക്കൂറുകൾ നീണ്ട ഡ്യൂട്ടിക്കു ശേഷം വല്ലാതെ ക്ഷീണിച്ചാണ് ഇവർ ഓരോരുത്തരും റൂമിൽ വരിക. ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് ഇവരിൽ പലരും തിരിച്ചറിയുന്നത് ശരീരത്തിൻ്റെ പല ഭാഗങ്ങളും പൊട്ടി മുറിവുകൾ ഉണ്ടായ കാര്യം. മൂക്കിൻ്റെ പാലവും ചെവിയുടെ പുറകും ഒക്കെ വല്ലാത്ത വേദനയായിരിക്കും പിന്നീടുളള ദിവസങ്ങളിൽ. ഇതൊക്കെ ഇവർ ആരോടും പറയാറില്ല. ജോലിയുടെ ഭാഗമായി കണ്ട് അങ്ങ് സമാധാനിക്കും. സ്നേഹവും, സാന്ത്വനവും, പരിചരണവും നൽകിയാണ് ഓരോ രോഗിയെയും ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റുന്നത്.  ഭക്ഷണം കൊടുക്കുന്നതിനിടയിൽ മുഖത്തേക്ക് തുപ്പിയവരും, ഉപദ്രവിക്കാൻ ശ്രമിച്ചവരും ഒക്കെ ഇവരുടെ ശുശ്രൂഷ സ്വീകരിക്കുന്നവർക്കിടയിലുണ്ട്. എങ്കിലും പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ ഈ മാലാഖമാർ വീണ്ടും തങ്ങളുടെ ജീവിത നിയോഗം പൂർത്തിയാക്കുന്നു. പലപ്പോഴും നല്ല ഭക്ഷണം പോലും ഇവർക്ക് കിട്ടാറില്ല. പിടയുന്ന ജീവനെ നെഞ്ചോട് ചേർക്കുമ്പോൾ, അവർ മറ്റൊന്നും ചിന്തിക്കുന്നില്ല.

ആരോടും പറയാനാവാത്ത ഒരുപാട് സങ്കടങ്ങൾ ഇവരുടെയൊക്കെ ഉള്ളിൽ ഒളിപ്പിക്കുന്നുണ്ട്. ഓരോ നേഴ്സിങ് വിദ്യാർത്ഥിയും പഠനം കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ, അവരുടെ മാതാപിതാക്കൾ വലിയൊരു കടക്കെണിയിൽ അകപ്പെട്ടിരിക്കും. സ്വന്തം കിടപ്പാടം പണയം വെച്ചും, പലിശക്ക് പണമെടുത്തും ഒക്കെയാവും മാതാപിതാക്കൾ ഇവരെ പഠിപ്പിക്കുക. തൻ്റെ മക്കൾ പഠിച്ച് നാളെ കുടുംബത്തിന് ഒരു താങ്ങാകും എന്ന് അവർ അറിയാതെയാണെങ്കിലും ഒരുവേള ആശിച്ചു പോകും. പക്ഷേ ഇന്ന് ഇവർക്ക് പിടിച്ചുനിൽക്കണമെങ്കിൽ, കടബാധ്യതകൾ തീർക്കണമെങ്കിൽ, വിദേശരാജ്യങ്ങളിൽ ജോലിക്കായി പോകേണ്ട അവസ്ഥയാണ്. നമ്മുടെ നാട്ടില് അർഹമായ വേതനം ഇവർക്ക് ലഭിക്കുന്നുണ്ടോ? എൻറെ അനിയത്തി കേരളത്തിന് പുറത്തുള്ള ഒരു ഹോസ്പിറ്റലിൽ ആണ് ജോലി ചെയ്യുന്നത്. വെറും ഒൻപതിനായിരം രൂപയാണ് അവൾക്ക് അവിടെ ലഭിക്കുക. സീനിയർ സ്റ്റാഫിനും ഒക്കെ ഇതെ സാലറി തന്നെ. കേട്ടപ്പോൾ ഉള്ളിൽ വലിയ സങ്കടം തോന്നി. പഠിച്ച ഹോസ്പിറ്റലിൽ തന്നെ ജോലിക്കു കയറുന്ന ഒട്ടുമിക്ക നേഴ്സുമാരുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ്.

കൊറോണ ബാധിച്ചവരെ കൊണ്ട് ആശുപത്രികൾ നിറയുമ്പോൾ, രാവും പകലും പണിയെടുക്കുന്ന മാലാഖമാരെ എല്ലാവർക്കും വേണം. രോഗികളുടെയും, കൂടെയുള്ളവരെയും, ദേഷ്യവും – ആട്ടും തുപ്പും കൈയ്യേറ്റവും, ചെകിട്ടത്തടിയും ഏൾക്കേണ്ടിവരും. തിരക്കിനിടയിൽ ഉള്ളുരുകി  ഒന്ന് കരയാൻ പോലും ഇവർക്ക് ആകുന്നുണ്ടോ? ഇവരുടെയൊക്കെ വീടുകളിൽ അടുപ്പ് പുകയുന്നുണ്ടോ? എന്നുപോലും അന്വേഷിക്കാൻ ആരും ഇല്ല. എന്നിട്ടും എല്ലാം മറന്ന് പുഞ്ചിരിക്കുന്ന മുഖവുമായി കൈയ്യിൽ സിറിഞ്ചും മരുന്നു കുപ്പികളുമായി ഇവർ ഓടി നടക്കുകയാണ്. ഈ മാലാഖമാർക്ക് വെറും പതിനായിരവും, ഇരുപതിനായിരവുമല്ല ഈ നാടു തന്നെ തീറെഴുതി കൊടുത്താലും മതിയാവില്ല.

കേരളം എന്ന സംസ്ഥാനം ഇന്ന് ഈ രീതിയിൽ നിലനിൽക്കുന്നെങ്കിൽ അതിൻറെ പിന്നിൽ വിദേശത്ത് ജോലി ചെയ്യുന്ന നഴ്സുമാരുടെ സംഭാവനകൾ വളരെ വലുതാണ്. കാർഷിക മേഖല സാമ്പത്തിക പ്രതിസന്ധിയിൽ തകർന്നടിയുമ്പോഴും  കുടുംബങ്ങൾക്ക് താങ്ങാവുന്നത് വിദേശത്തുള്ള ഇവരുടെ ഡ്രാഫ്റ്റുകളാണ്.

വിദേശത്ത് ജോലി ചെയ്യുന്ന ഒരു നേഴ്സിൻ്റെ കഷ്ടപ്പാടുകളെ കുറിച്ച് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? പുറമേ നിന്ന് നോക്കുമ്പോൾ അവർക്ക് പണമുണ്ട്. ജീവിക്കാൻ എല്ലാ ചുറ്റുപാടുകളും ഉണ്ട്. പക്ഷേ, അവരുടെ ഉള്ളുരുക്കങ്ങളെ കറിച്ച് ആരും അറിയുന്നില്ല. എയർപോർട്ടിൽ പുഞ്ചിരിക്കുന്ന മുഖവുമായി വന്നിറങ്ങുമ്പോൾ, സ്വന്തക്കാരെയും ബന്ധുജനങ്ങളെയും നേരിട്ടു കണ്ട് കെട്ടി പുണരുമ്പോൾ അവരനുഭവിക്കുന്ന ആത്മസംതൃപ്തിയുടെ ആഴങ്ങൾ അളക്കുവാൻ ആർക്കാണ് കഴിയുക?

പിറന്നു വീണ കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ച് വിദേശത്തേക്ക് പറക്കുമ്പോൾ, പഠിക്കാനായി മാതാപിതാക്കൾ പണയംവച്ച കിടപ്പാടം തിരികെ എടുക്കുവാൻ അറബിയുടെയും സായിപ്പിൻ്റെയുമൊക്കെ മുൻപിൽ മൂന്നാം ലോകരാജ്യക്കാരി എന്ന വിളി കേട്ട് തല താഴ്തി നിൽക്കേണ്ടി വരുമ്പോൾ, ഇതൊക്കെ എൻറെ കുടുംബത്തിനുവേണ്ടി എന്ന് ചിന്തിക്കുമ്പോൾ, ഈ മാലാഖമാർക്ക് പരാതിയില്ല. നാടും വീടും കൂടും വിട്ട് അന്യദേശത്ത് പരദേശിയായി കഴിയുന്നവരുടെ നൊമ്പരങ്ങൾ അത് അനുഭവിച്ചവർക്കേ അറിയൂ. “നാം അനുഭവിക്കാത്ത ജീവിതങ്ങൾ ഒക്കെ നമുക്ക് വെറും കെട്ടുകഥകളായെ തോന്നൂ” – ഇതൊക്കെ എത്രയോ സത്യം എന്ന് ഞാൻ തിരിച്ചറിഞ്ഞത് ഒരു പ്രവാസിയായപ്പോഴാണ്.

നാലര വർഷം മുൻപ് ഇസ്രായേലിലേയ്ക്ക് ജോലിക്കായി പോരുമ്പോൾ എൻറെ കുഞ്ഞിന് ഒമ്പതുമാസം മാത്രം പ്രായം. അമ്മയെ ഒന്ന് വിളിക്കാൻ പഠിച്ചു വരുന്നതേയുള്ളൂ. അവൻ്റെ കളി ചിരികളൊ, വളർച്ചയുടെ കാലഘട്ടങ്ങളോ ഒന്നും ഞാൻ കണ്ടിട്ടില്ല. ഡൽഹിയിൽ ഒന്നര മാസത്തെ ഒരു ക്ലാസ്സ് കൂടണം. പിന്നെ ഇൻറർവ്യൂ. ഇതൊക്കെ പാസായാൽ മാത്രമെ ഇവിടേക്ക് ജോലിക്ക് വരാൻ പറ്റൂ. ആ യാത്രയിൽ ഭർത്താവും കൂടെ വേണം. അന്ന് 9 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെയും ജോലിക്കാരിയുടേയും കൈകളിൽ ഏൽപ്പിച്ച്, അവസാനമായി അവന് പാലു കൊടുത്ത്, അവനെ ഉറക്കി കിടത്തി നെറ്റിയിലും കവിളിലും ഒരായിരം മുത്തങ്ങൾ നൽകി വീടിൻ്റെ പടികളിറങ്ങുമ്പോൾ ഒന്നുറക്കെ നിലവിളിക്കാൻ പോലും എനിക്കായില്ല. ഇന്നും ആ രംഗം ഓർക്കുമ്പോൾ നെഞ്ചു പിടയുന്നുണ്ട്. പലതവണ വീട്ടിലോട്ട് തിരിച്ചു പോയാലോ എന്നുപോലും ഓർത്തിട്ടുണ്ട്. ഉറങ്ങാതെ കരഞ്ഞുകൊണ്ട് കിടന്ന എത്രയോ രാത്രികൾ. വെറും രണ്ടു മാസം പ്രായമായ കുഞ്ഞിനെയും ഭർത്താവിൻറെ കൈകളിൽ ഏൽപ്പിച്ചിട്ട് പോന്ന മറ്റൊരു സുഹൃത്തും എനിക്കുണ്ട്. ഓരോ പ്രവാസിക്കും ഉണ്ടാവും പറയാൻ ഇതുപോലെയുള്ള അനേകം കഥകൾ. ഇതു വായിക്കുന്ന പലരും ഒരുപക്ഷേ ചിന്തിച്ചേക്കാം, പിന്നെന്തിനാണ് പൈസയ്ക്ക് വേണ്ടി ഇത്ര വേദന സഹിച്ച് നിങ്ങൾ വിദേശത്തേക്ക് പോകുന്നത് എന്ന്. ഒന്നേ ഉത്തരമുള്ളൂ – ചില സന്തോഷങ്ങൾ ഒക്കെ ജീവിതത്തിൽ വേണ്ടെന്ന് വെക്കുമ്പോഴാണ് നാളെ ചില നേട്ടങ്ങൾ കൈവരിക്കാൻ നമുക്കാവുന്നത്.

കഷ്ടപ്പാടിൻ്റെയും കദനത്തിൻ്റെയും വേദനകൾ ഉള്ളിലൊതുക്കി ജീവിക്കുവാൻ വേണ്ടി പോരാടുന്ന ഭൂമിയിലെ മാലാഖമാർക്ക് നമുക്ക് പിന്തുണയേകാം. പുഞ്ചിരിക്കിടയിലും കണ്ണീർ പൊഴിയുന്നുണ്ട്. എങ്കിലും പരിഭവങ്ങളില്ലാതെ എല്ലാം സഹിക്കുകയാണ് ഇവർ. കൊറോണ എന്ന മാരക വൈറസ് മനുഷ്യജീവൻ അപഹരിച്ച് കൊണ്ടിരിക്കുമ്പോൾ, സ്വന്തം ജീവൻ കളഞ്ഞ് കർമരംഗത്ത് ദീപമായി നിലകൊള്ളുകയാണ് ഈ മാലാഖമാർ. നിൻ്റെ തളർച്ചയിൽ നീ ആരാണെന്ന് പോലും അറിയാതെ നിനക്ക് കാവലിരിക്കുകയാണിവർ. അറിയാതെ പോലും ഇവരുടെ കണ്ണുനിറയ്ക്കരുതെ. ചിറകുകളില്ലാത്ത ദൈവത്തിൻ്റെ മാലാഖമാർ ആണ് ഇവർ. ദൈവം തന്നെ ഇവരെ കാക്കട്ടെ എന്ന പ്രാർത്ഥനയോടെ.

ആഷാ ജെൻസൺ

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.