കൊറോണ വാർഡിൽ ആറുമാസം ശുശ്രൂഷ ചെയ്ത നേഴ്സ് മാതാവിന് നന്ദി പറയാൻ ലൂർദ്ദിലേക്ക്

ലുയിജി എന്ന ഇറ്റാലിയൻ നഴ്‌സ് കഴിഞ്ഞ ആറുമാസമായി റോമിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുകയാണ്. കൊറോണ എന്ന പകർച്ചവ്യാധി ഇറ്റലിയെ അതിരൂക്ഷമായി പിടിമുറുക്കിയപ്പോൾ ലൂയിജിയുടെ സാന്നിധ്യം അനേകം രോഗികൾക്ക് ആശ്വാസമായിരുന്നു. ഇപ്പോൾ മാതാവിന് നന്ദി പറയാനാണ് അദ്ദേഹം ലൂർദ്ദിലേക്ക് തീർത്ഥാടനം നടത്തുന്നത്.

തല മുതൽ കാലുവരെ  മൂടുന്ന ബയോ സേഫ്റ്റി ഡ്രസ്സ് ഇട്ടാണെങ്കിലും അദ്ദേഹം അനേകം രോഗികൾക്ക് പ്രോത്സാഹനവും സാന്ത്വനവുമായി അവരുടെ കൂടെത്തന്നെ നിന്നു. കൊറോണ രോഗത്തിന്റെ ഒരു പ്രത്യേകത ഈ രോഗാവസ്ഥയിൽ രോഗി ഒറ്റപ്പെട്ട അവസ്ഥയിൽ കഴിയണം എന്നുള്ളതാണ്. ഈ ഒരു സാഹചര്യത്തിൽ ലൂയിജി എന്ന നേഴ്‌സ് രോഗികൾക്ക് വീഡിയോ കോളുകൾ മുഖേന തങ്ങളുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. ഇത് പല രോഗികൾക്കും വളരെ ആശ്വാസമായിരുന്നു.

ക്രിസ്തു പഠിപ്പിച്ച മാതൃകയാണ് ഈ ഒരു പ്രതിസന്ധി ഘട്ടത്തിൽ മുൻപോട്ട് പോകുവാൻ തന്നെ സഹായിച്ചതെന്ന് ലൂയിജി പറയുന്നു. “ഈ രോഗികൾക്ക് ഒരു നല്ല സമരിയക്കാരനാകുവാൻ ഞാൻ ശ്രമിക്കുകയായിരുന്നു. ഈ രോഗ വ്യാപനം കുറയുമ്പോൾ ലൂർദ്ദ് സന്ദർശിച്ച് മാതാവിന്റെ മാധ്യസ്ഥം യാചിക്കുമെന്ന് മാതാവിന് ഞാന്‍ വാക്ക് കൊടുത്തിരുന്നു.” അദ്ദേഹം പറഞ്ഞു. കോവിഡ് മൂലമുള്ള ആരോഗ്യ അടിയന്തരാവസ്ഥ ആരംഭിച്ചതിനുശേഷം റോം രൂപത സംഘടിപ്പിച്ച ആദ്യത്തെ തീർത്ഥാടനത്തിന്റെ ഭാഗമായി ലൂർദ്ദിലേക്കുള്ള യാത്രാവേളയിൽ തന്റെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെയ്ക്കുകയായിരുന്നു.

റോം രൂപതയിൽ നിന്നുള്ള ഈ തീർത്ഥാടന സംഘത്തിൽ 184 പേരുണ്ട്. ഇവരിൽ 40 പേർ വൈദികരും സഹായ മെത്രാൻ മോൺ. പൗലോ റിച്ചിയാർഡോയും മോൺ. ഗ്വാറിനോ ഡി ടോറ, ട്രപാനി മോൺസിന്റെ ബിഷപ്പ് പിയട്രോ മരിയ ഫ്രാഗ്നെല്ലി, ദേശീയ യൂക്കരിസ്റ്റിക് കോൺഗ്രസുകളുടെ പൊന്തിഫിക്കൽ കമ്മിറ്റി പ്രസിഡന്റ് ആർച്ച് ബിഷപ്പ് പിയേറോ മരിനി എന്നിവരും ഉൾപ്പെടുന്നു.

ഓഗസ്റ്റ് 24 -ന് ആരംഭിച്ച ഈ തീർത്ഥാടനം കൊറോണ വൈറസ് പടരാതിരിക്കാൻ എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ടാണ് നടക്കുന്നത്. ഈ യാത്ര മാതാവിനോട് ഒന്നും ചോദിക്കാനല്ല. മറിച്ച് തന്ന അനുഗ്രഹങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുവാനാണ്. ലൂയിജി പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.