അഫ്ഗാനിസ്ഥാനിലെ ഭീകരാക്രമണത്തിനിടയിലും പാവപ്പെട്ടവർക്കു വേണ്ടി ജീവിക്കുന്ന സന്യാസിനിമാർ

“ഇവിടെ ഭീതിയോടെ ജീവിക്കുന്ന അനേകർക്കു വേണ്ടി സുരക്ഷിതമായ സ്ഥലത്ത് ജീവിക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു” – വർഷങ്ങളായി അഫ്ഗാനിസ്ഥാനിൽ പാവപ്പെട്ടവരും വികലാംഗരുമായ കുട്ടികളെ സംരക്ഷിക്കുന്ന സന്യാസിനിമാരുടേതാണ് ഈ വാക്കുകൾ. വൈകല്യമുള്ള ധാരാളം കുഞ്ഞുങ്ങൾ അഫ്ഗാനിസ്ഥാനിൽ ജനിക്കുന്നുണ്ട്. അവരെ സംരക്ഷിക്കാൻ രാജ്യത്തുള്ള ഏക സ്ഥാപനമാണ് ഇത്.

വികലാംഗരായ കുട്ടികളോടൊപ്പമുള്ള സന്യാസിനിമാർ ഇവരെ വിട്ട് സ്വന്തം ഭവനത്തിലേക്കു പോലും പോകാറില്ല. ഇന്ത്യക്കാരിയായ സി. തെരേസിയ ക്രാസ്റ്റ (50), പാക്കിസ്ഥാനിൽ നിന്നുള്ള സി. ഷഹനാസ് ഭട്ടി എന്നിവർ പ്രോ ബാംബിനി ഡി കാബൂൾ (പിബികെ) സ്കൂളിൽ ജോലി ചെയ്യുന്നു. ഡൗൺ സിൻഡ്രോമും മറ്റ് വൈകല്യങ്ങളും ഒക്കെയുള്ള ആറ് മുതൽ 12 വയസ്സു വരെയുള്ള 50 -ഓളം കുട്ടികളെ ഇവിടെ സംരക്ഷിക്കുന്നു.

“ഞങ്ങളുടെ ലക്ഷ്യം അവരുടെ സാധ്യതകൾ വികസിപ്പിക്കുക, സാധ്യമാകുമ്പോൾ, ഇവർക്ക് വിദ്യാഭ്യാസം നൽകുക എന്നതാണ്. ഈ കുട്ടികളുടെ കുടുംബങ്ങൾ വളരെ ദരിദ്രമായതിനാൽ അവരെ സംരക്ഷിക്കാൻ വീട്ടുകാർക്ക് സാധ്യമല്ല. അതിനാൽ വൈകല്യങ്ങളോടെ ജനിക്കുന്ന ഈ കുട്ടികൾക്ക് സംരക്ഷണം നൽകേണ്ടത് ആവശ്യമാണ്” – സി. തെരേസിയ പറയുന്നു.

“സ്ഫോടനം ഇല്ലാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. അപകട സാധ്യതകൾക്കിടയിലും സുരക്ഷിതമായ ഗ്രീൻ സോണിൽ സ്ഥിരതാമസമാക്കരുതെന്ന് ഞങ്ങൾ തീരുമാനിച്ചു. കാരണം ഞങ്ങൾക്ക് സാധാരണക്കാരുടെ ഇടയിൽ ജീവിക്കാൻ ആഗ്രഹമുണ്ടായിരുന്നു. അവരുടെ വേദനയും കഷ്ടപ്പാടും ഭീതിയും അടുത്തറിയുവാൻ ഞങ്ങൾക്ക് സാധിച്ചു” – സിസ്റ്റർ ഷഹനാസ് വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.