വിയറ്റ്‌നാമിൽ ക്ഷയരോഗികൾക്ക് പുതുജീവിതം നൽകി സന്യാസിനിമാർ

മയക്കുമരുന്നു കേസിൽ ഒൻപതു വർഷം തടവിലാക്കപ്പെട്ട ഒരാൾ ജയിൽമോചിതനായി പുറത്തിറങ്ങുമ്പോൾ ആരും അയാളെ സഹായിക്കാനില്ലാത്ത അവസ്ഥ; പ്രത്യേകിച്ച് അയാൾ ഒരു രോഗി കൂടി ആയിമാറുമ്പോൾ. ഉണ്ടായിരുന്ന സമ്പത്തെല്ലാം ഭാര്യയും മക്കളും വിറ്റുകളയുകയും കൂടി ചെയ്യുമ്പോൾ ജീവിതത്തോടുള്ള എല്ലാ പ്രതീക്ഷയും നഷ്ടപ്പെടുന്ന അവസ്ഥ.

ലെൻഹ് എന്ന ബുദ്ധമത വിശ്വാസിയുടെ ജീവിതമാണ് പറഞ്ഞുവരുന്നത്. വിയറ്റ്നാമിലെ ഡാ നാങിലെ ആശുപത്രിയിൽ എത്തിച്ചേരുമ്പോൾ എല്ലാം നഷ്ടപ്പെട്ടവനായിരുന്നു അയാൾ; ജീവിക്കുവാനുള്ള പ്രതീക്ഷ പോലും. ആശുപത്രിയിലെ ചികിത്സയ്‌ക്കൊപ്പം അവിടുത്തെ സന്യാസിനിമാര്‍ അയാള്‍ക്ക് ഭക്ഷണം കൂടി നൽകി. സെന്റ് പോൾ ഡി ചാർട്ടേഴ്‌സ് സിസ്റ്റേഴ്സിന്റെ ആശുപത്രിയായിരുന്നു അത്. ഡാ നാങ്, ഹ്യൂ, ഡോങ് ഹാ എന്നിവിടങ്ങളിലെ എയ്ഡ്‌സ് ബാധിതരെയും ക്ഷയരോഗ ബാധിതരെയും പുനഃരധിവസിപ്പിച്ചുകൊണ്ട് അവർക്കാവശ്യമായ ഭക്ഷണവും മരുന്നുകളും ഈ സന്യാസിനികൾ നൽകിവരുന്നു.

ലെൻഹിനെപ്പോലെ നിരവധി ആളുകൾക്ക് ജീവിതമാർഗ്ഗങ്ങൾ ഉണ്ടാക്കിക്കൊടുത്തു കൊണ്ട് അവരെ നന്മയുടെ പാതയിലൂടെ നയിക്കുന്നു. “അവർ എനിക്ക് താമസിക്കുവാൻ വീട് എടുത്തു നൽകുകയും വാടക നൽകുകയും  ചെയ്തു. അതിനുശേഷം ലോട്ടറിക്കച്ചവടം നടത്തി, എനിക്കായി അവർ ചിലവഴിച്ച തുകയത്രയും തിരികെ നൽകുവാൻ എനിക്ക് സാധിച്ചു. ഒരു കാലത്ത് ആത്മഹത്യയുടെ വക്കിലായിരുന്ന എനിക്ക് ഇപ്പോൾ ജീവിക്കുവാനുള്ള ആഗ്രഹമുണ്ട്” – ലെൻഹ് പറയുകയാണ്. പ്രമേഹബാധിതനായി ഒരു കാൽ മുറിച്ചുകളയപ്പെട്ട് വീൽ ചെയറിൽ ആയിരിക്കുമ്പോഴും ജീവിതത്തെക്കുറിച്ച് വളരെ പ്രതീക്ഷയോടെ സംസാരിക്കുകയാണ് ലെൻഹ്.

സെന്റ് പോൾ ഡി ചാർട്ടേഴ്‌സ് സിസ്റ്റേഴ്സ് നിരവധി പ്രവർത്തനങ്ങളാണ് വിയറ്റ്നാമിൽ ചെയ്തുകൊണ്ടിരിക്കുന്നത്. സി. ലൂസിയ ഡുവോങിന്റെ നേതൃത്വത്തിൽ ക്വാങ് നാം പ്രൊവിൻസിൽ ‘പീസ് ക്ലിനിക്ക്’ എന്ന പേരിൽ ഒരു ആശുപത്രി നടത്തുന്നുണ്ട്. 27 ക്ഷയരോഗികളെ സംരക്ഷിക്കുന്നുണ്ട് അവിടെ. അതുപോലെ തന്നെ ഒരുപാട് നിർദ്ധനർക്കും അഗതികൾക്കും സംരക്ഷണം നൽകിവരികയാണ്. 2015-ൽ ക്ലിനിക്ക് തുടങ്ങിയതിനു ശേഷം 135 രോഗികളാണ് പൂർണ്ണമായും സുഖപ്പെട്ടത്. കൃത്യമായ ഇടവേളകളിൽ മരുന്നും ഭക്ഷണവും നൽകി അവരെ സംരക്ഷിക്കുകയും ചെയ്തുവരുന്നു. ഒരു രോഗി മരണപ്പെട്ടാൽ പോലും അവരുടെ സംസ്കാരചടങ്ങിൽ പങ്കെടുക്കുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.