അനേകർക്ക്‌ പ്രത്യാശ പകർന്നു പറന്നകന്ന ബഥനിയിലെ കുഞ്ഞുമാലാഖ

മരിയ ജോസ്

സി. അനഘ. വിടരും മുമ്പേ പൊഴിഞ്ഞ നിർമ്മല പുഷ്പം. ബഥനി സന്യാസ സമൂഹത്തിലെ ഒരു കൊച്ചു സിസ്റ്റർ ആയിരുന്നു സി. അനഘ SIC. ക്യാൻസർ ബാധിതയായി സി. അനഘ മരണത്തെ പുൽകുമ്പോൾ വയസ് വെറും 39. കഠിനമായ വേദനയുടെ നിമിഷങ്ങളെ നിഷ്കളങ്കമായ പുഞ്ചിരിയുടെ വശ്യതയിൽ ഒളിപ്പിച്ചുകൊണ്ട് ഈ കൊച്ചുസിസ്റ്റർ ഈശോയുടെ പക്കലേയ്ക്ക് നടന്നടുത്തു. തനിക്കായി ദൈവം നൽകിയ ഓരോ അനുഗ്രഹത്തിനും അനുദിനം നന്ദി പറഞ്ഞുകൊണ്ട് യാത്രയായ സി. അനഘയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ബഥനി സന്യാസ സമൂഹത്തിന്റെ അസിസ്റ്റന്റ് ജനറാളായ സി. ആർദ്ര SIC .

“സന്യാസജീവിതത്തെ ഏറെ തീക്ഷ്ണതയോടെ സ്വീകരിച്ച കൊച്ചായിരുന്നു അനഘ” സിസ്റ്റർ ആർദ്ര പറഞ്ഞുതുടങ്ങിയത് ഇപ്രകാരമായിരുന്നു. സിസ്റ്റർ അനഘയെ ഒരു തവണ എങ്കിലും പരിചയപ്പെട്ടവർക്ക് ആ മുഖം ഒരിക്കലും മറക്കുവാൻ കഴിയില്ല; അത്ര പ്രസരിപ്പായിരുന്നു. അതിലേറെ തുറവിയുള്ള ഒരു മനസിന്റെ ഉടമയും. സ്വതസിദ്ധമായ ശൈലിയിലുള്ള പെരുമാറ്റം തന്നെ മതിയായിരുന്നു സിസ്റ്ററിനെ അനേകരുടെ ഉറ്റസുഹൃത്തും കുട്ടികളുടെ പ്രിയങ്കരിയായ അധ്യാപികയുമാക്കി മാറ്റുവാൻ – സി. ആർദ്ര വെളിപ്പെടുത്തി.

കുട്ടികൾക്കൊപ്പം ധാരാളം സമയം ചിലവിട്ട വ്യക്തിയായിരുന്നു അവർ. കുട്ടികളുടെ സംഘടനകളുടെ ഭാഗമായി അനേകം ചുമതലകൾ സിസ്റ്റർ വഹിച്ചിരുന്നു. ഏറ്റെടുക്കുന്ന ചുമതലകളെല്ലാം ഏറ്റവും ഭംഗിയായി നിറവേറ്റുന്നത്തിൽ പ്രത്യേക ഒരു നൈപുണ്യം ഈ കൊച്ചുസിസ്റ്ററിനുണ്ടായിരുന്നു. അതിനാൽ തന്നെ അധികാരികളുടെ പ്രിയങ്കരിയുമായിരുന്നു സി. അനഘ. അനേകം മക്കളുള്ള കുടുംബത്തിൽ നിന്നാണ് സിസ്റ്റർ സന്യാസ സമൂഹത്തിലേയ്ക്കു വന്നത്. അതിനാൽ തന്നെ എല്ലാവരോടും ഒരു തുറന്ന പെരുമാറ്റമായിരുന്നു സിസ്റ്ററിന്റേത്. അധികാരികളോടാണെങ്കിലും പേടിയോടെ പെരുമാറുന്നതിനു പകരം ഉള്ളിലുള്ള സ്വാതന്ത്ര്യത്തോടെ എല്ലാം തുറന്നുപറയുന്ന പ്രകൃതമായിരുന്നു ആ കൊച്ചിന്റേത് – സി. ആർദ്ര ഓർത്തെടുത്തു. ആ വാക്കുകൾ സിസ്റ്റർ മുഴുവിപ്പിക്കുമ്പോൾ ഉള്ളിലെവിടെയോ ഒരു വേദന നിറഞ്ഞതുപോലെ…

ക്യാൻസർ രോഗം ആണെന്ന് അറിഞ്ഞ നിമിഷവും ഞാൻ ഒരു രോഗിയാണെന്നോ, എന്റെ ജീവിതം അവസാനിച്ചു എന്നോ ഉള്ള ഒരു തോന്നലും സി. അനഘയിൽ ഉണ്ടായിരുന്നില്ല. പ്രത്യാശയോടെ, ധൈര്യത്തോടെ ആ രോഗാവസ്ഥയെ അംഗീകരിച്ചു. വേദനയാൽ പുളയുമ്പോഴും, രോഗം മൂർഛിക്കുന്ന അവസരത്തിലും ആ വേദനകളെയൊക്കെ നേർത്ത പുഞ്ചിരിയാക്കി മാറ്റിയ ഈ സിസ്റ്റർ മഠത്തിലെ മറ്റുള്ളവർക്ക് വലിയ അത്ഭുതമായിരുന്നു. തന്റെ രോഗാവസ്ഥയെ ഓർത്ത് വ്യസനിക്കുന്നവരോട് “നമുക്കുവേണ്ടി സഹിച്ച ഈശോയ്ക്കുവേണ്ടി സഹിക്കാൻ എന്നെയല്ലേ ഈശോ തെരഞ്ഞെടുത്തത്. നിങ്ങളെ അല്ലല്ലോ. എനിക്കല്ലേ മറ്റുള്ളവരുടെ സൗഖ്യത്തിനായി രോഗിയാകാൻ അവസരം കിട്ടിയത്… നിങ്ങൾക്കാർക്കുമല്ലല്ലോ…” എന്ന് കുസൃതിയോടെ കളിയാക്കിക്കൊണ്ട് അവരിലെ സഹതാപത്തെപ്പോലും സന്തോഷമാക്കി മാറ്റുവാൻ സിസ്റ്ററിനു കഴിഞ്ഞു.

വേദനയുടെ നിമിഷങ്ങളിലും, എനിക്ക് ഇതിനെ അതിജീവിക്കുവാൻ കഴിയും എന്ന് സിസ്റ്റർ ഉറച്ചുവിശ്വസിച്ചു. ആ വിശ്വാസമാണ് സിസ്റ്ററിനു ചുറ്റും ഉണ്ടായിരുന്ന അനേകരെ ചിരിപ്പിച്ചതും പ്രത്യാശയോടെ ആയിരിക്കുവാൻ ധൈര്യപ്പെടുത്തിയതും. അപാരമായ പോസിറ്റിവ് എനർജിയുടെ ഉറവിടമായിരുന്നു സി. അനഘ. എത്ര പ്രതിസന്ധികൾ ഉണ്ടായാലും അതിനെയൊക്കെ അതിജീവിക്കുവാൻ അവർക്കു കഴിഞ്ഞിരുന്നു.

കോഴിക്കോടുള്ള വേളംകോട്ട സ്‌കൂളിൽ അധ്യാപികയായിരുന്ന ഈ കൊച്ചുസിസ്റ്റർ, തനിക്ക് രോഗമാണ് എന്നതിന്റെ പേരിൽ ഉത്തരവാദിത്വങ്ങളിൽ നിന്നു ഒരിക്കലും മാറിനിന്നിട്ടില്ല. ഓപ്പറേഷനുശേഷവും കുട്ടികളെ പഠിപ്പിക്കാനായി എത്തി. എല്ലാ ജോലികളും ഓടിനടന്നു ചെയ്തു. സിസ്റ്റർ ക്യാൻസറിന്റെ പിടിയിലാണ് എന്നുപോലും ചുറ്റുമുള്ളവർക്കു സംശയിക്കാൻ ഇടനൽകാത്ത വിധം ജോലികൾ ചെയ്യുന്നതിൽ വ്യാപൃതയായിരുന്നു സിസ്റ്റർ. തന്റെ രോഗാവസ്ഥ അറിഞ്ഞ നിമിഷം മുതൽ മുമ്പുള്ളതിനേക്കാളും കൂടുതൽ പ്രാർത്ഥനയിൽ ആഴപ്പെടുവാൻ സിസ്റ്റർ ശ്രമിച്ചിരുന്നു. എന്റെ വേദന കുറയ്ക്കണമേ… ഈ രോഗം മാറ്റിത്തരണമേ… എന്ന് ഒരിക്കൽപ്പോലും സിസ്റ്റർ പ്രാർത്ഥിച്ചില്ല. മറിച്ച്, വേദന സഹിക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിച്ചു. തന്നെപ്പോലെ ഈ രോഗത്തിന്റെ വലയിൽപെട്ട് നോക്കാൻ ആരുമില്ലാതെ കഷ്ടപ്പെടുന്ന ആളുകൾക്കായി പ്രാർത്ഥിച്ചു. കൂടാതെ, തന്റെ നാഥന്റെ പക്കലേയ്ക്ക് പോകാൻ അതിയായി ആഗ്രഹിച്ചു…

ഒത്തിരിയേറെ കാര്യങ്ങൾ ചെയ്യണം എന്ന ആഗ്രഹം സിസ്റ്ററിനുണ്ടായിരുന്നു. രോഗം ശരീരത്തെ വേട്ടയാടിത്തുടങ്ങിയപ്പോൾ, ശരീരത്തിന്റെ ചലനവേഗം മനസിനൊപ്പം എത്താൻ മടിച്ചുതുടങ്ങിയപ്പോൾ, തൻ്റെ സ്വപ്നങ്ങൾ ഒന്നൊന്നായി കൊഴിയുന്നത് സിസ്റ്റർ നിശബ്ദം മനസിലാക്കി. എങ്കിലും അവർ ചിരിച്ചു. രോഗാവസ്ഥയിൽ തന്റെ കൂടെ ആയിരുന്നുകൊണ്ട് പരിചരിക്കുന്നവർക്ക് ഇപ്പോഴും നന്ദി പറയുവാൻ സിസ്റ്റർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുൻപും അങ്ങനെ തന്നെയായിരുന്നു. കൂടെയുള്ള സിസ്റ്റർമാർ നൽകുന്ന പരിചരണങ്ങൾ നേടാൻ എന്ത് യോഗ്യതയാണ് തനിക്കുള്ളതെന്നും എപ്പോഴും ചോദിക്കുമായിരുന്നു. സമൂഹം തന്നെ നന്നായി പരിഗണിക്കുന്നു എന്ന ചിന്ത എപ്പോഴും സി. അനഘയുടെ ഉള്ളിലുണ്ടായിരുന്നു. അതിന് നന്ദി പറയുവാൻ കിട്ടുന്ന അവസരമൊന്നും പാഴാക്കിയിരുന്നുമില്ല. അതിനാൽ തന്നെ സിസ്റ്ററിന് എന്തെങ്കിലുമൊക്കെ ചെയ്തുകൊടുക്കുന്നതിനും എല്ലാവർക്കും ഉത്സാഹമായിരുന്നു – സി. ആർദ്ര വെളിപ്പെടുത്തുന്നു.

പരാതിയോ പരിഭവമോ ഇല്ലാതെ, ലഭിച്ചെതെല്ലാം അധികമാണ് എന്ന് വിനയാന്വിതമായി ഏറ്റുപറഞ്ഞു, തന്റെ സഭയിലെ എല്ലാവർക്കും നന്ദിപറഞ്ഞു, തന്റെ വേദനകളെ ക്രിസ്തുവിന്റെ സഹനത്തോട് ചേർത്തുവച്ച് സ്നേഹിച്ചുകൊണ്ട് പുഞ്ചിരിയോടെ ആ കുഞ്ഞുമാലാഖ ഈസ്റ്റർ ദിനത്തിൽ പറന്നുയർന്നു. അവൾ ആഗ്രഹിച്ചപോലെ ക്രിസ്തുവിന്റെ മടിത്തട്ടിലേയ്ക്ക്. സിസ്റ്റർ ഒരു വിശുദ്ധയായിരുന്നു. ബഥനി സന്യാസ സമൂഹത്തിനു ലഭിച്ച അമൂല്യനിധി. ചുരുക്കം നാളുകൊണ്ട് സ്നേഹത്തിന്റെ, എളിമയുടെ, വിശുദ്ധിയുടെ, സഹനത്തിന്റെ പുഷ്പങ്ങൾ വിരിയിച്ചുകൊണ്ട് ആ മാലാഖ, കർത്താവിന്റെ മണവാട്ടി കടന്നുപോയി. തന്റെ നാഥന്റെ പക്കലേയ്ക്ക്…

മരിയ ജോസ്