ഇന്ത്യൻ തലസ്ഥാനത്തെ നിരാലംബർക്ക് ആശ്രയമാകുന്ന ഒരു സന്യാസിനി  

ഡൽഹിയുടെ തെരുവുകളിൽ പാവങ്ങളും നിരാലംബരും ആയവർക്ക് സഹായവും ആശ്രയവും ആവുകയാണ് ബഥനി സന്യസിനീ സമൂഹത്തിലെ അംഗമായ സി. പ്രീത വർഗീസ്. 2016 മുതൽ ഡൽഹിയിൽ പാവങ്ങളും തെരുവുകളിൽ കഴിയുന്നവരുമായ ആളുകളുടെ വിശപ്പകറ്റുകയാണ്, അവരുടെ ആവശ്യങ്ങളിൽ താങ്ങാവുകയാണ് ഇവര്‍. സിസ്റ്ററിന്റെ വാക്കുകളിൽ വിശപ്പ് കൊറോണയെക്കാൾ ഭീതികരമാണ്.

കോൺഗ്രിഗേഷന്റെ നിർദ്ദേശപ്രകാരം കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് എത്തിയതാണ് സി. പ്രീത. അവിടെ എത്തിയപ്പോൾ സിസ്റ്റർനു നൽകപ്പെട്ട ചുമതല പാവങ്ങൾക്ക് ഭക്ഷണവും വസ്ത്രവും എത്തിക്കുക എന്നതാണ്. ആ ദൗത്യം കിട്ടിയപ്പോൾ മുതൽ അവർ സന്തോഷവതിയാണ്. കാരണം ഡൽഹിയിൽ കാലുകുത്തിയ നിമിഷം മുതൽ ഈ സന്യാസിനി കാണുന്നത് ഭക്ഷണമില്ലാതെ വലയുന്ന ആളുകളെയും ദാരിദ്ര്യത്തിൽ കഴിയുന്ന ചേരികളൂം ആണ്. എങ്കിൽ തന്നെയും ഈ ദൗത്യം ഏറ്റെടുക്കുമ്പോൾ അൽപ്പം ആശങ്ക ഉണ്ടായിരുന്നു. കാരണം മുൻപ് ഈ മേഖലയിൽ പ്രവർത്തിച്ചു പരിചയം ഇല്ലാത്തത് തന്നെ ആയിരുന്നു.

ആ ഒരു ആശങ്ക മാറുന്നതിനും ഏറ്റെടുക്കാൻ പോകുന്ന ദൗത്യം നിർവഹിക്കുന്നതിനുള്ള ശക്തി ലഭിക്കുന്നതിനുമായി സി. പ്രീത ധാരാളം പ്രാർത്ഥിച്ചു. പ്രാർത്ഥനയിലൂടെ ലഭിച്ച ശക്തി പ്രതിസന്ധികളെ മറികടക്കുവാൻ സഹായകമായി. ഒപ്പം തങ്ങളുടെ പ്രവർത്തനങ്ങളിൽ നിന്ന് ഗുണം ലഭിക്കുന്ന ആളുകളുടെ മുഖത്തെ സന്തോഷം ഈ സന്യാസിനിക്ക് കൂടുതൽ പ്രചോദനം നൽകി. പ്രചോദന എന്ന പദ്ധതിക്ക് കീഴിൽ ആണ് ഇപ്പോൾ ഈ സന്യാസിനിയുടെ പ്രവർത്തനം. ഞായറാഴ്ച ഒഴികയുള്ള ദിവസങ്ങളിൽ ഭക്ഷണ പൊതികൾ പാവങ്ങളിലേയ്ക്ക് എത്തിക്കുന്നു. 800 മുതൽ 1000 വരെ ഭക്ഷണ പൊതികൾ ഓരോ ദിവസവും വിതരണം ചെയ്യുന്നുണ്ട്. ഇതുകൂടാതെ ആവശ്യക്കാർക്ക് ഭക്ഷണവും മരുന്നും നൽകുന്നു.

“ഭക്ഷണം ലഭിക്കുന്നവർ ഞങ്ങൾക്ക് നന്ദി പറയാറുണ്ട്. കാരണം അവർക്ക്‌ ഇത്തരം ചൂട് ഭക്ഷണം വല്ലപ്പോഴും മാത്രമാണ് ലഭിക്കുന്നത്. അതിനാൽ തന്നെ ഭക്ഷണം വാങ്ങിയ ശേഷം അവർ ഞങ്ങളെ അനുഗ്രഹിക്കുന്നു”- സി. പ്രീത പറയുന്നു. ഈ കോവിഡ് സാഹചര്യത്തിലും ഭക്ഷണ വിതരണം മുടങ്ങാതെ കൊണ്ട് പോകുവാൻ കഴിയുന്നത് ഒരു ദൈവാനുഗ്രഹമായി കരുതുകയാണ് ഈ സന്യാസിനി. ഇവരുടെ പ്രാർത്ഥനയും ഇതു തന്നെയാണ്. നാളിതുവരെയുള്ള സേവനത്തിൽ മറക്കാനാകാത്തത് ഭക്ഷണത്തിനു വേണ്ടിയുള്ള കുഞ്ഞുങ്ങളുടെ കരച്ചിൽ ആണ്. ഈ ഒരു കാരണത്താൽ തന്നെ സ്‌കൂളിൽ വരാൻ കഴിയാത്ത കുഞ്ഞുങ്ങൾക്കും ഭക്ഷണം എത്തിച്ചു കൊടുക്കുവാൻ ഇവർ ശ്രമിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.