മ്യാന്മറിൽ സൈന്യത്തിന് മുൻപിൽ മുട്ടുകുത്തിയ സന്യാസിനി ഇന്ന് ശുശ്രൂഷ ചെയ്യുന്നത് കോവിഡ് രോഗികൾക്കിടയിൽ

മ്യാൻമറിലെ സൈനിക അധിനിവേശത്തിനും ആക്രമണത്തിനും ഇടയിൽ പ്രക്ഷോഭകാരികളെ വെടിവെയ്ക്കാനൊരുങ്ങിയ സൈന്യത്തിന് മുൻപിൽ മുട്ടുകുത്തി നിന്ന സന്യാസിനി സി. ആൻ റോസ് നു തവാങ് ഇപ്പോൾ വീണ്ടും ജീവനും മരണത്തിനുമിടയിലാണ്. രാഷ്ട്രീയ അരക്ഷിതാവസ്ഥയിലും കോവിഡ് രോഗികൾക്കിടയിൽ ശുശ്രൂഷ ചെയ്യുകയാണ് സിസ്റ്റർ.

നിരവധി കോവിഡ് രോഗികളുള്ള ഇവിടെ ആവശ്യമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ഇല്ല. പ്രക്ഷോഭകാരികളെ ഒന്നടങ്കം അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്ന ഈ സ്ഥലത്ത് സിസ്റ്റർ ഇപ്പോൾ കാത്തോലിക് മിഷനറി ക്ലിനിക് എന്ന പേരിൽ രോഗികൾക്കായി ഒരു നഴ്സിംഗ് ഹോം ആരംഭിച്ചിട്ടുണ്ട്. “നിരവധിയാളുകളാണ് കോവിഡ് ലക്ഷണങ്ങളുമായി എത്തിച്ചേരുന്നത്, പക്ഷേ, പരിശോധനാ കേന്ദ്രങ്ങൾ എവിടെയുമില്ല. പരിശോധനയ്ക്കായി ആളുകളുടെ കൈവശം പണവുമില്ല. സാമൂഹിക അകലം പാലിക്കണമെന്ന അടിസ്ഥാന കാര്യങ്ങൾ പോലും അവർക്കറിയില്ല. എങ്ങനെ സ്വയം സംരക്ഷിതരാകാം എന്ന ഒരു ധാരണയും ഇവർക്കില്ല,” സിസ്റ്റർ പറഞ്ഞു. നിരവധിയാളുകളും കുടുംബങ്ങളും തന്റെ കണ്മുന്നിൽ കിടന്നു മരിക്കുന്നത് കണ്ടാണ് സിസ്റ്റർ ഈയൊരു പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്.

“ഇതെല്ലാം കണ്ടുകൊണ്ട് എനിക്ക് ഒരിക്കലും ജീവിക്കാൻ സാധിക്കില്ല. എന്ത് സംഭവിച്ചാലും എനിക്ക് ഏതെങ്കിലും ചെയ്തേ പറ്റൂ എന്ന് ഞാൻ തീരുമാനിച്ചു. അവരെ ശുശ്രൂഷിക്കുന്നതിനിടയിൽ മരണമടഞ്ഞാൽ പോലും ഞാൻ അത് ചെയ്യും. അല്ലെങ്കിൽ നിരവധി ജീവനുകൾ നഷ്ടമാകും.” മാർച്ച് മാസത്തിൽ സൈന്യത്തിന് മുന്നിൽ നിന്നതിനു ശേഷം നിരവധി തവണ മ്യാന്മർ ഭരണകൂടത്തിന്റെ സൂക്ഷ്മ പരിശോധനകൾക്ക് സിസ്റ്റർ വിധേയയായിട്ടുണ്ട്.

“അന്ന് ഞാൻ ഭ്രാന്തന്മാമാരെ പോലെ വിറളിപിടിച്ച സൈന്യത്തിനിടയിലേക്കാണ് ഓടിച്ചെന്നത്. ഒരു അമ്മക്കോഴി കോഴിക്കുഞ്ഞുങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവോ അതുപോലെ ഞാൻ നിന്നു. എന്റെ ജീവന് തന്നെ അപകടമാകുമെന്നു ഒരിക്കൽപോലും ഞാൻ ആ നിമിഷത്തിൽ ബോധവതിയായിരുന്നില്ല. പക്ഷേ, ആളുകൾ മരിച്ചുവീഴുന്നത്കാണാൻ എനിക്ക് കഴിയില്ലായിരുന്നു. നന്മയ്ക്കുവേണ്ടി നിലകൊള്ളുന്ന ആളുകൾ എക്കാലവും വെറുക്കപ്പെടുമെന്നെനിക്കറിയാം. വിമർശനത്തെ ഭയപ്പെടുന്നവർക്ക് ഒരിക്കലും ഒന്നും ചെയ്യാൻ സാധിക്കില്ല. എല്ലാം പരിശുദ്ധാത്മാവിന്റെ പ്രവർത്തനമായാണ് എനിക്ക് അനുഭവപ്പെടുന്നത്.” -സിസ്റ്റർ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.