മൊസാംബിക്കിലെ 3000 – ത്തിലധികം വീടുകളിൽ സഹായമെത്തിച്ച ഒരു തിരുഹൃദയ പുത്രി 

സി. സൗമ്യ DSHJ

മൂന്നു വയസുള്ള കുട്ടിയുടെ തലയിൽ ഒരു പാത്രം നിറയെ വെള്ളമുണ്ട്. ശരിക്കു നടക്കുവാൻ പോലും പറ്റാതെ, ക്ലേശിച്ച് മുൻപോട്ടു പോകുന്ന അവൻ്റെ അമ്മയോട് ചോദിച്ചു. “എന്തിനാണ് അവനെക്കൊണ്ട് ഇത്രയും വെള്ളം ചുമപ്പിക്കുന്നത്?” അതിന് അമ്മ തന്ന മറുപടി: “കുട്ടികൾ പണിയെടുത്തെങ്കിലേ ജീവിക്കാൻ പറ്റുകയുള്ളു. അതുകൊണ്ട് ചെറുപ്പം മുതൽ കഷ്ടപ്പാടറിയണം. പഠിക്കാൻ പോയി എന്തിനാണ് വെറുതെ സമയം പാഴാക്കുന്നത്.” ഇന്ത്യയിൽ നിന്നും മൊസാബിക്കിലെ പെമ്പ എന്ന സ്ഥലത്ത് മിഷൻ പ്രവർത്തനങ്ങൾക്കായി വന്നതാണ് സി. ഡെയ്സി ജീരകത്തിൽ DSHJ

വളരെ വ്യത്യസ്തത നിറഞ്ഞ നാട്. കടുത്ത ദാരിദ്ര്യം ആളുകളുടെ ജീവിതത്തിൽ ഇരുൾ പടർത്തുമ്പോൾ അതിനെ എങ്ങനെ തിജീവിക്കണം എന്ന് അറിയാതെ പകച്ചു നിൽക്കുന്നവരുടെ നാട്. അവർക്കു ഒരു നേരത്തെ ഭക്ഷണമാണ് മറ്റെന്തിനേക്കാളും വലുത്. ദുരിതങ്ങൾ നിറഞ്ഞ ആ നാട്ടിലെ മനുഷ്യ ജീവിതങ്ങൾക്കിടയിൽ ക്രിസ്തുവിന്റെ വെളിച്ചം പകർന്നു കൊണ്ട് സേവനം ചെയ്യുന്ന സി. ഡെയ്‌സി തന്റെ മിഷൻ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്…

കേരളത്തിൽ ഏകദേശം 30 വർഷക്കാലം എൽ. പി. സ്കൂൾ അദ്ധ്യാപികയായിരുന്ന സി. ഡെയ്സി തൻ്റെ റിട്ടയേർമെന്റിനു ശേഷം മൊസാബിക്കിൽ മിഷൻ പ്രവർത്തങ്ങൾക്കായി ഇറങ്ങി തിരിക്കുകയായിരുന്നു. കുട്ടികളുടെ ഇടയിൽ വർഷങ്ങളോളം പ്രവർത്തിച്ച സിസ്റ്റർ അവിടെ എത്തിയപ്പോൾ കണ്ടത് തെരുവുകളിൽ അലഞ്ഞു തിരിഞ്ഞും ആരും ശ്രദ്ധിക്കാതെയും നടക്കുന്ന കുട്ടികളെയാണ്. അവർക്കും വിദ്യാഭ്യാസം ലഭ്യമാക്കണം എന്ന ആഗ്രഹം സിസ്റ്ററിന്റെ ഉള്ളിൽ ഉടലെടുത്തു. പക്ഷേ, മാതാപിതാക്കൾക്ക് അവരുടെ  കുട്ടികളെ പഠിപ്പിക്കുവാൻ താത്പര്യമില്ല. ഈ ഒരു കാരണത്താൽ തന്നെ ചെറുപ്പം മുതൽ അവർ ജോലി ചെയ്തും തെരുവുകളിൽ അലഞ്ഞുതിരിഞ്ഞും സമയം കളഞ്ഞുകൊണ്ടിരുന്നു. തെറ്റും ശരിയും തിരിച്ചറിയാത്ത പ്രായം. ഈ അവസ്ഥയിൽ അവർ തെരുവിൽ അലഞ്ഞാലുള്ള അവസ്ഥ ഏറെക്കുറേ നമുക് ഊഹിക്കാം. ഇവിടെയും അവസ്ഥ മറ്റൊന്നല്ല. കുട്ടികൂട്ടത്തിനു കൂട്ട് പണവും കള്ളും പല ദുശീലങ്ങളും.

95 ശതമാനത്തോളം മുസ്ലിങ്ങൾ ഉള്ള പ്രദേശമാണ് പെമ്പയിലെ കബോഡിൽഗാഡോ. ബഹുഭാര്യാത്വം ആണ് ഇവിടെ നിലവിലുള്ളത്. അതിനാൽ ഓരോ കുടുംബത്തിലും കുറെയേറെ കുട്ടികൾ ഉണ്ട്. ഇവരോ ധാർമ്മികമായി വളരെ മോശപ്പെട്ട അവസ്ഥയിലും. ഈ അവസ്ഥയ്ക്ക് അല്പമെങ്കിലും മാറ്റം വന്നു തുടങ്ങിയത് മിഷനറിമാരുടെ വരവോടെയാണ്. മിഷനറിമാർ ഇവിടെ വന്നതിന് ശേഷം വിദ്യാഭ്യാസത്തിന് അവർ  കൂടുതൽ പ്രാധാന്യം കൊടുക്കുവാൻ തുടങ്ങി. അവരെ ബോധവത്കരിക്കാൻ ആരംഭിച്ചു. അങ്ങനെ കൂടുതൽ സ്കൂളുകൾ നിലവിൽ വന്നു. ഷെഡ്ഡുകളിൽ നടക്കുന്ന സ്കൂളുകളും വലിയ കെട്ടിടങ്ങളിൽ ഉള്ള സ്കൂളുകളും ഇവിടെ നിലവിലുണ്ട്.

സ്ത്രീകൾക്കാണ് കുടുംബത്തിൽ കൂടുതൽ അധികാരം. വിവാഹത്തിന് ശേഷം ആണുങ്ങൾ സ്ത്രീകളുടെ വീട്ടിലാണ് വന്നു നിൽക്കുന്നത്. വളരെ ദരിദ്രമായ പശ്ചാത്തലത്തിലാണ് ഇവിടുള്ളവർ ജീവിക്കുന്നത്. ഓലമേഞ്ഞ വീടും മൺ ചുമരും ആണ് മിക്ക വീടുകൾക്കുമുള്ളത്. ഏതാനും മാസങ്ങൾക്ക് മുൻപ് മൊസാംബിക്കോയിൽ നാശം വിതച്ച കനത്ത ചുഴലിക്കാറ്റിൽ 1300 ഓളം പേർ മരിക്കുകയും ഒരുപാടു പേരെ കാണാതാവുകയും ചെയ്തു. ഒരുപാടുപേരുടെ വീടുകൾ നശിക്കുകയും തങ്ങൾക്ക് ഉണ്ടായിരുന്ന കൃഷി നശിക്കുകയും ചെയ്തതു. അതോടെ അവരുടെ ജീവിതത്തിൽ അവശേഷിച്ചിരുന്ന പ്രതീക്ഷയുടെ നുറുങ്ങുവെളിച്ചവും അണയുകയായിരുന്നു.

എല്ലാം നഷ്ട്ടപ്പെട്ട അവസ്ഥയിൽ ഇരുന്ന അവരെ നിരാശയിലേയ്ക്ക് വിടുവാൻ സി. ഡെയ്സികും കൂട്ടർക്കും കഴിഞ്ഞില്ല. അവർക്കു വേണ്ടത് എത്തിക്കുവാൻ സി. ഡെയ്‌സിക്കും കൂടെയുള്ള സഹോദരിമാർക്കും സാധിച്ചു. UNICEF എന്ന സംഘടനയോടു ചേർന്ന് നിന്നാണ് ഇവർ തങ്ങളുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചെയ്തത്. ഭക്ഷണവും വെള്ളവും എത്തിച്ചു കൊടുക്കുവാനും ആവശ്യക്കാരെ സഹായിക്കാനുമായി ദിവസേന കിലോമീറ്ററുകൾ സഞ്ചരിച്ചിട്ടുണ്ട്. 3000 – ത്തിലധികം വീടുകളിൽ ഈ സംഘടനയുമായി ചേർന്ന് സഹായങ്ങൾ എത്തിച്ചു കൊടുക്കുവാൻ ഇവർക്ക് സാധിച്ചു.

വളരെ വൃത്തിഹീനമായ ചുറ്റുപാടുകൾ മാരകമായ രോഗങ്ങൾ പടർന്നു പിടിക്കുന്നതിന് കാരണമായി. മലിനമായ വെള്ളം ശുചീകരിക്കുകയായിരുന്നു ഏറ്റവും പ്രധാന ആവശ്യം. വൃത്തിഹീനമായ അന്തരീക്ഷത്തിൽ അതിൽ നിന്നും രക്ഷനേടുവാൻ ക്ലോറിൻ വിതരണം ചെയ്തു. ഇത് കോളറ, മലേറിയ മുതലായ രോഗങ്ങൾ പടരുന്നതിന് ഒരു പരിധിവരെ തടയിട്ടു. ഇരുൾ നിറഞ്ഞ ജീവിതങ്ങളിലും സമൂഹത്തിലും, നന്മയുടെ പ്രകാശം പരത്തുകയാണ് ഈ സന്യാസിയുടെ മിഷൻ പ്രവർത്തനങ്ങൾ ഇന്ന്. അനേകർക്ക് കൈത്താങ്ങാകുവാൻ ഈശോയുടെ തിരുഹൃദയ പുത്രിമാരുടെ സഭയിൽ അംഗമായ സി. ഡെയ്‌സിക്കും ഒപ്പം ഇറ്റലി, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള സഹോദരിമാർക്കും സാധിക്കുന്നു. അടിസ്ഥാന ആവശ്യങ്ങൾ പോലും ഇല്ലാത്ത ഈ പ്രദേശത്ത് ഇവർ തികച്ചും സംതൃപ്തിയോടെ ജീവിക്കുന്നു. തങ്ങളുടെ മുഖത്തെ പുഞ്ചിരിപോലും ഇവിടുള്ള അനേകർക്ക് ആശ്വാസമാണെന്നുള്ള ഉറപ്പോടെ…

സി. സൗമ്യ DSHJ