ബ്രാഹ്മണ കുടുംബത്തിൽ നിന്നും ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക്: അൻപതാം വാർഷികം ആഘോഷിച്ച് സന്യാസിനി

മംഗളവാർത്ത തിരുനാൾ ദിനത്തിൽ മുംബൈയിലെ കർമ്മലീത്ത മിണ്ടാമഠത്തിലെ സന്യാസികൾ ഏറെ സന്തോഷത്തിൽ ആയിരുന്നു. ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച രാധ എന്ന പെൺകുട്ടി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ അൻപതാം വാർഷികം ആഘോഷിക്കുകയായിരുന്നു അവർ. വീട്ടുകാർ അറിയാതെ രഹസ്യമായി മാമ്മോദീസ സ്വീകരിച്ച രാധ എന്ന ആ പെൺകുട്ടി ഇന്ന് സിസ്റ്റർ മേരി ജോസഫ് ആണ്.

1971 മാർച്ച് 25 -ന് മുംബൈയിലെ സഹായ മെത്രാനായിരുന്ന ബിഷപ്പ് അഗ്നെലോ ഗ്രേസിയസ് അതിരൂപതയുടെ ചാപ്പലിൽ രഹസ്യമായി രാധയ്ക്കു മാമ്മോദീസ നൽകുകയായിരുന്നു. 1948 -ലാണ് രാധ ജനിക്കുന്നത്. കത്തോലിക്കാ സ്‌കൂളിൽ പഠിക്കുന്നതിനാൽ തന്നെ അവൾക്കു ധാരാളം ക്രൈസ്തവരായ കൂട്ടുകാർ ഉണ്ടായിരുന്നു. ഒരിക്കൽ ബാന്ദ്രയിലെ സാന്താ മരിയ ഡെൽ മോണ്ടെയുടെ ബസിലിക്ക സന്ദർശിക്കുവാൻ ഇടയായി. ആ ദൈവാലയത്തിന്റെ മനോഹാരിതയും ശാന്തതയും അവിടെ എത്തുന്ന ആളുകളുടെ വിശ്വാസവും രാധ എന്ന പെൺകുട്ടിയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഒപ്പം വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ ദിനത്തിൽ അവൾ ആദ്യമായി വിശുദ്ധ കുർബാനയിലും പങ്കെടുത്തു. കുർബാനയിൽ പാട്ടുകളും പ്രാർത്ഥനകളും ആചാരങ്ങളും അവളെ വല്ലാതെ ആകർഷിച്ചു.

അതോടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിനുള്ള താൽപ്പര്യം അവളിൽ കൂടി. അങ്ങനെ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ പോയി തുടങ്ങി. പിന്നീട് ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം മാമ്മോദീസ സ്വീകരിച്ചു. വീട്ടിൽ നിന്നും സുഹൃത്തിന്റെ വീട്ടിൽ പോവുകയാണ് ഇന്ന് പറഞ്ഞാണ് ഇറങ്ങിയത്. സുഹൃത്തുക്കളും തലതൊട്ടപ്പനും അമ്മയും ഏതാനും കന്യാസ്ത്രീകളും മാത്രമായിരുന്നു ആ അവസരത്തിൽ തനിക്കൊപ്പം ഉണ്ടായിരുന്നതെന്ന് വർഷങ്ങൾക്കിപ്പുറം ഈ സന്യാസിനി ഓർക്കുന്നു. മാമ്മോദീസ സ്വീകരിക്കുമ്പോൾ വയസ് 23. തന്റെ ജീവിതത്തിൽ കോടാനുകോടി ആളുകൾക്ക് ഒപ്പം ക്രിസ്തുവിനെ ആരാധിക്കുവാൻ അവസരം ലഭിച്ച ആ നിമിഷത്തെ ഏറ്റവും വലിയ അനുഗ്രഹം എന്നാണ് സിസ്റ്റർ വിശേഷിപ്പിക്കുന്നത്.

മാമ്മോദീസ സ്വീകരിച്ചതിനു ശേഷം സന്യാസിനി ആകണം എന്ന ആഗ്രഹം ശക്തമായി. തുടക്കത്തിൽ കനോസിയൻ സഹോദരിമാരായ ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി സമൂഹത്തിൽ ചേർന്ന് എങ്കിലും 1977 -ൽ മിണ്ടാമഠത്തിൽ ചേർന്നു. ‘ക്രിസ്തീയ അനുഭവത്തെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള അറിവു നേടുവാനുള്ള എന്റെ ആഗ്രഹം ദൈവം കണ്ടു’ എന്നാണ് മിണ്ടാമഠത്തിലേക്കുള്ള പ്രവേശനത്തെ സിസ്റ്റർ വിശേഷിപ്പിക്കുന്നത്. സംഭവം ഇതൊക്കെയായിരുന്നു എങ്കിലും വീട്ടിൽ നിന്നും അത്യാവശ്യം എതിർപ്പുകൾ ഒക്കെ നേരിടേണ്ടി വന്നിരുന്നു. ഒടുവിൽ മൂന്നു സഹോദരന്മാരും ഒരു സഹോദരിയും സിസ്റ്ററിനെയും ആ വിളിയെയും അംഗീകരിച്ചു. അവർ ഹൈന്ദവ വിശ്വാസത്തിൽ തന്നെ തുടരുകയാണ്.

വിവര്‍ത്തനം: മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.