ഇനി നമുക്ക് തിരിച്ചുനടക്കാം…

ഫാ. ജെൻസൺ ലാസലെറ്റ്
ഫാ. ജെൻസൺ ലാസലെറ്റ്

ഒരു വൈദികൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച അനുഭവം കുറിക്കട്ടെ.

അന്ന് പ്രഭാതത്തിൽ ഭർത്താവ് ജോലിക്കു പോകാനായി ഇറങ്ങിയപ്പോൾ ഭാര്യ പറഞ്ഞു:
“ഇന്ന് നേരത്തേ വരണേ, കൊച്ചിന്റെ ജന്മദിനമാണ്.”

“ഉം…” അയാൾ മറുപടി നൽകി.

ഓഫീസിലെത്തിയപ്പോൾ അയാൾ ഹാഫ് ഡേ ലീവ് ചോദിച്ചു. ലീവ് കിട്ടി വീട്ടിൽ പോകാനൊരുങ്ങിയ അയാളോട്, സുഹൃത്തുക്കൾ നേരത്തെ പോകുന്നതിന്റെ കാരണം അന്വേഷിച്ചു. കുഞ്ഞിൻ്റെ ബർത്ത് ഡേ ആണെന്നു പറഞ്ഞപ്പോൾ ചെലവ് ചെയ്യണമെന്നായി അവരുടെ നിർബന്ധം. അവരോടൊപ്പം അടുത്തുള്ള ബാറിലെത്തി. സമയം പോയതറിഞ്ഞില്ല. നേരത്തെ വീടെത്താൻ ഇറങ്ങിയ വ്യക്തിക്ക് പതിവായി യാത്ര ചെയ്തിരുന്ന ട്രെയിൻ പോലും അന്ന് മിസ് ആയി. വൈകിയ വേളയിൽ കേക്കും ഉടുപ്പും വാങ്ങി എറണാകുളത്തു നിന്നും തൃശൂരെത്തിയപ്പോൾ അർദ്ധരാത്രി.

പകുതി മയക്കത്തിലായിരുന്ന അയാൾ സ്റ്റേഷനിലെത്തിയപ്പോഴാണ് ഉണർന്നത്. തിരക്കു പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴാണ് കയ്യിലുണ്ടായിരുന്ന പണവും സാധനങ്ങളുമെല്ലാം മോഷ്ടാക്കൾ കവർന്നെടുത്തു എന്നറിഞ്ഞത്. വീട്ടിലെത്താനായി പലരോടും പണം ചോദിച്ചെങ്കിലും മദ്യപിച്ച് ലക്കു കെട്ട അയാൾക്ക് ആരും പണം നൽകിയില്ല.

നീറിയ മനസോടെ കാൽനടയായി വീട്ടിലെത്തിയപ്പോൾ പുലർച്ചെ മൂന്നു മണി. ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോൾ വാതിൽ തുറന്ന് കൊച്ചുമോൾ ഓടിവന്നു. “പപ്പ എന്താ വൈകിയത്? എവിടെയാ എനിക്കുള്ള കേക്ക്? എവിടെ കുഞ്ഞുടുപ്പ്?പപ്പ വന്ന് കേക്ക് മുറിച്ചതിനുശേഷം ചോറ് തരാമെന്ന് മമ്മി പറഞ്ഞു. അതുകൊണ്ട് മോള് ഇതുവരെയും ഒന്നും കഴിച്ചില്ല.”

ഹൃദയം പൊട്ടിത്തകർന്ന് അയാൾ നിലത്തിരുന്നു പോയി. അടുത്തു നിന്നിരുന്ന ഭാര്യയെയും കുഞ്ഞിനെയും സാക്ഷി നിർത്തി അയാൾ ഒരു ഉറച്ച തീരുമാനമെടുത്തു: ‘ഇനിയൊരിക്കലും മദ്യപിക്കില്ല.’ തുടർന്നങ്ങോട്ട് ദൈവകൃപയാൽ അയാൾ മദ്യപിച്ചിട്ടില്ല.

അയാളെപ്പോലെ ഉള്ളവരെക്കുറിച്ചല്ലേ, അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച്‌ സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകുമെന്ന് ക്രിസ്തു പറഞ്ഞത്? (Ref: ലൂക്കാ 15:7). നന്മയുടെ വഴിയേ ചരിക്കാമെന്ന് ദൈവത്തിന് എത്ര തവണ വാക്ക് കൊടുത്തവരാണ് നമ്മൾ? ചെയ്യുന്നത് തെറ്റാണെന്ന് നൂറാവർത്തി മനസു പറഞ്ഞിട്ടും നമുക്ക് പലപ്പോഴും തിരിച്ചുനടക്കാനാകുന്നില്ല. ലാസലെറ്റ് മലമുകളിൽ പരിശുദ്ധ അമ്മ കണ്ണീരൊഴുക്കിയത് ഇങ്ങനെയുള്ളവരെ ഓർത്താണ്. 1846 സെപ്തംബർ 19-ന്.

സംസാരിച്ച മുഴുവൻ സമയവും അമ്മ കരയുകയായിരുന്നു എന്നാണ് ദർശനം ലഭിച്ച മാക്സിമിന്റെയും മെലനിയുടെയും മൊഴികൾ. നിലയ്ക്കാതെ പെയ്തിറങ്ങിയ ആ കണ്ണീർ നമ്മുടെ തിരിച്ചുവരവിനു വേണ്ടിയായിരിക്കാം. മക്കൾ കരയുമ്പോൾ ഓടിവന്ന് ആശ്വസിപ്പിക്കുന്നവരാണ് അമ്മമാർ. എന്നാൽ മക്കളെക്കുറിച്ച് വിലപിച്ചുകൊണ്ടിരിക്കുന്ന അമ്മമാരുടെ കണ്ണീർ ആരാണ് തുടയ്ക്കുക?

വി. ജോൺപോൾ രണ്ടാമൻ പാപ്പ പറയുന്നു: “സകല ജനത്തിന്റെയും അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മദ്ധ്യസ്ഥത്താൽ നൽകപ്പെടുന്ന പ്രത്യാശയുടെ സന്ദേശമാണ് ലാസലെറ്റ്. തിരിച്ചുവരാൻ പറ്റാത്തത്ര ദൂരമില്ല നമ്മുടെ പലായനങ്ങൾക്ക്. ദൈവകാരുണ്യത്തിനു മുമ്പിൽ പാപാന്ധകാരം അടിയറവ് പറയും. മാതാവ് താങ്ങിപ്പിടിച്ചിരിക്കുന്ന പുത്രന്റെ കരങ്ങൾ നമ്മെ വിധിക്കുകയില്ല. അവ അനുഗ്രഹത്തിന്റെ
കരങ്ങളായി മാറും.”

ഏവർക്കും ലാസലെറ്റ് മാതാവിന്റെ പ്രത്യക്ഷ തിരുനാൾ മംഗളങ്ങൾ !
ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.