വിശുദ്ധ കൊച്ചു ത്രേസ്യായോടുള്ള നവനാൾ പ്രാർത്ഥന: മൂന്നാം ദിവസം 

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമ്മേന്‍

നവനാൾ പ്രാർത്ഥന:  മൂന്നാം ദിവസം 

പ്രിയപ്പെട്ട ചെറുപുഷ്പമേ, ഈ ലോകത്തില്‍ ഞാന്‍ കണ്ടുമുട്ടുന്ന സകലതും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പൂക്കളും മരങ്ങളും കാടും ഭൂമിയിലെ മറ്റ് മനോഹാരിതകളുമെല്ലാം ദൈവത്തിലേയ്ക്കും സ്വര്‍ഗത്തിലേയ്ക്കും എന്നെ നയിക്കുന്നവയാകട്ടെ. ദൈവത്തിന്റെ സ്‌നേഹത്തേയും ശക്തിയേയും കുറിച്ച് അവയിലൂടെ എനിക്ക് മനസിലാക്കാനും കഴിയട്ടെ. ദൈവസ്തുതികള്‍ അവ എന്റെ ചെവികളില്‍ പാടട്ടെ. ദൈവം നല്‍കുന്ന അനുഗ്രഹങ്ങളെപ്രതി ചെറുപുഷ്പമേ, അങ്ങയെപ്പോലെ ഞാനും അവിടുത്തെ പാടിപുകഴ്ത്താന്‍ ഇടവരുത്തണമേ. സ്വയം മറന്ന് മറ്റുള്ളവരെ പരിഗണിക്കാനും ചെറുതും വലുതുമായ അനേകം സഹനങ്ങളും ത്യാഗങ്ങളും അതുവഴിയായി ഈശോയ്ക്ക് സമര്‍പ്പിക്കാനും എനിക്ക് കഴിയട്ടെ.

ഞങ്ങളുടെ ജീവിതത്തിലെ എല്ലാ ദിവസവും ഞങ്ങള്‍ക്കായി മാധ്യസ്ഥ്യം വഹിക്കണമേ. പ്രത്യേകിച്ച് ഈ നൊവേനയില്‍ അങ്ങയുടെ മാധ്യസ്ഥ്യത്തിലൂടെ ഞങ്ങള്‍ ആവശ്യപ്പെടുന്ന കൃപകളും അനുഗ്രഹങ്ങളും ദൈവത്തില്‍ നിന്ന് വാങ്ങിത്തരേണമേ. ആമ്മേന്‍.

ചിന്താവിഷയം

ദൈവത്തില്‍ നിന്നുള്ള സമ്മാനങ്ങള്‍. സമൃദ്ധിയാല്‍ നിറഞ്ഞ പ്രകൃതിയില്‍ നിന്നു തന്നെ എത്രമാത്രം അനുഗ്രഹങ്ങള്‍ ഞാന്‍ സ്വീകരിച്ചിട്ടുണ്ട്. അത്ഭുതങ്ങള്‍ കൊണ്ട് ഈ ഭൂമിയെ നിറച്ച ദൈവത്തിലേയ്ക്ക് അവ എന്നെ അടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദീപ്തി ചൊരിയുന്ന പ്രകൃതി. നിന്നിലൂടെ ദൈവത്തെ കാണാന്‍ എനിക്ക് കഴിയുന്നില്ലെങ്കില്‍ നീ ശൂന്യമായ ശവപ്പറമ്പായി അവശേഷിക്കും.

കുഞ്ഞു കൈകളാല്‍ പരിശുദ്ധ അമ്മയെ തലോടുന്ന, ഉണ്ണീശോയേ, എന്റെ രാജാവേ, ഈ സൃഷ്ടപ്രപഞ്ചത്തെ മുഴുവനും അങ്ങ് കുഞ്ഞിളം കൈകളില്‍ പരിപാലിക്കണമേ. അതിലെ സകല ജീവനേയും സംരക്ഷിക്കേണമേ. പരിപൂര്‍ണ്ണ സന്തോഷം ദൈവത്തിലായതിനാല്‍ എന്റെ മുഴുവന്‍ സ്‌നേഹവും ദൈവത്തിനായി ഞാന്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു.

സമാപന പ്രാര്‍ത്ഥന

കുഞ്ഞുങ്ങളെപ്പോലെ നിങ്ങള്‍ ആകുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ സാധിക്കുകയില്ല എന്ന് അരുളിചെയ്ത ഈശോയേ, ഹൃദയ ലാളിത്യത്തോടും വിനയത്തോടും കൂടെ വിശുദ്ധയായ കൊച്ചു ത്രേസ്യയുടെ കാല്‍പ്പാടുകള്‍ പിഞ്ചെല്ലാനും അങ്ങനെ നിത്യമായ സമ്മാനത്തിന് അര്‍ഹരായി തീരുവാനും ഉള്ള കൃപയ്ക്കായി അങ്ങയോടു ഞങ്ങള്‍ യാചിക്കുന്നു. ആമ്മേന്‍.

‘എന്റെ പ്രിയ ഉണ്ണീശോയെ, എന്റെ ഏക സമ്പാദ്യമേ, എന്നെ പൂർണ്ണമായും അങ്ങയുടെ ഹിതത്തിനു സമർപ്പിക്കുന്നു.’ (വി. കൊച്ചുത്രേസ്യായുടെ പ്രാർത്ഥന)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.