വിശുദ്ധ കൊച്ചുത്രേസ്യായോടുള്ള നവനാൾ പ്രാർത്ഥന: ഏഴാം ദിനം

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍.

നവനാൾ പ്രാർത്ഥന: ഏഴാം ദിനം

സ്‌നേഹത്തിന്റെ രക്തസാക്ഷിയായ വിശുദ്ധേ, ഏത് ജീവിതാവസ്ഥയിലും സ്‌നേഹം എല്ലാത്തിനേയും ആശ്ലേഷിക്കുമെന്നും ദൈവവുമായി നമ്മെ ഏറ്റവും കൂടുതല്‍ അടുപ്പിക്കുന്നത് സ്‌നേഹമാണെന്നും നമ്മുടെ ആഗ്രഹങ്ങളെ ദൈവത്തിന്റേതുമായി യോജിപ്പിക്കുന്നത് സ്‌നേഹം എന്ന വികാരമാണെന്നും ഞാന്‍ മനസിലാക്കുന്നു. സ്‌നേഹം മാത്രമാണല്ലോ അങ്ങ് ഈ ലോകത്തില്‍ തിരഞ്ഞത്. യേശുവിനെ എത്രമാത്രം സ്‌നേഹിക്കാമെന്നാണല്ലോ അങ്ങ് ചിന്തിച്ചത്. അങ്ങയെപ്പോലെ യേശുവിനെ സ്‌നേഹിക്കാന്‍ സ്വര്‍ഗത്തില്‍ ആയിരുന്നുകൊണ്ട് ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ. ഈശോയെ സ്‌നേഹിച്ചുകൊണ്ട് മാത്രമേ ലോകത്തില്‍ മറ്റുള്ളവരും ഈശോയെ സ്‌നേഹിക്കണമെന്ന് ആഗ്രഹിക്കാന്‍ എനിക്ക് സാധിക്കുകയുള്ളു. ആത്മാക്കള്‍ക്കുവേണ്ടി ഞങ്ങള്‍ വളരെയധികം പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. ദൈവവുമായി ഒന്നിപ്പിക്കും എന്ന നിലയില്‍ മരണത്തേയും ഞങ്ങള്‍ ഭയപ്പെടുന്നില്ല. ദൈവസ്‌നേഹത്തിനായി എല്ലാം ചെയ്യാന്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ. അങ്ങയുടെ സ്‌നേഹത്തില്‍ സ്വര്‍ഗം പ്രീതിപ്പെട്ടതുപോലെ ഞങ്ങളും സ്‌നേഹത്തില്‍ സ്വര്‍ഗത്തെ സന്തോഷിപ്പിക്കാനുള്ള കൃപാവരം ദൈവത്തില്‍ നിന്ന് വാങ്ങിത്തരേണമേ. ആമ്മേന്‍.

ഞങ്ങളുടെ ജീവിതത്തിലെ എല്ലാ ദിവസവും ഞങ്ങള്‍ക്കായി മാധ്യസ്ഥ്യം വഹിക്കേണമേ. പ്രത്യേകിച്ച് ഈ നൊവേനയില്‍ അങ്ങയുടെ മാധ്യസ്ഥ്യത്തിലൂടെ ഞങ്ങള്‍ ആവശ്യപ്പെടുന്ന കൃപകളും അനുഗ്രഹങ്ങളും ദൈവത്തില്‍ നിന്ന് വാങ്ങി തരേണമേ. ആമ്മേന്‍.

ചിന്താവിഷയം

ദൈവസ്‌നേഹം. ഈ ലോകത്തിലെ മറ്റെന്തിനേക്കാളും ദൈവത്തെ സ്‌നേഹിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് അവിടുന്ന് വാഗ്ദാനം ചെയ്തിരിക്കുന്നവയെ നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

നമ്മുടെ കര്‍ത്താവിനോടുള്ള സ്‌നേഹമാണ് സ്വര്‍ഗരാജ്യത്തിലേയ്ക്ക് എന്നെ ആകര്‍ഷിക്കുന്ന ഘടകം. അനേകം ആത്മാക്കളേയും കര്‍ത്താവിനോടുള്ള സ്‌നേഹത്താല്‍ ജ്വലിപ്പിച്ച് സ്വര്‍ഗരാജ്യത്തിലേയ്ക്ക് അടുപ്പിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.

ലോകത്തിന്റെ സൃഷ്ടാവായ ഈശോ സദാ ആഗ്രഹിച്ചതും സ്‌നേഹിക്കപ്പെടാനായിരുന്നു. സ്‌നേഹിക്കപ്പെടാന്‍ ആവിടുന്ന് ആഗ്രഹിച്ചു. ‘ എനിക്ക് ദാഹിക്കുന്നു’ എന്ന അവിടുത്തെ അവസാന വാക്കുകള്‍ അതു തന്നെയാണ് സൂചിപ്പിക്കുന്നത്.

ഓര്‍ക്കുക, നിന്റെ ഹൃദയത്തിലേയ്ക്ക് കടന്നു വരാന്‍, നിന്നാല്‍ സ്‌നേഹിക്കപ്പെടാന്‍ ഈശോ അതിയായി ആഗ്രഹിക്കുന്നു.

സമാപന പ്രാര്‍ത്ഥന

കുഞ്ഞുങ്ങളെ പോലെ നിങ്ങള്‍ ആകുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ സാധിക്കുകയില്ല എന്ന് അരുളിച്ചെയ്ത ഈശോയേ, ഹൃദയ ലാളിത്യത്തോടും വിനയത്തോടും കൂടെ വിശുദ്ധയായ കൊച്ചു ത്രേസ്യയുടെ കാല്‍പ്പാടുകള്‍ പിഞ്ചെല്ലുവാനും അങ്ങനെ നിത്യമായ സമ്മാനത്തിന് അര്‍ഹരായി തീരുവാനും ഉള്ള കൃപയ്ക്കായി അങ്ങയോടു ഞങ്ങള്‍ യാചിക്കുന്നു. ആമ്മേന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.