ജീവിതവൃന്ദാവനത്തിലും നിനക്കായി ഒരു കല്ലറ

ജിന്‍സി സന്തോഷ്‌

വിശുദ്ധ ബൈബിളിലെ ആദ്യത്തെ പുസ്തകമായ ഉൽപത്തിയിൽ സൃഷ്ടപ്രപഞ്ചത്തിന്റെ ആരംഭം രേഖപ്പെടുത്തിയിരിക്കുന്നു. എല്ലാറ്റിന്റെയും ആരംഭം കുറിക്കുന്ന ഉൽപത്തി പുസ്തകം അവസാനിക്കുന്നത്, ഒരു ശവപ്പെട്ടിയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. “അവർ അവനെ പരിമളദ്രവ്യം പൂശി ഈജിപ്തിൽ ഒരു ശവപ്പെട്ടിയിൽ സൂക്ഷിച്ചു” (ഉൽ. 50:26).

എന്തൊക്കെ നേടിയാലും എത്ര മതിമറന്ന് ആനന്ദിച്ചാലും ഒടുവിൽ എല്ലാം ഒരു ശവപ്പെട്ടിയിൽ ഒതുങ്ങാനുള്ളതാണന്ന തിരിച്ചറിവ് ഓരോ പ്രഭാതത്തിലും ഓർമ്മിക്കുന്നത് നല്ലതാണ്.

ഈശോയെ അടക്കിയ കല്ലറ മനോഹരമായ ഒരു തോട്ടത്തിനുള്ളിലായിരുന്നു. “അവൻ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടമുണ്ടായിരുന്നു. ആ തോട്ടത്തിൽ അതുവരെ ആരെയും സംസ്കരിക്കാത്ത പുതിയ ഒരു കല്ലറയുമുണ്ടായിരുന്നു” (യോഹ. 19:41). ഇതൊരു ധ്യാനവിഷയമാണ്.

മനോഹരമായ ഒരു തോട്ടമാണ് ജീവിതം. അത് എത്ര സുഖദുഃഖങ്ങൾ തന്നാലും
ആ തോട്ടത്തിനകത്ത് ഒരു ‘കല്ലറ’ നിനക്കായി ഒരുക്കിയിട്ടുണ്ട് എന്നത് മറക്കരുത്. ‘ഞാൻ’ എന്ന ഭാവം ഉള്ളിലുണരുമ്പോഴൊക്കെ ഈ ‘കല്ലറ’യെക്കുറിച്ച് ധ്യാനിക്കുന്നത് ഉചിതമാണ്. അവസാനം ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പിൽ നിൽക്കുമ്പോൾ വിജയിച്ചു എന്നു പറയാൻ, ചില മനുഷ്യരുടെ മുമ്പിൽ, ചിലരുടെ സ്നേഹത്തിനു മുമ്പിൽ, മറ്റുള്ളവരുടെ ക്രൂരതയ്ക്കും നിന്ദനത്തിനും മുമ്പിൽ തോറ്റുകൊടുക്കാൻ ‘കല്ലറ ധ്യാനം’ നിന്നെ സഹായിക്കും.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.