ജീവിതയാത്രയുടെ സായന്തനങ്ങൾ

ജിന്‍സി സന്തോഷ്‌

ചോരത്തിളപ്പിന്റെ കാലത്ത് നമുക്ക് തോന്നും, ഈ ലോകം മുഴുവൻ നമ്മുടെ കാൽക്കീഴിലാണെന്ന്. കുതിച്ചുനടന്ന വഴികളിലൂടെ കിതച്ചുനടക്കുന്നൊരു കാലം വരുമെന്ന് ഓർക്കുക. ശരീരവും മനസും തളർന്ന് നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങുമ്പോൾ മനസ്സിലാകും, കിടക്കുന്ന സ്ഥലം പോലും തന്റേതല്ല എന്ന്.

വിശുദ്ധ ബൈബിളിൽ സഭാപ്രസംഗകന്റെ പുസ്തകത്തിൽ, വർദ്ധക്യത്തെയും മരണത്തെയും കുറിച്ച് വിശദമായി തന്നെ എഴുതിയിരിക്കുന്നു.

“സൂര്യനും പ്രകാശവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകും. വൃഷ്ടി കഴിഞ്ഞ് മറഞ്ഞ മേഘങ്ങൾ വീണ്ടും വരും” (വാർദ്ധക്യത്തിൽ നിന്റെ കാഴ്ചകൾക്ക് മങ്ങലേൽക്കും. യൗവ്വനത്തിൽ കണ്ട കാഴ്ച്ചകൾ വർദ്ധക്യത്തിൽ നിന്നെ ഭ്രമിപ്പിക്കുകയില്ല).

“വീട്ടുകാവൽക്കാർ സംഭ്രമിക്കുകയും (നിന്റെ കാലുകൾ വിറക്കുകയും) ശക്തന്മാർ കൂനിപ്പോവുകയും (നിവർന്നു നിന്നിരുന്ന ശക്തനായ നട്ടെല്ല് വളഞ്ഞ് നീ കൂനിപ്പോകും).

അരയ്ക്കുന്നവർ ആളു കുറവായതിനാൽ വിരമിക്കുകയും (ഭക്ഷണം ചവച്ചരയ്ക്കാൻ തക്ക പല്ലുകൾ കുറവായതിനാൽ ഇഷ്ടഭക്ഷണം നീ ഒഴിവാക്കും) കിളിവാതിലിലൂടെ നോക്കുന്നവർ അന്ധരാവുകയും ചെയ്യും (നിന്റെ കാഴ്ച്ച പൂർണ്ണമായും നഷ്ടപ്പെടും).

തെരുവിലെ വാതിലുകൾ അടയ്ക്കപ്പെടും (ഇഷ്ടപ്രകാരമുള്ള നിന്റെ സഞ്ചാരങ്ങൾ വാർദ്ധക്യത്തിൽ സാധിക്കുകയില്ല). മാവു പൊടിക്കുന്ന ശബ്ദം മന്ദീഭവിക്കും (ചെവിയുടെ കേൾവിശക്തി കുറഞ്ഞില്ലാതാകും).

പക്ഷിയുടെ ശബ്ദം കേട്ട് മനുഷ്യൻ ഉണർന്നു പോകും (വാർദ്ധക്യത്തിൽ നിനക്ക് ഉറക്കം നഷ്ടപ്പെടും. കിളികളുണരുന്നത് നീ അറിയും). ഗായികമാരുടെ ശബ്ദം താഴും (ശബ്ദം ഉയർത്തിയിരുന്ന നാവ് അത്രമേൽ ഇനി ശബ്ദമുയർത്തില്ല). ഉയർന്നു നിൽക്കുന്നതും വഴിയിൽ കാണുന്നതുമെല്ലാം അവർക്ക് ഭീതിജനകമാകും (തട്ടിവീഴാതിരിക്കാൻ ഓരോ ചുവടും വയ്ക്കാൻ നീ ഭയപ്പെടും).

ബദാം വൃക്ഷം തളിർക്കും; പച്ചക്കുതിര ഇഴയും (ചലനശേഷി കുറഞ്ഞ് നീ നിരങ്ങിനീങ്ങും). ആശ അറ്റുപോകും. ഒന്നിനോടും നിനക്ക് ആശയുണ്ടാവില്ല. മരണം കാത്ത് നീ ഇരവുപകലുകൾ ഭീതിയോടെ കഴിയും).

മനുഷ്യൻ തന്റെ നിത്യഭവനത്തിലേക്ക് പോവുകയും വിലപിക്കുന്നവർ തെരുവീഥികളിലൂടെ നീങ്ങുകയും ചെയ്യും. ധൂളി അതിന്റെ ഉറവിടമായ മണ്ണിലേക്കു മടങ്ങും. ആത്മാവ് തന്റെ ദാതാവായ ദൈവത്തിങ്കലേക്കു തിരിച്ചുപോവുകയും ചെയ്യും” (സഭാപ്രസം. 12: 2- 7).

“നീതിമാൻ പ്രായമെത്താതെ മരിച്ചാലും വിശ്രാന്തി ആസ്വദിക്കും. വാർദ്ധക്യത്തെ മാനിക്കുന്നത് ഏറെക്കാലം ജീവിച്ചതുകൊണ്ടല്ല. മനുഷ്യർക്കു വിവേകമാണ് നരച്ച മുടി. കറയറ്റ ജീവിതമാണ് പക്വതയാർന്ന വാർദ്ധക്യം” (ജ്ഞാനം 4: 7, 8, 9).

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.