തികഞ്ഞ യൗവ്വനത്തിലും നിത്യതയെ ധ്യാനിക്കുക

ജിന്‍സി സന്തോഷ്‌

ജീവിതത്തെ നിത്യതയുമായി ചേർത്തുവയ്ക്കുന്ന ആത്മീയ ഉണർവ്വ് മനുഷ്യന് നഷ്ടപ്പെട്ടില്ലായിരുന്നെങ്കിൽ സമ്പന്നതയും സുഖസൗകര്യങ്ങളും ഇത്രയേറെ അഹന്ത കാണിക്കില്ലായിരുന്നു. മാംസത്തിന്റെ ലൈംഗികാകർഷണങ്ങൾ ഇത്രയേറെ മനുഷ്യശരീരത്തെ പീഡിപ്പിക്കുകയില്ലായിരുന്നു.

നാല്പത് ദിനരാത്രങ്ങളുടെ ഉപവാസ സമാപ്തിയിൽ വിശന്നുവലഞ്ഞ കിസ്തുവിനോട്, “കല്ലുകളോട് അപ്പമാകാൻ പറയുക “എന്ന പൈശാചികപ്രലോഭനത്തിന്, “മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത്” എന്ന മറുപടിയാണ് ക്രിസ്തു നൽകിയത്. കാരണം പ്രലോഭകന്റെ നിസ്സാരതയെയും ദൈവദൂതന്റെ നിത്യതയെയും തമ്മിൽ വേർതിരിച്ചറിയാൻ ക്രിസ്തുവിനു കഴിഞ്ഞു എന്നതു തന്നെ.

നിമിഷസുഖങ്ങളുടെ പശിയകറ്റാൻ ഉപകരിക്കുന്ന അപ്പത്തേക്കാൾ നിത്യതയ്ക്ക് അവകാശിയാക്കുന്ന അപ്പത്തെ സ്വന്തമാക്കണം ഓരോ പ്രഭാതത്തിലും. അഹങ്കാരത്തോടെ മണ്ണിൽ ചവിട്ടിനടക്കുമ്പോൾ യാതൊരു പരിഭവുമില്ലാതെ കാത്തിരിക്കുന്നുണ്ട് മണ്ണ്. നാളെ നീയും ഞാനും ആ മണ്ണോട് ചേരേണ്ടവരാണ് എന്ന തിരിച്ചറിവ് നമ്മിലെ അഹങ്കാരത്തിന്റെ നാമ്പുകളൊടിക്കും. ഇഹത്തിലെ അധികാര കസേരയെക്കാൾ പരത്തിലെ പൗരത്വ കസേരയെങ്കിലും സ്വന്തമാക്കാൻ പരിശ്രമിക്കുക.

മനുഷ്യനിലെ മാനവികത നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതിനർത്ഥം അവനിൽ നിത്യതയുടെ ധ്യാനം കുറഞ്ഞുപോയിരിക്കുന്നു എന്നാണ്. ജരാനരകൾ ബാധിച്ച വാർദ്ധക്യത്തിന്റെ പൂര്‍ണ്ണതയിലല്ല; നിറഞ്ഞ യൗവ്വനത്തിലും നിത്യതയ്ക്ക് ഒരിടം കൊടുക്കുക. “മരണശേഷം ആരും വിശുദ്ധരാകുന്നില്ല. വിശുദ്ധരെന്നു വിളിക്കപ്പെടുന്നുവെന്നേയുള്ളൂ” (വി. മദർ തെരേസ).

ഏതൊരുവനും വിശുദ്ധികരിക്കപ്പെടുന്നതും വിശുദ്ധനെന്ന് വിളിക്കപ്പെടുന്നതും തന്നെക്കുറിച്ചുള്ള ദൈവീകനിയോഗങ്ങൾ വിശ്വസ്തതയോടെ പൂർത്തീകരിക്കുമ്പോഴാണ്. മരണം വരെയല്ല സ്വർഗം വരെയും വിശ്വസ്തനായിരിക്കുക. “ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുർദിനങ്ങളും വർഷങ്ങളും ആഗമിക്കും മുമ്പ് യൗവനകാലത്ത് സൃഷ്ടാവിനെ സ്മരിക്കുക” (സഭാപ്രസം. 12).

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.