ഒന്നും യാദൃശ്ചികമല്ല

ജിന്‍സി സന്തോഷ്‌

മോശ, എന്ന ഒരു സാധാരണ ശിശുപെട്ടകത്തിൽ ഒളിപ്പിച്ച നിലയിൽ
നദിയിൽ ഉപേക്ഷിക്കപ്പെടുന്നതു മുതൽ നാല്‍പതാം അദ്ധ്യായത്തിൽ പുറപ്പാട് പുസ്തകത്തിന്റെ അവസാന താളുകൾ ‘സമാഗമ കൂടാരത്തിൽ’ എത്തിനിൽക്കുമ്പോൾ തിരിച്ചറിയണം, ദൈവത്തിന്റെ പദ്ധതിയിൽ ഒന്നും യാദൃശ്ചികമായിരുന്നില്ല. തന്റെ ജനത്തിന്റെ രക്ഷയ്ക്കുവേണ്ടി വളരെ കരുതലോടെ ദൈവം ഒരുക്കിയ ഒരു മാസ്റ്റർ പ്ലാൻ.

വെറുമൊരു സാധാരണ അടിമക്കുടുംബത്തിൽ പിറന്ന ശിശു, അവനെ ഇരുപതു ലക്ഷത്തിലധികം വരുന്ന ഇസ്രായേൽ ജനത്തെ നയിക്കാൻ ദൈവം പരിശീലിപ്പിച്ചത് 80 വർഷം. ഒറ്റപ്പെടലിന്റെയും ഒളിച്ചോട്ടത്തിന്റെയും  അടിമത്വത്തിന്റെയും കാലഘട്ടങ്ങൾ. എല്ലാറ്റിനുമൊടുവിൽ മോശ എത്തിനിൽക്കുന്നത് സർവ്വത്തിന്റെയും ഉടയവനായ സൃഷ്ടാവായ ദൈവവുമായി സ്നേഹസംഭാഷണത്തിൽ. “ഒരു സ്നേഹിതനോടെന്നപോലെ കർത്താവ് മോശയോട് മുഖാഭിമുഖം സംസാരിച്ചിരുന്നു” (പുറ. 33:11). അത്രയേറെ ആത്മബന്ധം ദൈവവുമായി ഉണ്ടാക്കിയെടുക്കാൻ മോശയുടെ വിശ്വസ്തതയും അനുസരണവും സ്വർഗ്ഗം മാനിച്ചു.

സഹനങ്ങൾ നമുക്ക് ദൈവവുമായി അടുക്കാനുള്ള പരിശീലനങ്ങളാണ്. അവിടുത്തെ പദ്ധതികൾക്ക് നീ പാകപ്പെടുന്നതുവരെ ദൈവം മറഞ്ഞിരിക്കും. നിന്റെ കഴിവും പ്രയത്നങ്ങളുമെല്ലാം വിഫലമാകുന്നിടത്ത് അവിടുത്തെ കരത്തിന്റെ ശക്തി പ്രകടമാകും. തക്കസമയത്ത് നിന്നെ ഉയർത്തുകയും ചെയ്യും.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.