‘അരുതു’കള്‍ നിനക്ക് അധിക കരുത്തേകും

ജിന്‍സി സന്തോഷ്‌

ക്രിസ്തു തന്റെ ശിഷ്യരെ സുവിശേഷദൗത്യത്തിനിറക്കുമ്പോൾ അവർക്ക് പല അധികാരങ്ങളും വരങ്ങളും കൊടുത്തു. എന്നാൽ അതോടൊപ്പം ചില ‘അരുതു’കൾ കൂടി നിർദ്ദേശിച്ചു. “യാത്രയ്ക്ക് വടിയോ, സഞ്ചിയോ, അപ്പമോ, പണമോ ഒന്നും എടുക്കരുത്” (ലൂക്കാ 9:3).

ഉൽപത്തി പുസ്തകത്തിൽ വിവരിക്കുന്ന “നന്മ-തിന്മകളുടെ വൃക്ഷത്തിൽ നിന്നും നീ ഫലം പറിച്ചുതിന്നരുത്” എന്നു തുടങ്ങി വിശുദ്ധ ഗ്രന്ഥത്തിലുടനീളം അനേകം ‘അരുതു’കൾ ദൈവം തന്റെ മക്കൾക്കായി നിർദ്ദേശിച്ചിട്ടുണ്ട്. ചില കാര്യങ്ങൾ അതിന്റെ പൂർണ്ണതയിൽ ചെയ്യാൻ ഇത്തരം ‘അരുതു’കൾ കരുത്ത് പകർന്നതായും ‘അരുതു’കൾ നിഷേധിച്ചവർക്ക് സംഭവിച്ച ആത്മീയ-ഭൗതികനാശത്തെയും കുറിച്ച് വചനം വ്യക്തമായി പഠിപ്പിക്കുന്നു.

ക്രിസ്തുവിന്റെ ‘അരുതു’കളെ നിഷേധിക്കാത്തതിനാൽ ശിഷ്യർക്ക് ഒരിക്കലും തങ്ങളുടെ ദൗത്യവീഥികളിൽ കാലിടറിയിട്ടില്ല. ‘അരുതു’കൾ കൊണ്ട് മനുഷ്യജീവിതത്തിന് വേലി കെട്ടുന്നവനാണ് നമ്മുടെ ദൈവം. ‘അരുതു’കൾ നമുക്ക് അധിക കരുത്താകുമെന്ന് അവനറിഞ്ഞിരുന്നു. ഒരു കാലത്ത് തലമുറകളെ വളർത്തുമ്പോൾ പല ‘അരുതു’കളും മാതാപിതാക്കൾ നിർദ്ദേശിച്ചിരുന്നു. “അത് ചെയ്യരുത്, കാണരുത്, അവിടെ പോവരുത്…” എന്നിങ്ങനെ. ഇന്ന് വീട്ടകങ്ങളിൽ ‘അരുതു’കൾ മുഴങ്ങുന്നില്ല. എല്ലാം കഴിച്ചും എല്ലാം കണ്ടും എല്ലായിടത്തും പോവുകയും ചെയ്തു വളരുന്ന പുതുതലമുറയ്ക്ക് അധിക കരുത്ത് നഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ആത്മഹത്യകളും ഒളിച്ചോട്ടങ്ങളും വൃദ്ധസദനങ്ങളും പെരുകുന്നത്.

നമ്മുടെ ദൈവം ‘അരുതു’കൾ കൊണ്ട് വേലി കെട്ടി അധിക കരുത്തേകുന്നതുപോലെ വരുംതലമുറകളെ ‘അരുതു’കളുടെ വേലിക്കെട്ടിനുള്ളിൽ നിർത്തിക്കൊണ്ട് അധിക കരുത്താർജ്ജിക്കുവാൻ അവരെ പരിശീലിപ്പിക്കാൻ മറക്കരുത്.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.