ഉത്തര മലബാർ കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ബിഷപ്പുമാരുടെയും വൈദികരുടെയും ഉപവാസസമരം  

ഉത്തര മലബാർ കർഷക പ്രക്ഷോഭത്തിന്‌ പിന്തുണയുമായി കണ്ണൂർ കളക്ട്രേറ്റിന്‌ മുൻപിൽ വൈദികരുടെയും ബിഷപ്പുമാരുടെയും ഉപവാസ സമരം. തലശ്ശേരി ആർച്ചുബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്, സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി, കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ എന്നിവർ സന്നിഹിതരായിരുന്നു. ഒപ്പം കണ്ണൂർ, കോട്ടയം, തലശ്ശേരി രൂപതകളിലെ ഇരുന്നൂറ്റമ്പതോളം വൈദികരും  ഉപവാസ സമരത്തിൽ പങ്കെടുത്തു.

കണ്ണൂർ മഹാത്മാ മന്ദിരത്തിലെ ഗാന്ധി പ്രതിമയിൽ പുഷ്പ മാല്യം അർപ്പിച്ചശേഷമാണ് ബിഷപ്പുമാരും വൈദികരും ഉപവാസവേദിയിൽ എത്തിയത്. കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉപവാസം ഉദ്ഘാടനം ചെയ്‌തു. കണ്ണൂർ അമൃതാനന്ദമയി മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. തലശേരി അതിരൂപതാ ആർച്ചുബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് അധ്യക്ഷത വഹിച്ചു.

ഉപവാസസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സാമൂഹിക സാംസ്‌കാരിക വ്യാപാര മേഖലയിലെ പ്രമുഖരും എത്തിച്ചേർന്നു. ഇത് കർഷകജനതയ്ക്ക് കൂടുതൽ പ്രതീക്ഷയ്‌ക്കും ആവേശത്തിനും കാരണമായി.