കെത്തുമാ പെരുന്നാളും നസ്രാണിനോമ്പും

ഈശോയുടെ നാല്പതു ദിവസത്തെ ഉപവാസത്തോടു ബന്ധപ്പെടുത്തി പെസഹാ ത്രിദിനങ്ങളുടെ ഒരുക്കമായി നോമ്പാചരിക്കണമെന്ന് സഭ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് നിഖ്യാ സൂനഹദോസിലാണ് (അഞ്ചാം കാനോന). പൗരസ്ത്യ പാരമ്പര്യത്തില്‍ ഉയിര്‍പ്പ് തിരുനാളിന് ഏഴാഴ്ച്ച മുമ്പുള്ള ഞായറാഴ്ച്ച സന്ധ്യയോടെ നോമ്പാരംഭിക്കുന്ന പതിവാണുള്ളത്. ഞായറാഴ്ച്ചകളും പ്രത്യേക ഉപവാസദിനങ്ങളായ ദുഖവെള്ളി, ദുഃഖശനി എന്നിവയും ഒഴിവാക്കി കണക്കു കൂട്ടുമ്പോള്‍ ഇത് നാല്പതു ദിവസങ്ങളാണ്‌. എന്നാല്‍ മാര്‍ത്തോമാ നസ്രാണികള്‍ ഇക്കാലയളവില്‍ ഞായറാഴ്ച്ചകളിലും മാംസവര്‍ജ്ജനം നടത്തിയിരുന്നു. അങ്ങനെ എല്ലാം ചേര്‍ത്ത് അമ്പത് നോമ്പെന്ന് ഈ നോമ്പാചരണത്തിന് പേരു വന്നു.

മാര്‍ത്തോമാ നസ്രാണികളുടെ ആത്മീയ പാരമ്പര്യങ്ങളില്‍ വച്ച് ഏറ്റവും ശ്രേഷ്ഠമെന്ന് സ്വദേശീയരും വിദേശീയരുമായ ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നത് നോമ്പിനോടും ഉപവാസത്തോടുമുള്ള അവരുടെ പ്രതിബദ്ധതയാണ്. 1578ല്‍ ഫ്രാന്‍സിസ് ഡയനീഷ്യസ് എന്ന ഈശോസഭാ മിഷണറി പോര്‍ച്ചുഗീസ് ഭാഷയിലെഴുതിയ കുറിപ്പില്‍ നസ്രാണികള്‍ ഉപവാസത്തെ സ്നേഹിക്കുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രേഖയും 1590ല്‍ ജറോം സേവ്യര്‍ എന്ന മറ്റൊരു മിഷണറി തന്‍റെ ജനറലിന് സ്പാനിഷ് ഭാഷയിലെഴുതിയ റിപ്പോര്‍ട്ടില്‍ നിന്നും അക്കാലത്ത് മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ നോമ്പിന്‍റെ നാളുകളില്‍ മത്സ്യമാംസാദികള്‍, മുട്ട, പാലുത്പന്നങ്ങള്‍, മദ്യം, വെറ്റില മുറുക്ക്, ദാമ്പത്യധര്‍മ്മാനുഷ്ഠാനം എന്നിവ ഒഴിവാക്കിയിരുന്നതായി പരാമര്‍ശിക്കുന്നു. ജീവിതരീതിയുടെ തന്നെ ഭാഗമായ വെറ്റിലമുറുക്ക് ഒഴിവാക്കുന്നത് നസ്രാണികളെ സംബന്ധിച്ച് മഹാ ത്യാഗം തന്നെയാണ് എന്ന് ജറോം സേവ്യര്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

കര്‍മ്മലീത്താ മിഷണറിയായിരുന്ന വിന്‍ചന്‍സോ മരിയ 1672ല്‍ രേഖപ്പെടുത്തിയത് നോമ്പിന്‍റെ ദൈര്‍ഘ്യത്തിലും കാഠിന്യത്തിലും നസ്രാണികള്‍ പാശ്ചാത്യരെക്കാള്‍ അതീവനിഷ്ഠയുള്ളവരാണെന്നാണ്. നോമ്പിന്‍റെ ദിവസങ്ങളില്‍ നസ്രാണികള്‍ ഒരു നേരം മാത്രമാണ് ഭക്ഷിച്ചിരുന്നത്; അതും സന്ധ്യാപ്രാര്‍ഥനയ്ക്കു ശേഷം മാത്രവും. മറ്റൊരു മിഷണറിയായ മഫേയൂസിന്‍റെ രേഖയനുസരിച്ച് നോമ്പുദിനങ്ങളില്‍ നസ്രാണികള്‍ മൂന്നു നേരം പള്ളിയില്‍ പോയിരുന്നു; പ്രഭാതത്തില്‍, സന്ധ്യയ്ക്ക്, രാത്രിയില്‍. അതില്‍ ആദ്യത്തേത് രണ്ടും ആരും ഒഴിവാക്കിയിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു.

നോമ്പുദിനങ്ങളില്‍ ദേവാലയങ്ങളില്‍ കത്തനാരുമാര്‍ ഒരുമിച്ച് നമസ്കാരം ചൊല്ലുന്നതും ജനങ്ങളെ ആശീര്‍വദിക്കുന്നതും ജനങ്ങള്‍ അവരില്‍ നിന്നും സമാധാനം വാങ്ങിപിരിയുന്നതും (കൈക്കസ്തൂരി) നോമ്പാചരണത്തിന്‍റെ ഭാഗമായിരുന്നുവെന്ന് ലാക്രേസാ (1758) വിവരിക്കുന്നു. പ്രഭാതസ്നാനത്തോടെയാണ് നോമ്പാരംഭിച്ചിരുന്നതെന്ന പരാമര്‍ശം മാര്‍ത്തോമാക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങളുടെ ശേഖരമായ കൊച്ചുതൊമ്മന്‍ അപ്പോത്തിക്കരിയുടെ പരിഷ്കാരപാതി എന്ന നോവലിലുണ്ട്. മദ്യമോ വെറ്റിലയോ ഉപയോഗിച്ച് ഒരാള്‍ നോമ്പിന് ഭംഗം വരുത്തിയാല്‍ മഹറോനടക്കമുള്ള ശിക്ഷകളായിരുന്നു അക്കാലത്തെ പതിവ്. ഒരിക്കല്‍ ഉപവാസം ലംഘിക്കപ്പെട്ടാല്‍ പിന്നെ നോമ്പ് ആകെ ലംഘിക്കപ്പെട്ടതായാണ് കണക്കാക്കിയിരുന്നത്. അക്രൈസ്തവരുടെ സ്പര്‍ശനം നോമ്പിന് ഭംഗം വരുത്തുമെന്ന് കരുതിപ്പോന്നിരുന്നതിനാല്‍ അത്തരം സംസര്‍ഗങ്ങള്‍ നസ്രാണികള്‍ പരമാവധി ഒഴിവാക്കിയിരുന്നു.

തങ്ങളുടെ സഭാപൈതൃകത്തിനു വിപരീതമായി നോമ്പുകാലത്ത് മത്സ്യം ഉപയോഗിക്കാന്‍ മിഷണറിമാര്‍ പ്രേരിപ്പിച്ചതിനാല്‍ കുറേയധികം നസ്രാണികള്‍ കൊടുങ്ങല്ലൂര്‍ വിട്ടുപോയതായി ഫ്രാന്‍സിസ് റോസ് മെത്രാന്‍ 1606ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. നോമ്പിന്‍റെ കാഠിന്യം ഉദയംപേരൂര്‍ സൂനഹദോസും 1765ല്‍ കൊടുങ്ങല്ലൂര്‍ മെത്രാപ്പോലീത്തായും മയപ്പെടുത്തിയെങ്കിലും നസ്രാണികള്‍ തങ്ങളുടെ പതിവുകള്‍ തുടര്‍ന്നതായാണ് ചരിത്രം നല്കുന്ന സാക്ഷ്യം. നോമ്പിന്‍റെ വെള്ളിയാഴ്ചകളില്‍ മാത്രം ഉപവാസവും ബാക്കി ദിവസങ്ങളില്‍ മാംസവര്‍ജ്ജനവും എന്ന ഇടയലേഖനം 1765ല്‍ പുറത്തിറങ്ങിയപ്പോള്‍ ഈ ആനുകൂല്യം തങ്ങള്‍ക്കു വേണ്ട എന്ന് പൂഞ്ഞാര്‍, പുന്നത്തുറ, ഭരണങ്ങാനം തുടങ്ങിയ ഇടവകകള്‍ തീരുമാനമെടുത്തതായി രേഖകളുണ്ട്. യഹൂദസ്വാധീനമുള്ള സഭയായതിനാല്‍ സാബത്തിനോടുള്ള അവരുടെ പ്രതിപത്തി ഇവിടേയ്ക്കും വന്നു ചേര്‍ന്നതാകാനാണ് സാധ്യത.

നെറ്റിയില്‍ ചാരം പൂശി നോമ്പാരംഭിക്കുന്ന രീതി ഉദയംപേരൂര്‍ സൂനഹദോസിനു ശേഷം ഇവിടെ പ്രചാരത്തിലായ പതിവാണ്. കുരിശുവരത്തിരുനാള്‍, വിഭൂതിത്തിരുനാള്‍ എന്നെല്ലാം പേരുവന്ന ഈ തിരുനാളില്‍ തലേ ഓശാന ഞായറാഴ്ച്ചത്തെ കുരുത്തോല കരിച്ച് ചാരം നെറ്റിയില്‍ പൂശുന്ന ലത്തീന്‍ പതിവ് ഇവിടെയും സ്വീകരിക്കപ്പെട്ടു. ചാരം എന്നര്‍ത്ഥം വരുന്ന കെത്തുമാ എന്ന സുറിയാനി വാക്കു ചേര്‍ത്ത് കെത്തുമാ പെരുന്നാള്‍ എന്ന് ഈ തിരുനാള്‍ അറിയപ്പെടാന്‍ തുടങ്ങി. ലത്തീന്‍ സഭയിലെ ക്രമമനുസരിച്ച് ഈ പെരുന്നാള്‍ ബുധനാഴ്ച്ച ആരംഭിക്കുന്ന പതിവ് നസ്രാണികള്‍ കുറേയധികംകാലം പിന്തുടര്‍ന്നു പോന്നിരുന്നു.

ഫാ. ജോസഫ് ഇലഞ്ഞിമറ്റം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.