നോബൽ സമ്മാനജേതാവായ യസീദി മനുഷ്യാവകാശ പ്രവർത്തകയുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി

2018 -ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹയായ യസീദി മനുഷ്യാവകാശ പ്രവർത്തക നാദിയ മുറാദ് ഫ്രാൻസിസ് പാപ്പായെ സന്ദർശിക്കാൻ റോമിലെത്തി. വ്യാഴാഴ്ച ഉച്ചക്കു ശേഷമായിരുന്നു കൂടിക്കാഴ്ച. ബലാത്സംഗം ഒരു യുദ്ധമുറയായി ഉപയോഗിക്കുന്നതിനെതിരെ നാദിയ എഴുതിയ പുസ്തകമായിരുന്നു നോബൽ സമ്മാനത്തിന് അവരെ അർഹയാക്കിയത്.

ഇറാഖിലെ യസീദി മതസമൂഹത്തിലെ അംഗമായ ഇവർ, ഇസ്ലാമിക് ഭീകരർ പടിഞ്ഞാറൻ ഇറാഖിന്റെ ഭൂരിഭാഗവും ഏറ്റെടുത്തപ്പോൾ ലൈംഗികമായി ആക്രമിക്കപ്പെട്ടു. ഭർത്താവിനൊപ്പമാണ് നാദിയ പാപ്പായെ കാണാനെത്തിയത്. കഴിഞ്ഞ തവണ പാപ്പായെ സന്ദർശിച്ചപ്പോൾ അവരുടെ പുസ്തകമായ ‘ദി ലാസ്റ്റ് ഗേൾ’ പാപ്പായ്ക്ക് സമ്മാനിച്ചിരുന്നു. പിന്നീട് പാപ്പാ, ‘ഇത് യസീദികളുടെ കഥയാണ്. നാദിയ മുറാദ് വളരെ ഭീകരമായ കാര്യങ്ങളാണ് ഇതിൽ എഴുതിയിരിക്കുന്നതെന്നും ഇത് എല്ലാവരും വായിക്കേണ്ടതാണ്’ എന്നും പറഞ്ഞിരുന്നു.

ഏഴ് വർഷങ്ങൾക്കു ശേഷം ഇറാഖിൽ 2,800 യസീദി സ്ത്രീകളെയും കുട്ടികളെയും ഐഎസ് ഭീകരർ തട്ടിക്കൊണ്ടു പോയതായി നാദിയ പറഞ്ഞു. ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് നാദിയയുടെ ആറു സഹോദരങ്ങളും അമ്മയും കൊല്ലപ്പെടുകയും മൂന്നു മാസത്തോളം നാദിയയെ തടവിലിട്ടു പീഡിപ്പിക്കുകയും ചെയ്തു എന്ന് അവർ വിശദമാക്കി. രക്ഷപെട്ട് ജർമ്മനിയിലേക്ക് പലായനം ചെയ്ത അവർ യസീദികളെ കൊന്നൊടുക്കിയതായി അന്താരാഷ്ട്ര സമൂഹത്തെ അറിയിക്കാൻ പ്രചാരണം നടത്തുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.