എത്യോപ്യയുടെ പ്രധാനമന്ത്രിക്ക് നൊബേല്‍ സമാധാന പുരസ്കാരം

ആഫ്രിക്കന്‍ നാടായ എത്യോപ്യയുടെ പ്രധാനമന്ത്രി അബിയ് അഹ്മെദ് അലി (Abiy Ahmed Ali) ഇക്കൊല്ലത്തെ നൊബേല്‍ സമാധന പുരസ്കാരത്തിന് അര്‍ഹനായി. വെള്ളിയാഴ്ച (11/10/2019) രാവിലെ പ്രദേശികസമയം 11 മണിക്കാണ് നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോയില്‍ നൊബേല്‍ പുരസ്കാര സമതി ഈ പ്രഖ്യാപനം നടത്തിയത്.

ജീവകാരുണ്യ പ്രവര്‍ത്തകനും, രസതന്ത്ര ശാസ്ത്രജ്ഞനുമായിരുന്ന നോര്‍വേ സ്വദേശി, ആല്‍ഫ്രഡ് നൊബേല്‍ 1895-ല്‍ ഏര്‍പ്പെടുത്തിയ നൊബേല്‍ പുരസ്കാരം 1901 മുതല്‍ അനുവര്‍ഷം വിവിധ മേഖലകളി‍ല്‍ നല്കിവരുന്നു. സമാധാനവും അന്താരാഷ്ട്രസഹകരണവും പരിപോഷിപ്പിക്കാനും എത്യോപ്യയുടെ അയല്‍രാജ്യമായ എറിത്രേയയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനും നടത്തിയ ശ്രമങ്ങളാണ് അബിയ് അഹ്മെദ് അലിയെ സമാധാന നൊബേല്‍ പുരസ്കാര ജേതാവ് ആക്കിയതെന്ന് ഈ പുരസ്കാര സമിതി വെളിപ്പെടുത്തി.

2018 ഏപ്രില്‍ 2-നാണ് അബിയ് അഹ്മെദ് അലി എത്യോപ്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. 43 വയസ്സു മാത്രം പ്രായമുള്ള അദ്ദേഹം 1976 ആഗസ്റ്റ് 15-ന് എത്യോപ്യയിലെ ബെഷാഷയില്‍ ജനിച്ചു. ആഫ്രിക്കയിലെ ഒറോമൊ വംശജനാണ് അദ്ദേഹം.