നോബൽ പുരസ്‌കാര ജേതാവ് ആർച്ചുബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

വർണ്ണവിവേചനത്തിനെതിരെ പോരാടുകയും സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുകയും ചെയ്ത ദക്ഷിണാഫ്രിക്കയിലെ ആംഗ്ലിക്കന്‍ ആർച്ചുബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു. 90 വയസായിരുന്നു അദ്ദേഹത്തിന്. കേപ് ടൗണിലെ ഒയാസിസ് ഫ്രെയില്‍ കെയര്‍ സെന്ററില്‍ രാവിലെയായിരുന്നു അന്ത്യം.

1984 -ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകി ലോകം ആദരിച്ച അദ്ദേഹം വർണ്ണവിവേചനത്തിനെതിരെ ശക്തമായി പോരാടിയ വ്യക്തിയാണ്.  ക്രൂരമായ അടിച്ചമർത്തൽ വകവയ്ക്കാതെ അഹിംസാത്മകമായ പോരാട്ടവുമായാണ് അദ്ദേഹം നിലകൊണ്ടത്.

1931 ഒക്‌ടോബർ 7 -ന് ജോഹന്നാസ്ബർഗിന്റെ പടിഞ്ഞാറുള്ള ക്ലെർക്‌സ്‌ഡോർപ്പിൽ ജനിച്ച ഡെസ്മണ്ട് ടുട്ടു, 1958 -ൽ റോസെറ്റൻവില്ലിലെ സെന്റ് പീറ്റേഴ്‌സ് തിയോളജിക്കൽ കോളേജിൽ വൈദിക പരിശീലനത്തിനായി പ്രവേശിക്കുന്നതിനു മുമ്പ് അധ്യാപകനായി. 1961 -ൽ സ്ഥാനാരോഹണം ചെയ്യപ്പെട്ട അദ്ദേഹം ആറു വർഷത്തിനു ശേഷം ഫോർട്ട് ഹെയർ സർവ്വകലാശാലയിൽ ചാപ്ലിൻ ആയി. ലെസോത്തോയിലെ ബിഷപ്പായി നിയമിക്കപ്പെട്ടു. ദക്ഷിണാഫ്രിക്കൻ കൗൺസിൽ ഓഫ് ചർച്ചസിന്റെ ചെയർമാനായും 1986 -ൽ കേപ് ടൗണിലെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരനായ ആംഗ്ലിക്കൻ ആർച്ചുബിഷപ്പായും അദ്ദേഹം മാറി.

വര്‍ണ്ണവിവേചനത്തിനെതിരെ ശക്തമായ പോരാട്ടമാണ് അദ്ദേഹം നടത്തിയത്. 1996 -ൽ ആർച്ചുബിഷപ്പ് പദവിയിൽ നിന്നു വിരമിച്ച അദ്ദേഹം, തുടര്‍ന്നും മനുഷ്യാവകാശലംഘന പ്രശ്നങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. അടുത്തിടെ റോഹിൻഗ്യൻ വിഷയത്തിലടക്കം അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. 2005 -ൽ ഇന്ത്യ സന്ദർശിച്ച ടുട്ടു കേരളത്തിലും എത്തിയിരുന്നു. 2005 -ലെ ഗാന്ധി സമാധാന സമ്മാനം അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം ആണ് അദ്ദേഹത്തിന് സമ്മാനിച്ചത്. നെൽസൺ മണ്ടേലക്കു ശേഷം ഗാന്ധി പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കക്കാരനായിരുന്നു അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.