ഒരു പ്രാർത്ഥനയും വിഫലമാകില്ല

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

വിവാഹനിശ്ചയം കഴിഞ്ഞ ഒരു പെൺകുട്ടിയെക്കുറിച്ചു പറയാം.

ഏതാനും വർഷങ്ങളായി ഈ നിയോഗത്തിനുവേണ്ടി ആ കുടുംബം പ്രാർത്ഥിച്ചൊരുങ്ങുകയായിരുന്നു. ആ പെൺകുട്ടിയുടെ അപ്പൻ പറഞ്ഞത് ഇങ്ങനെയാണ്. “അച്ചന് അറിയാവുന്നതുപോലെ, വർഷങ്ങളായി ഞങ്ങളുടെ മകൾക്ക് ദൈവഭക്തിയും വിശ്വാസവുമുള്ള കുടുംബത്തിൽ നിന്ന് നല്ലൊരു പയ്യനെ ലഭിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുകയാണ്. ഇക്കാര്യത്തിനായി ദീർഘനാൾ ഉപവസിച്ചും നോമ്പു നോറ്റും പ്രാർത്ഥിച്ചതിന്റെ ഫലമാണ് ഇങ്ങനെ ലഭിച്ചതെന്ന് ഉറച്ച ബോധ്യമുണ്ട്. വലിയ നോമ്പിനു ശേഷം കല്യാണമുണ്ടാകും.

ഈയിടെ എന്റെ ഭാവി മരുമകൻ വിളിച്ചിരുന്നു. അവൻ പറഞ്ഞത് ഇങ്ങനെയാണ്. ഈ നിയോഗത്തിനായി ഒരു വർഷത്തിലധികമായി ജപമാലയും കരുണക്കൊന്തയും ചൊല്ലി അവനും കുടുംബവും പ്രാർത്ഥിക്കുകയാണത്രേ. അവന്റെ അമ്മ കഴിഞ്ഞ വർഷം ഈ നിയോഗം വച്ച് പ്രാർത്ഥനയും തുടങ്ങി. ഈ കഴിഞ്ഞ ജനുവരിയിൽ ഉത്തരം കിട്ടണം എന്നതായിരുന്നു അവന്റെ മമ്മിയുടെ പ്രാർത്ഥന. അവർ ആഗ്രഹിച്ചതുപോലെ ഈ വർഷം ജനുവരിയിൽ അവന്റെ അമ്മ പ്രാർത്ഥിച്ച്, മാട്രിമോണിയൽ സൈറ്റിൽ നിന്നും തിരഞ്ഞെടുത്ത ഒരേയൊരു വിവാഹാലോചന ഇതായിരുന്നു.

കാര്യങ്ങൾ അന്വേഷിച്ചപ്പോൾ പ്രാർത്ഥനാജീവിതമുള്ള നല്ലൊരു കുടുംബമാണെന്ന് അവർക്കും ബോധ്യമായി. വിവാഹത്തിനു ശേഷവും ഈ സന്തോഷവും സമാധാനവും കൈവെടിയാതെ ജീവിക്കണമെന്നാണ് പയ്യന്റെ ആഗ്രഹം.”

വലിയ സന്തോഷത്തോടെ അദ്ദേഹം തുടർന്നു: “അവന്റെ വാക്കുകൾ എനിക്ക് എന്തെന്നില്ലാത്ത ആനന്ദമാണ് പ്രദാനം ചെയ്തത്. കഷ്ടതകളും ദുരിതങ്ങളുമെല്ലാം ജീവിതത്തിലുണ്ടെങ്കിലും അവയിലൊന്നും പതറാതെ ദൈവത്തെ മുറുകെപ്പിടിച്ചാൽ ഉത്തരം ലഭിക്കുമെന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു.

എന്തുമാത്രം ഊർജ്ജം പകരുന്ന വാക്കുകൾ അല്ലേ?

ക്രിസ്തുവിന്റെ വാക്കുകൾ നമുക്ക് ശക്തി പകരട്ടെ: “ചോദിക്കുവിന്, നിങ്ങള്ക്കു ലഭിക്കും; അന്വേഷിക്കുവിന്, നിങ്ങള് കണ്ടെത്തും; മുട്ടുവിന്, നിങ്ങള്ക്കു തുറന്നുകിട്ടും” (മത്തായി 7:7). അതെ, ജീവിതം പ്രതീക്ഷിക്കാത്ത കയങ്ങളിലൂടെ നീങ്ങുമ്പോഴും പ്രത്യാശയോടെ ദൈവത്തിലേയ്ക്ക് ഉറ്റുനോക്കാൻ നമുക്ക് കഴിയണം. അപ്പോഴാണ് നമ്മുടെ ജീവിതം ദൈവകൃപയുടെ സാഗരമായി മാറുക.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.